പുൽവാമ സുരക്ഷാ വീഴ്ച; മൗനം പാലിക്കാൻപ്രധാനമന്ത്രി ആവശ്യപ്പെട്ടു
?ജമ്മു കശ്മിർ മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം വന്ന്, മൂന്നു മാസങ്ങൾക്കു ശേഷമാണ് 2019 ഫെബ്രുവരിയിൽ പുൽവാമ ആക്രമണം ഉണ്ടാകുന്നത്. ആക്രമണത്തെ കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിട്ടും ആയിരത്തോളം വരുന്ന സി.ആർ.പി.എഫ് ജവാന്മാരെ അപായസൂചനയുണ്ടായിരുന്ന പാതയിലൂടെയാണ് കൊണ്ടുപോയത്. ആ സമയത്ത് ഗവർണറായി സേവനമനുഷ്ഠിച്ച അങ്ങേക്ക് വിഷയത്തിൽ എന്ത് വിശദീകരണമാണ് നൽകാനുള്ളത്
ഞാനിവിടെ പറയാൻ പോകുന്നതാണ് ഇതു സംബന്ധിച്ച വസ്തുതകൾ. സംഭവത്തിനു തൊട്ടുമുമ്പ് സി.ആർ.പി.എഫ് എയർക്രാഫ്റ്റ് ആവശ്യപ്പെട്ടിരുന്നു. കാരണം ഇത്രയും വലിയ സൈനികസന്നാഹത്തെ റോഡ് മാർഗം എത്തിക്കുക എന്നത് ബുദ്ധിമുട്ടാണ്. അതിനാൽ ആഭ്യന്തര മന്ത്രാലയത്തോട്, രാജ്നാഥ് ജിയോട് സി.ആർ.പി.എഫ് എയർക്രാഫ്റ്റിനായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യം നിരസിച്ചു. എന്നോടാണ് ആവശ്യപ്പെട്ടിരുന്നതെങ്കിൽ മറ്റൊന്നും ചിന്തിക്കാതെ അനുമതി നൽകുമായിരുന്നു.
കാരണം, അഞ്ച് എയർക്രാഫ്റ്റുകളേ യാത്രക്ക് ആവശ്യമുണ്ടായിരുന്നുള്ളൂ. അന്ന് വൈകിട്ടു തന്നെ വിവരം ഞാൻ പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തു.
അഥവാ, ഇതിനു കാരണം നമ്മളിൽ നിന്നുണ്ടായ പിഴവാണെന്നു തന്നെ ഞാൻ പ്രധാനമന്ത്രിയോടു പറഞ്ഞതാണ്. എന്നാൽ, അദ്ദേഹം എന്നോട് പറഞ്ഞത് ഇപ്പോൾ ഇതിനെക്കുറിച്ച് മിണ്ടാതിരിക്കാനാണ്. അജിത് ഡോവലും ഞാനും സഹപാഠികളും അടുത്ത സുഹൃത്തുക്കളുമാണ്. അദ്ദേഹത്തോടും ഞാൻ നമ്മളിൽ നിന്നു പറ്റിയ പിഴവിനെക്കുറിച്ച് പറഞ്ഞു. പക്ഷേ, അദ്ദേഹവും എന്നോട് മൗനം പാലിക്കാനാണ് ആവശ്യപ്പെട്ടത്. പിന്നീട് കാര്യങ്ങളുടെ പോക്കുകണ്ടപ്പോൾ എനിക്ക് മനസിലായി ഇതിന്റെയെല്ലാ കുറ്റവും പാകിസ്താനിൽ ആരോപിക്കാനുള്ള നീക്കങ്ങളാണെന്ന്. അപ്പോൾ പിന്നെ ഞാനും മിണ്ടാതിരുന്നു.
?അപ്പോൾ താങ്കൾ പറയുന്നത്, പുൽവാമ സ്ഫോടനത്തിൽ മിണ്ടാതെയിരുന്ന് എല്ലാ കുറ്റവും പാകിസ്താനു മേൽ ആരോപിച്ച്, അതുവഴി തെരഞ്ഞെടുപ്പിൽ രാഷ്ട്രീയലാഭം ഉണ്ടാക്കുകയായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യമെന്നാണോ
തീർച്ചയായും അതു തന്നെയാണ് ഇവിടെ നടന്നത്. കാരണം, എനിക്ക് ഇപ്പോഴും ആ ദിവസം വ്യക്തമായി ഓർമയുണ്ട്. മോദി ജിക്ക് അന്ന് ജിം കോർബറ്റ് ദേശീയോദ്യാനത്തിനകത്ത് ഷൂട്ടിങ്ങുണ്ടായിരുന്നു. അതിനകത്ത് ഫോൺ സൗകര്യം ഇല്ലാത്തതിനാൽ പുറത്തെത്തിയിട്ടാണ് അദ്ദേഹത്തെ ഫോണിൽ കിട്ടിയത്. അപ്പോഴാണ് എയർക്രാഫ്റ്റ് നൽകാതിരുന്നത് നമ്മുടെ പിഴവാണെന്നും അതു നൽകിയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും ഞാൻ പറഞ്ഞത്.
?സി.ആർ.പി.എഫ് ജവാന്മാർ കടന്നുപോകുന്ന പാതയിൽ കൃത്യമായ പരിശോധനയും സുരക്ഷയും ഇല്ലായിരുന്നുവെന്ന് താങ്കൾ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. ഇതെല്ലാം ആരുടെ പോരായ്മയാണ്
അതെ. ഈ സൈനികസന്നാഹം കടന്നുപോകുന്ന പാതയിലേക്ക് വിവിധ കൂട്ടുപാതകൾ വന്നുചേരുന്നുണ്ട്. എന്നാൽ ആ വഴിയിലൊന്നും കൃത്യമായി സുരക്ഷാ ഉദ്യോഗസ്ഥരെ കാവലേർപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. എട്ടോ പത്തോ കൂട്ടുപാതകളാണ് ആ പ്രധാനപാതയിലേക്ക് വന്നു ചേരുന്നത്. അതിലൊന്നിൽ പോലും സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. ഇതേക്കുറിച്ചും ഞാനന്ന് പ്രധാനമന്ത്രിയോട് പറഞ്ഞതാണ്. ഇതെല്ലാം നമ്മളിൽ നിന്നുവന്ന പിഴവുകൾ തന്നെയാണ്. പിന്നെ, ഇതെല്ലാം സി.ആർ.പി.എഫിന്റേയും ആഭ്യന്തരമന്ത്രാലയത്തിന്റേയും പോരായ്മയും പ്രാപ്തിക്കുറവുമായേ കാണാൻ സാധിക്കൂ. അന്ന് ഞാനാണ് ആഭ്യന്തരമന്ത്രിയെങ്കിൽ അത് എന്റെ പ്രാപ്തിക്കുറവായേ മനസിലാക്കാനാകൂ. കൂടാതെ, ഞാനാ സ്ഥാനം രാജിവച്ചൊഴിയുകയും ചെയ്യുമായിരുന്നു. കാരണം, രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ വലിയൊരു ദുരന്തമായേ സംഭവത്തെ ഓർക്കാൻ സാധിക്കൂ. നമ്മുടെ പോരായ്മകൊണ്ട് 40 ജവാന്മാരുടെ വിലപ്പെട്ട ജീവനാണ് നഷ്ടമായത്.
?പുൽവാമ സ്ഫോടനത്തിന്റെ എല്ലാ കുറ്റങ്ങളും പാകിസ്താനു മേൽ ആരോപിക്കപ്പെടുകയും അതിന്റെ രാഷ്ട്രീയലാഭം വേണ്ടപ്പെട്ടവർ മുതലെടുക്കുകയും ചെയ്തു. പാകിസ്താനെ ഒരു കാര്യവുമില്ലാതെ ബലിയാടാക്കുകയായിരുന്നു എന്നു താങ്കൾ കരുതുന്നുണ്ടോ
ഒരിക്കലും അങ്ങനെ പറയാനാകില്ല. കാരണം, അത്രയും അധികം സ്ഫോടകവസ്തുക്കൾ ആ പ്രദേശത്തേക്ക് എത്തിക്കാൻ ഈ രാജ്യത്തിനകത്തുനിന്ന് സാധിക്കില്ല. സ്ഫോടകവസ്തു വ്യക്തിയുടെ കൈവശം എത്തിയത് പാകിസ്താൻ വഴി തന്നെയാണ് എന്നതിൽ സംശയമില്ല. എന്നാൽ ഞാനടക്കമുള്ള നമ്മുടെ അധികാരികൾക്ക് കാർ ഇത്രയധികം സ്ഫോടകശേഖരവുമായി വലിയൊരു സുരക്ഷാമേഖലക്കു ചുറ്റും കറങ്ങിനടക്കുന്ന വിവരം അറിയാനും കണ്ടെത്താനും സാധിച്ചില്ലെന്നത് നമ്മുടെ ഭാഗത്തു നിന്നു തന്നെയുണ്ടായ വലിയ പിഴവാണ്. മുന്നൂറ് കിലോ ആർ.ഡി.എക്സുമായി കാർ കശ്മിർ ഗ്രാമങ്ങളിലൂടെ അല്ലെങ്കിൽ ഈയൊരു സുരക്ഷാമേഖലയിലൂടെ പത്തു പതിനൊന്ന് ദിവസം കറങ്ങിനടക്കുന്നത് കണ്ടെത്താൻ സാധിക്കാത്തതിലും വലിയൊരു സുരക്ഷാവീഴ്ച്ച മറ്റെന്താണുള്ളത്? ഇത് സുരക്ഷാ ഏജൻസികളിൽ നിന്നു മാത്രമല്ല, സംസ്ഥാനത്തിന്റെ അധികാരം കൈവശം വച്ചിരുന്ന ഞാനടക്കമുള്ള എല്ലാ ഭരണസംവിധാനത്തിന്റേയും പിഴവായേ കാണാൻ സാധിക്കൂ.
?അപ്പോൾ താങ്കൾ പറയുന്നത് മിസ്റ്റർ. മോദി പുൽവാമയെ രാഷ്ട്രീയ ആയുധമാക്കി അതിൽ നിന്ന് ലാഭമുണ്ടാക്കിയെന്നാണോ
എനിക്ക് നിങ്ങൾ പറയുന്ന ഈ ഭാഷയിൽ സംസാരിക്കാൻ സാധിക്കില്ല. ഞാനെന്റെ രീതിയിൽ പറയുകയാണെങ്കിൽ, പുൽവാമ സംഭവത്തിനു ചില അടിസ്ഥാന കാരണങ്ങളുണ്ടായിട്ടുണ്ട്. ആ കാരണങ്ങളെ കണ്ടെന്നു നടിക്കാതെ എല്ലാം മറ്റാരുടെയോ മേൽ പഴിചാരുകയാണ് ചെയ്തത്. സർക്കാരിനെ സംബന്ധിച്ചേടത്തോളം പുൽവാമ സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഴുവനായും ജനങ്ങളെ അറിയിക്കാതിരിക്കാനും അതിനെ മറ്റൊരു മാർഗത്തിൽ ഉപയോഗപ്പെടുത്താനും തക്കതായ കാരണങ്ങളുമുണ്ടായിരുന്നു എന്നു പറയുന്നതാവും ശരി.
? ഭരണഘടനാ അനുച്ഛേദം-370 ഇല്ലാതാക്കുക എന്നത് ബി.ജെ.പിയുടെ കാലങ്ങളായുള്ള നീക്കമാണ്. എന്നാൽ എന്തിനാണ് ജമ്മു കശ്മിർ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയത്. കശ്മിരികളെ അവഹേളിക്കുന്നതിനു തുല്ല്യമല്ലേ അത്? അങ്ങനെയൊന്നും സംഭവിക്കില്ലെന്നും അതെല്ലാം ഊഹാപോഹങ്ങൾ മാത്രമാണെന്നും അങ്ങ് എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നുമുണ്ട്. താങ്കളടക്കം ഒരു ജനതയുടെ ശ്രദ്ധ തിരിച്ചുവിടുകയായിരുന്നില്ലേ
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനേക്കാൾ ഒരുപക്ഷേ, കശ്മിരികൾക്ക് അസഹ്യമായി തോന്നിയത് സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയതായിരിക്കണം. ഇതു സംബന്ധിച്ച് എന്നോട് യാതൊന്നും ചർച്ച ചെയ്തിട്ടില്ല. ഒരുപക്ഷേ, ചോദിച്ചിരുന്നെങ്കിൽ ഇതിനു ഞാനനുവദിക്കുമായിരുന്നില്ല. പൊലിസിന്റെ ഭാഗത്തു നിന്ന് എതിർപ്പുണ്ടാകുമെന്ന് കരുതിയാണ് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയതെന്നാണ് ഞാൻ മനസിലാക്കുന്നത്. കാരണം, കേന്ദ്രഭരണ പ്രദേശമാക്കുന്നതിലൂടെ പൊലിസ് സേന നേരിട്ട് കേന്ദ്രത്തിന്റെ കീഴിലേക്ക് വരുമല്ലോ. എന്നാൽ അവിടുത്തെ പൊലിസ് സേനക്ക് അങ്ങനെയൊരു അജൻഡയേ ഇല്ലായിരുന്നു. സാങ്കൽപ്പികമായൊരു ഭയത്തിനു പുറത്താണ് സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നത്. ലഡാക്കിനെ സംസ്ഥാനത്തിൽ നിന്നും വേർപ്പെടുത്തുന്നതിനെ കുറിച്ചും എന്നോട് സംസാരിച്ചിട്ടില്ല.
?റിലയൻസ് ഇൻഷുറൻസ് കശ്മിരിൽ ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നതിനായി പദ്ധതിയുണ്ടായിരുന്നുവെന്നും അതിനായി രാം മാധവ് രാവിലെ ഏഴിന് താങ്കളുടെ വസതിയിൽ കാണാൻ വന്നിരുന്നുവെന്നും യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ കണ്ടു. താങ്കളെ കണ്ട് പദ്ധതിയിൽ അനുകൂല നിലപാട് എടുപ്പിക്കാൻ വന്ന രാം മാധവിനോട് ഞാൻ തെറ്റായൊന്നും ചെയ്യില്ല എന്ന് പറഞ്ഞതായി അറിഞ്ഞു. താങ്കളോട് തെറ്റായി എന്ത് ചെയ്യാനാണ് രാം മാധവ് ആവശ്യപ്പെട്ടത്? താങ്കളൊരു ധൈര്യശാലിയാണെന്നും അത് പുറത്തുപറയാൻ മടിക്കില്ലെന്നും എനിക്കറിയാം. തനിക്ക് 300 കോടി വാഗ്ദാനം ചെയ്തുവെന്നും താങ്കൾ പറഞ്ഞതായി കണ്ടു
അക്കാര്യം ഞാനിപ്പോൾ പറഞ്ഞാൽ എനിക്കെതിരേ നാളെ അപകീർത്തി നോട്ടിസ് വരും. ഇൻഷുറൻസ് പദ്ധതിയുടെ പേപ്പറുകൾ ഞാൻ അന്തിമതീരുമാനമെടുത്ത് തിരിച്ചയച്ചു. ആ കടലാസുകൾ എന്റെ പക്കൽ നിന്ന് നീങ്ങി എന്നറിഞ്ഞതോടെ രാം മാധവ് നിരാശനായി. പിന്നെ, 300 കോടി എനിക്ക് തരാമെന്ന് ആരും വാഗ്ദാനം ചെയ്തിട്ടില്ല. റിലയൻസിന്റെ ഹൈഡൽ പദ്ധതിക്കും ഇൻഷുറൻസ് പദ്ധതിക്കുമായി 300 കോടിയുടെ ഇടപാട് നടക്കും. അഥവാ, ആരാണോ അതിനുവേണ്ട നീക്കുപോക്കുകൾ നടത്തുന്നത് അവർക്ക് ആ തുക ലഭിക്കും എന്നാണ് ഞാൻ പറഞ്ഞത്. എന്നാൽ രണ്ടിനും ഞാൻ അനുമതി നൽകിയില്ല.
?ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ താങ്കളെ ചോദ്യം ചെയ്തപ്പോൾ താങ്കൾ അത് മോദി ജിയുടെ ആളുകളാണ് എന്നാണ് പറഞ്ഞത്. അതിനർഥം ഇതിൽ പ്രധാനമന്ത്രി മോദിയും ഉൾപ്പെട്ടിട്ടുണ്ട് എന്നാണോ
അങ്ങനെ ഞാൻ പറയില്ല. ഇതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത് രാം മാധവ്, അംബാനി, ഹസീബ് ധ്രാബു എന്നിവരാണ്. ഇവരാണ് ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങൾക്കും എന്നെ സമീപിച്ചതും. പ്രധാനമന്ത്രി ഇതിന്റെയെല്ലാം ഭാഗമാണെന്ന് ഞാൻ പറയില്ല. പക്ഷേ, ഒരു കാര്യം എനിക്ക് പറയാൻ സാധിക്കും. അദ്ദേഹത്തിന് അഴിമതിയോട് നാം പ്രതീക്ഷിച്ചത്ര വെറുപ്പില്ല. കാരണം, ഞാൻ ഗോവയിലായിരിക്കുമ്പോൾ വളരെ വ്യക്തമായൊരു അഴിമതിയെ കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ചു. എന്നാൽ അവിടുന്ന് ഒരാഴ്ച്ച കഴിഞ്ഞ് എനിക്ക് സ്ഥലം മാറ്റം ലഭിച്ചു. അങ്ങനെയാണെങ്കിൽ, അദ്ദേഹത്തിന് അഴിമതിയോട് അത്രക്ക് പ്രശ്നമുണ്ടെന്ന് എങ്ങനെ കരുതാൻ സാധിക്കും. ഗോവയിലെ കുട്ടികളോട് ചോദിച്ചാൽ നിങ്ങൾക്ക് അറിയാൻ സാധിക്കും അവിടുത്തെ മുഖ്യമന്ത്രിയുടെ അഴിമതിയെ കുറിച്ച്. അതിനെ കുറിച്ച് പറഞ്ഞതിനാണ് എന്നെ പ്രത്യേക വിമാനം ഏർപ്പാടാക്കി ഉടനടി സ്ഥലം മാറ്റിയത്. എന്നാൽ, കശ്മിരിൽ നിന്ന് സ്ഥലം മാറ്റിയത് പ്രോട്ടോക്കോൾ സംബന്ധമായ നടപടിയെ തുടർന്നാണ്. അവിടുത്തെ അഴിമതി വിഷയത്തിൽ വാസ്തവത്തിൽ പ്രധാനമന്ത്രി എനിക്ക് പിന്തുണ നൽകിയിട്ടുണ്ട്.
? കഴിഞ്ഞ വർഷം ജനുവരിയിൽ ഹരിയാന ദാദ്രിയിലെ ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രിയെ താങ്കൾ സന്ദർശിച്ചതിനു ശേഷം പറഞ്ഞ കാര്യങ്ങൾ പ്രസക്തമാണ്. എന്താണ് പ്രധാനമന്ത്രിയെ കുറിച്ചുള്ള അങ്ങയുടെ നിലവിലെ അഭിപ്രായം
ഈ ലോകത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള അഭിപ്രായമല്ല ഏതായാലും എനിക്കുള്ളത്. കശ്മിർ വിഷയത്തിൽ പലപ്പോഴും അദ്ദേഹം കാര്യങ്ങളുടെ വസ്തുത അറിയാതെയാണ് നിലപാടെടുക്കുന്നത്. വാസ്തവത്തിൽ പല കാര്യങ്ങളെ കുറിച്ചും അദ്ദേഹത്തിന് അറിവില്ല, അല്ലെങ്കിൽ അജ്ഞനാണ്. കശ്മിർ സംബന്ധമായ വിഷയങ്ങളിൽ പലതവണ ഞാൻ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. എന്നാൽ അപ്പോഴൊക്കെ മനസിലാക്കാൻ സാധിച്ചത് കശ്മിരിൽ നടക്കുന്നതു സംബന്ധിച്ച് അദ്ദേഹത്തിനുള്ള അറിവ് വളരെ കുറവാണെന്നാണ്.
?മുസ്ലിംകളെ അവഹേളിക്കുന്ന മന്ത്രിമാരെയോ മുഖ്യമന്ത്രിമാരെയോ അതിൽ നിന്നു തടയാൻ പ്രധാനമന്ത്രി യാതൊന്നും ചെയ്യുന്നില്ല. അദ്ദേഹം തന്നെ പല വിവാദ പരാമർശങ്ങളും നടത്തുകയും ചെയ്തു. ഈ രാജ്യത്തെ മുസ്ലിം പൗരന്മാരെ പറ്റി ഇങ്ങനെ സംസാരിക്കുന്നത് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ചേർന്നതാണോ
ഒരിക്കലുമല്ല. മുസ്ലിംകളെ മാറ്റി നിർത്തി ഈ രാജ്യം എങ്ങനെ നിലനിൽക്കാനാണ്. ഇത്രയും ഉത്തമമായൊരു സമുദായത്തിൽ നിന്ന് രാജ്യത്തിനു എന്തെല്ലാം സംഭാവനകളാണ് ലഭിച്ചിട്ടുള്ളത്. അതൊന്നും കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ല. ഈ രാജ്യത്തെ വലിയൊരു ന്യൂനപക്ഷത്തെ അപരവത്ക്കരിക്കുന്നത് നല്ല ഭരണകൂടത്തിനു ചേർന്നതല്ല.
?ഗവർണറെ നിയമിക്കുമ്പോൾ പ്രതിപക്ഷത്തിനോടു കൂടിയാലോചിച്ചു വേണം നിയമിക്കാൻ എന്നൊരു അഭിപ്രായം അങ്ങേക്കുള്ളതായി അറിയാൻ സാധിച്ചു
അതെ. ഞാനങ്ങനെ തന്നെയാണ് കരുതുന്നത്. വളരെ താഴ്ന്ന നിലവാരത്തിലുള്ളവരൊക്കെ ഇന്ന് ഗവർണർമാരായി നിയമിക്കപ്പെടുന്നുണ്ട്. സുപ്രിംകോടതിയിൽ നിയമനം നടക്കുന്നതിനും സമാനമായി ഒരു കൊളീജിയം പോലുള്ള സംവിധാനത്തിലൂടെ യോഗ്യതയും നിലവാരവും ഉറപ്പാക്കി വേണം ഗവർണറെ നിയമിക്കാൻ എന്നാണ് എന്റെ അഭിപ്രായം. വൈസ് ചാൻസലർ നിയമനങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. കഴിഞ്ഞ വർഷങ്ങളിലായി ഇവിടുത്തെ കേന്ദ്ര സർവകലാശാലകളിൽ നിയമിതരായ വൈസ് ചാൻസലർമാരിൽ ആർക്കാണ് സംഘ്പരിവാർ ബന്ധമില്ലാത്തത്.
തന്നിൽ നിന്നും സംഭവിച്ച വീഴ്ച്ചകളും നിലപാടു മാറ്റങ്ങളും സമ്മതിച്ചും വ്യക്തമാക്കിയും പുരോഗമിച്ച അഭിമുഖത്തിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതു സംബന്ധിച്ചും അദാനി വിഷയത്തിലും മെഹ്ബൂബ മുഫ്തി സർക്കാരിനെ കുറിച്ചുമെല്ലാം ചർച്ചകളുണ്ടായി.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചു നിൽക്കുന്നതായും ഇത്രയെങ്കിലും തന്റെ കടമയായി ചെയ്യണം എന്നു പറഞ്ഞാണ് സത്യപാൽ മാലിക് സംസാരം അവസാനിപ്പിക്കുന്നത്. ഉന്നത സുരക്ഷ ലഭിക്കേണ്ട പദവിയിലിരുന്ന വ്യക്തിയായിട്ടു പോലും തനിക്ക് മതിയായ സുരക്ഷ ഇല്ലെന്നും എന്നാൽ അതിനെയൊന്നും താൻ ഭയക്കുന്നില്ലെന്നും സത്യപാൽ മാലിക് കൂട്ടിച്ചേർത്തു.
സമകാലിക ഇന്ത്യയുടെ രാഷ്ട്രീയത്തിൽ വ്യക്തമായ ചലനങ്ങളുണ്ടാക്കിയേക്കാവുന്ന വിവരങ്ങളാണ് സുപ്രധാന പദവിയിലിരുന്ന വ്യക്തിയിൽ നിന്ന് പുറത്തുവന്നതെന്നതിനാൽ ഈ അഭിമുഖം മോദി ഭരണകൂടത്തെ പ്രതിസന്ധിയിലാക്കുമെന്നതിൽ സംശയമില്ല.
അഴിമതി തുടച്ചു നീക്കുമെന്നും നീക്കിയെന്നും മറ്റെല്ലാ കക്ഷികളേയും അഴിമതിയുടെ പേരിൽ നിരന്തരം വിമർശിക്കുകയും വേട്ടയാടുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെ സ്വന്തം ആളുകൾ അദ്ദേഹത്തിനു കൺമുമ്പിൽ നടത്തുന്ന അഴിമതികളെ പേരു സഹിതം വെളിപ്പെടുത്തിക്കൊണ്ട് വലിയൊരു രാഷ്ട്രീയ പ്രതിസന്ധിക്കാണ് പ്രശസ്ത മാധ്യമപ്രവർത്തകൻ കരൺ ഥാപ്പർ നടത്തിയ അഭിമുഖം വഴിവച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."