'സുരക്ഷയെ മുന്‍നിര്‍ത്തി ഒഴിയണം': യു.പിയിലെ ഗൊരഖ്നാഥ് ക്ഷേത്ര സമീപത്തുനിന്ന് മുസ്‌ലിം കുടുംബങ്ങളോട് മാറിപ്പാര്‍ക്കാന്‍ നിര്‍ദേശം
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഗൊരഖ്‌നാഥ് ക്ഷേത്ര പരിസരത്തെ 11 മുസ്‌ലിം കുടുംബങ്ങളോട് മാറിപ്പാര്‍ക്കാന്‍ നിര്‍ദേശിച്ച് ഗൊരഖ്പൂര്‍ ജില്ലാ ഭരണകൂടം. സുരക്ഷാ ഉദ്ദേശ്യത്തോടെയാണ് നടപടിയെന്നാണ് വിശദീകരണം.
ഒഴിഞ്ഞു പോകുകയാണെങ്കില്‍ അവരുടെ ഭൂമിക്ക് വില നല്‍കാമെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം ഇവിടെ യോഗം വിളിച്ചിരുന്നു. ചിലര്‍ ഒഴിഞ്ഞു പോകാന്‍ തയാറായി. പിന്നാലെ പലരോടും ഒഴിഞ്ഞുപോകല്‍ കരാറില്‍ ഒപ്പിടാന്‍ ഗോരഖ്പൂര്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. മെയ് 28 വരെയായി 10 കുടുംബങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്.
പലരും സമ്മര്‍ദത്തിന് വഴങ്ങിയാണ് ഒപ്പിട്ടതെന്ന് പരാതിയുണ്ട്. മുസ്ലിംകളോട് മാത്രമാണ് ഒഴിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടതെന്ന് പ്രദേശവാസിയായ മുഷീര്‍ അഹമ്മദ് പറഞ്ഞു. മുസ്‌ലിംകള്‍ താമസിക്കുന്ന ഭാഗത്ത് മാത്രമാണ് കുടിയൊഴിപ്പിക്കല്‍ കരാറുണ്ടാക്കിയത്. തങ്ങളുടെ കുടുംബം കഴിഞ്ഞ 125 വര്‍ഷമായി ഇവിടെയാണ് താമസിക്കുന്നത്. പോവാന്‍ തയാറുള്ളവര്‍ പോവട്ടെ. തന്നെപ്പോലുള്ള പാവപ്പെട്ടവര്‍ എവിടെ പോവാനാണെന്നും 70 വയസുകാരനായ മുഷീര്‍ അഹമ്മദ് ചോദിക്കുന്നു.
71 കാരനായ ജാവേദ് അക്തറും ആശങ്കയിലാണ്. ജാവേദിനും മുഷീര്‍ അഹമ്മദിനും മറ്റെവിടെയും സ്വന്തമായി ഭൂമിയില്ല. അഭിഭാഷകരുടെ സഹായത്തോടെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇരുവരും. കോടതിയുടെ ഉപദേശം പോലെ പ്രവര്‍ത്തിക്കുമെന്നും ഇരുവരും പറഞ്ഞു.
അതേസമയം ആരെയും നിര്‍ബന്ധിച്ച് കുടിയൊഴിപ്പിച്ചിട്ടില്ലെന്ന് ഗൊരഖ്പൂര്‍ ജില്ലാ മജിസ്ട്രേറ്റ് വിജേന്ദ്ര പാണ്ഡ്യന്‍ പറഞ്ഞു. ഒഴിഞ്ഞുപോവുന്നവര്‍ക്ക് അവരുടെ ഭൂമിയുടെ വിലയായി കോടികള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."