ബുൾഡോസർ രാഷ്ട്രീയം ആർ.എസ്.എസിന്റെ വർഗീയ അജൻഡ
കോഴിക്കോട്
കേന്ദ്രം പിന്തുടരുന്ന ബുൾഡോസർ രാഷ്ട്രീയത്തിന് പിന്നിൽ ആർ.എസ്.എസിന്റെ വർഗീയ അജൻഡയാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.
അയോധ്യയ്ക്കുശേഷം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്ക് സുരക്ഷിതമല്ലാത്ത അവസ്ഥയാണ്. ഭരണഘടന സംരക്ഷണ സമിതി ടാഗോർ ഹാളിൽ സംഘടിപ്പിച്ച പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബൃന്ദ.
ബുൾഡോസർ ആർ.എസ്.എസിന് ഒരു ആശയം കൂടിയാണ്. ഭരണഘടന മൂല്യങ്ങൾക്ക് എതിരേ മാത്രമല്ല, ചരിത്രത്തിന് മുകളിലും അത് ഉപയോഗിക്കാനാണ് അവരുടെ ശ്രമം. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും സ്ത്രീകളുടെയും അവകാശങ്ങൾ കവർന്നെടുക്കാനും അവരത് ഉപയോഗിക്കും. ആരാധനാലയങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് 1991ൽ പാസാക്കിയ നിയമാണ് ലംഘിക്കപ്പെടുന്നത്. ജ്ഞാൻവാപി പള്ളിയിലും അതാണ് കണ്ടത്.
ചരിത്രസ്മാരകങ്ങളായ കുത്തബ് മിനാറിനെയും താജ്മഹലിനെയും അവർ ലക്ഷ്യമിട്ടിരിക്കുകയാണെന്നും ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. ഡോ.കെ.ടി ജലീൽ എം.എൽ.എ, ടി.പി അബ്ദുല്ല കോയ മദനി. ഫാദർ മാത്യൂസ് വാഴക്കുന്നം, വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീ ദേവി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, കെ.പി രാമനുണ്ണി, എ.എ നാസർ, എ. പ്രദീപ് കുമാർ, പി. മോഹനൻ മാസ്റ്റർ, കെ.ടി കുഞ്ഞിക്കണ്ണൻ, ഡോ.ഖദീജ മുംതാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."