ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കാനുറച്ച് രാജസ്ഥാനും
ജയ്പൂർ
പശ്ചിമബംഗാളിന് പിന്നാലെ സർവകലാശാലകളുടെ ചാൻസലർ പദവി ഗവർണറിൽ നിന്ന് എടുത്തുകളയാനുള്ള നീക്കവുമായി രാജസ്ഥാനും.
സംസ്ഥാന സർക്കാരിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലും ചാൻസലർമാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി നിയമനിർമാണം നടത്തും. ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. ഇതോടെ ഗവർണർ സർവകലാശാലകളിലെ വിസിറ്റർ മാത്രമാവും. ഗവർണർ കൽരാജ് മിശ്രയും സർക്കാരും തമ്മിലുള്ള പോര് കനക്കുന്നതിനിടെയാണ് നീക്കം.
നിലവിൽ സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം ചാൻസലർ എന്ന നിലയിൽ ഗവർണർക്കാണ്.
ഗവർണറിൽ നിന്ന് ചാൻസലർ പദവി എടുത്തുകളയാൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നേരത്തെ തീരുമാനിച്ചിരുന്നു. ബംഗാളിലും തമിഴ്‌നാട്ടിലും സമാന ബിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കോൺഗ്രസ് ഭരിക്കുന്ന സർക്കാർ ഇത്തരമൊരു നീക്കവുമായി രംഗത്തെത്തുന്നത് ആദ്യമായാണ്.
സർവകലാശാലകളുമായി ബന്ധപ്പെട്ട് സർക്കാർ മുന്നോട്ടുവയ്ക്കുന്ന നിരവധി ശുപാർശകൾ ഗവർണർ തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് രാജസ്ഥാനിലെ അശോക് ഗെലോട്ട് സർക്കാരിൻ്റെ നടപടി.
പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർ അനാവശ്യ ഇടപെടൽ നടത്തുന്നത് പലയിടത്തും പ്രശ്‌നം സൃഷ്ടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."