സന്ദര്‍ശകരേ ഇതിലേ ഇതിലേ…വിവിധ രാജ്യക്കാര്‍ക്കായി ഹയ്യാ ഇ- വിസ പ്രഖ്യാപിച്ച് ഖത്തര്‍
ദോഹ: വിനോദ സഞ്ചാരത്തിന്റെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ പുതിയ ചുവടുവെപ്പുമായി ഖത്തര്‍. മൂന്ന് കാറ്റഗറിയില്‍ ഹയ്യാ - ഇവിസ ലഭ്യമാക്കാനൊരുങ്ങുകയാണ് ഖത്തര്‍.. ലോകകപ്പിനു പിന്നാലെ ഹയ്യാ പ്ലാറ്റ്‌ഫോമിനെ അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്കുള്ള ഏകജാലകമാക്കുകയാണ് ഇതുവഴി ഈ കുഞ്ഞു രാജ്യം. വിനോേദ സഞ്ചാരികളെ ഇടവേളകളില്ലാതെ സ്വാഗതം ചെയ്യുന്നതാണ് പുതിയ നീക്കം.
ലോകകപ്പ് ഫുട്ബാള്‍ ആതിഥേയരായി ലോകമെങ്ങുമുള്ള സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളില്‍ ഒന്നായ ഖത്തറിനെ അറബ് ലോകത്തെ ഒന്നാം നമ്പര്‍ ടൂറിസ്റ്റ് കേന്ദ്രമാക്കുക എന്ന ലക്ഷ്യവുമായാണ് ഖത്തര്‍ ടൂറിസം ഹയ്യാ ഇ വിസ പ്രഖ്യാപിച്ചത്. പൗരത്വം, റെസിഡന്‍സി, യാത്രക്കാരന്റെ രാജ്യാന്തര വിസ എന്നിവ അടിസ്ഥാനമാക്കിയാണ് പുതിയ ഇ വിസ. മൂന്ന് കാറ്റഗറിയില്‍ ഇ വിസ ലഭ്യമാവുമെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഖത്തര്‍ എയര്‍വേസ് ഗ്രൂപ്പ് സി.ഇ.ഒയും ഖത്തര്‍ ടൂറിസം ചെയര്‍മാനുമായ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.
എ വണ്‍, എ ടു, എത്രീ എന്നീ മൂന്ന് കാറ്റഗറികളിലായാണ് ഇ വിസകള്‍ ലഭ്യമാക്കുന്നത്. വിസ ഓണ്‍ അറൈവല്‍ അല്ലെങ്കില്‍ വീസ ഫ്രീ എന്‍ട്രി എന്നിവയ്ക്ക് യോഗ്യരല്ലാത്തവര്‍ക്കുള്ളതാണ് ആദ്യത്തെ ഇവിസ വിഭാഗം. എ ടു വിഭാഗത്തില്‍ ജി.സി.സി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് പ്രഫഷന്‍ ബാധകമല്ലാതെ ഇ വിസകള്‍ ലഭ്യമാകും. മൂന്നാമത്തെ വിഭാഗമായ 'എ ത്രീ' പ്രകാരം ഷെന്‍ഗണ്‍, ബ്രിട്ടന്‍, അമേരിക്ക, കാനഡ, ന്യൂസിലന്‍ഡ്, ആസ്‌ത്രേലിയ താമസക്കാര്‍ക്കും വിസയുള്ളവര്‍ക്കും ഡിസ്‌കവര്‍ ഖത്തര്‍ വഴിയുള്ള താമസബുക്കിങ് ഇല്ലാതെ തന്നെ ലഭ്യമാവുന്ന ഇ വിസയാണ്.
നിലവില്‍ 95 ലധികം രാജ്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ അല്ലെങ്കില്‍ വിസ ഫ്രീ എന്‍ട്രിയിലൂടെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിയുന്നുണ്ട്. പുതിയ ഇവിസ വിഭാഗങ്ങള്‍ കൂടുതല്‍ സന്ദര്‍ശകര്‍ക്ക് എളുപ്പത്തിലുള്ള പ്രവേശനമാണ് നല്‍കുന്നതെന്ന് ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ അക്ബര്‍ അല്‍ ബാകിര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഹയ്യാ പ്ലാറ്റ്‌ഫോം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സഈദ് അല്‍ കുവാരിയും പങ്കെടുത്തു.
ലോകകപ്പിനു പിന്നാലെ ഖത്തറിലേക്കുള്ള സഞ്ചാരികളുടെ വരവ് പതിന്മടങ്ങ് വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു. ലോകകപ്പിന്റെ വിജയകരമായ സംഘാടനം സന്ദര്‍ശകരുടെ ഒഴുക്കിന് തുണയായി. 2023 ആദ്യപാദത്തില്‍ സന്ദര്‍ശകരുടെ എണ്ണം പുതിയ റെക്കോഡുകളാണ് സൃഷ്ടിച്ചത്. മാര്‍ച്ച് മാസത്തില്‍ മാത്രം 10 ലക്ഷത്തിലേറെ പേര്‍ പുതിയ സന്ദര്‍ശകരായി എത്തി. ഹയ്യാ സന്ദര്‍ശകരും, ക്രൂസ് സന്ദര്‍ശകരും ഉള്‍പ്പെടെ യാത്രക്കാരുടെ എണ്ണം ദശലക്ഷം കടന്നതായി അദ്ദേഹം പറഞ്ഞു.
ലോകകപ്പ് വേളയില്‍ ഹയ്യാ പ്രവേശനം വഴി 14 ലക്ഷം സന്ദര്‍ശകര്‍ എത്തിയതായി അക്ബര്‍ അല്‍ ബാകിര്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. 2030ഓടെ പ്രതിവര്‍ഷം 60 ലക്ഷം സന്ദര്‍ശകര്‍ എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യത്തിന്റെ ടൂറിസം മേഖല തയ്യാറെടുക്കുന്നതെന്ന് അക്ബര്‍ അല്‍ ബാകിര്‍ വിശദീകരിച്ചു. പതിനഞ്ചിലധികം അറബ് രാജ്യക്കാര്‍ക്ക് ഖത്തറിലേയ്ക്കുള്ള പ്രവേശനം കൂടുതല്‍ സുഗമമാക്കുന്നതാണ് പുതിയ ഇവിസ വിഭാഗങ്ങള്‍.
അപേക്ഷിക്കുന്ന രാജ്യത്തെ ആശ്രയിച്ചാണ് ഇ വിസ കാലാവധി നിശ്ചയിക്കുന്നത്. പൊതുവെ 30 ദിവസമായിരിക്കും കാലാവധി. അപേക്ഷിച്ച് 48 മണിക്കുറിനുള്ളില്‍ വിസ നടപടിക്രമം സംബന്ധിച്ച് പ്രതികരണം ലഭ്യമാകുമെന്നും അറിയിച്ചു. ഹയ്യാ ഇ വിസക്കൊപ്പം നേരത്തെ നിലവിലുള്ള വിസ ഓണ്‍ അറൈവല്‍ സേവനം പതിവ് പോലെ തന്നെ ലഭ്യമാണ്.
എങ്ങനെ അപേക്ഷിക്കാം
നേരത്തെ പറഞ്ഞ വിഭാഗക്കാര്‍ക്ക് ലളിതമായ നടപടികളിലൂടെ ഇവിസക്ക് അപേക്ഷിക്കാവുന്നതാണ് www.hayya.qa വെബ്‌സൈറ്റ് അല്ലെങ്കില്‍ ഹയ്യാ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത്, ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച അപേക്ഷിക്കാം. ഫീസ് ആവശ്യമായ വിഭാഗക്കാര്‍ ഫീസും അടക്കണം. 100 റിയാല്‍ മുതലാണ് ചാര്‍ജ് ഈടാക്കുന്നത്. റിട്ടേണ്‍ ഉള്‍പ്പെടെ യാത്രാ ടിക്കറ്റ്, മൂന്ന് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, ഹോട്ടല്‍ ബുക്കിങ്/ഫാമിലിഫ്രണ്ട്‌സ് അക്കമഡേഷന്‍ സ്ഥിരീകരണം (ഷെന്‍ഗണ്‍, അമേരിക്ക തുടങ്ങി വിസയുള്ള ആറ് രാജ്യക്കാര്‍ക്ക് ബുക്കിങ് വേണ്ട), 30 ദിവസത്തില്‍ അധികം തങ്ങുന്നുവെങ്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എന്നീ രേഖകളും ആവശ്യമാണ്.
ഹയ്യ ഇ വിസ വഴിയെത്തുന്നവര്‍ക്ക് ഹമദ് വിമാനത്താവളത്തില്‍ ഇ ഗേറ്റ് സൗകര്യം ഉപയോഗപ്പെടുത്താം.
ഹയ്യാ ഇ വിസകള്‍
- A1 വിസ ഓണ്‍ അറൈവല്‍/ വിസ ഫ്രീ എന്‍ട്രി ഇല്ലാത്ത രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക്
- A2 ജി.സി.സി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് പ്രഫഷന്‍ ബാധകമല്ലാതെ
- A3 ഷെന്‍ഗണ്‍, ബ്രിട്ടന്‍, അമേരിക്ക, കാനഡ, ന്യൂസിലന്‍ഡ്, ആസ്‌ട്രേലിയ വിസ/താമസക്കാര്‍ക്ക് ഡിസ്‌കവര്‍ ഖത്തര്‍ താമസ ബുക്കിങ് ഇല്ലാതെ ഇ വിസ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."