കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ആദ്യ ബജറ്റ്; നികുതികള്‍ കൂട്ടിയേക്കും
തിരുവനന്തപുരം: പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് രാവിലെ ഒന്‍പതിന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. വലിയ വെല്ലുവിളയാണ് സംസ്ഥാനത്തെയും അതിലുപരി പുതിയ ധനമമന്ത്രിയെയും കാത്തിരിക്കുന്നത്. കൊവിഡ് കാലത്ത് എന്തു മാജിക്കാണ് കാണിക്കാനാവുക എന്നറിയാന്‍ രാവിലെ വരെ കാത്തിരിക്കണം. നേരത്തെ മന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് തുടരുമെന്ന സൂചന മന്ത്രി നല്‍കിയിരുന്നു.
പുതിയ നികുതിനിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടായേക്കും. നയപ്രഖ്യാപനത്തില്‍ കൊവിഡ് നയത്തെക്കുറിച്ച് പറഞ്ഞില്ലെന്ന വിമര്‍ശനമുയര്‍ന്നതിനാല്‍ ചില പദ്ധതികള്‍ പുതുതായി പ്രഖ്യാപിച്ചേക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി ആവര്‍ത്തിക്കുന്നുണ്ട്. മോട്ടോര്‍വാഹന നികുതി, കെട്ടിടനികുതി, മദ്യനികുതി, പെട്രോള്‍ നികുതി, കെട്ടിട- ഭൂനികുതികള്‍ എന്നിവയില്‍ വര്‍ധനവുണ്ടായേക്കും.
കൊവിഡ് രണ്ടാം തരംഗത്തോടെ സംസ്ഥാനം നിശ്ചലമായത് ഇനിയുള്ള മാസങ്ങളിലെ നികുതിവരുമാനത്തെ പ്രതികൂലമായി ബാധിക്കും. കൊവിഡ് മൂലമുള്ള ചെലവുകള്‍ കൂടും. വാക്‌സിനായി കൂടുതല്‍ പണം കണ്ടെത്തേണ്ടിവരും.
ഭൂമി ന്യായവിലയിലും 10 ശതമാനം വര്‍ധനയുണ്ടായേക്കും. സര്‍ക്കാര്‍ ഓഫിസുകളിലെ സേവനങ്ങള്‍ക്കുള്ള ഫീസും വര്‍ധിപ്പിച്ചേക്കും. ചരക്ക്, സേവന നികുതികളില്‍ ജി.എസ്.ടി കൗണ്‍സിലാണ് തീരുമാനമെടുക്കുന്നത്. ജനറല്‍ സെയില്‍സ് ടാക്‌സ് വിഭാഗത്തിലെ നികുതികളും നോണ്‍ ടാക്‌സ് വിഭാഗത്തില്‍നിന്നുള്ള വരുമാനവും മാത്രമേ സംസ്ഥാനത്തിന് വര്‍ധിപ്പിക്കാനാകൂ. ധനക്കമ്മി നികത്താനായി കേന്ദ്ര ധനകാര്യ കമ്മിഷന്‍ അനുവദിച്ച 19,890 കോടി രൂപയും അധിക വരുമാനമായി ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."