മെറിറ്റ് സ്‌കോളര്‍ഷിപ്പ്: കോടതി വിധി ബാധകമാകുക മൂന്ന് ഉത്തരവുകള്‍ക്കുമാത്രം
കൊച്ചി: ന്യൂനപക്ഷ മെറിറ്റ് സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ബാധകമാകുക സംസ്ഥാന സര്‍ക്കാരിന്റെ മൂന്ന് ഉത്തരവുകള്‍ക്കുമാത്രം. മൊത്തം ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങളും ഈ വിധിയുടെ പരിധിയില്‍ വരുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്ന പാലൊളി കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ മൂന്ന് ന്യൂനപക്ഷ ക്ഷേമ പദ്ധതികളാണ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്.
പാലൊളി കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അന്നത്തെ അച്യുതാനന്ദന്‍ സര്‍ക്കാര്‍ 2011ല്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക മെറിറ്റ് സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ഇതനുസരിച്ച് മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ബിരുദ, ബിരുദാന്തര കോഴ്‌സുകളില്‍ പഠിക്കുന്നതിന് സ്റ്റൈപന്‍ഡ്, ഹോസ്റ്റല്‍ ഫീ ഇനത്തില്‍ പ്രത്യേക സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരുന്നു. സി.എ, ഐ.സി.ഡബ്‌ള്യു കോഴ്‌സുകള്‍ പഠിക്കുന്നതിന് ആറ് ലക്ഷത്തില്‍ താഴെ വരുമാനമുള്ള വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുപുറമെ ന്യൂനപക്ഷ ക്ഷേമ സെല്‍ തുടങ്ങാനും ഉത്തരവിട്ടിരുന്നു.
2015ല്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ മേല്‍പറഞ്ഞ മുസ്‌ലിം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ 20ശതമാനം ലത്തീന്‍ കത്തോലിക്കര്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും സ്ഥിരപ്പെടുത്തിക്കൊണ്ട് 80:20 അനുപാതം ഏര്‍പ്പെടുത്തുകയും ചെയ്തു. ഈ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ ചോദ്യം ചെയ്തുള്ള ഹരജിയില്‍ വിധി വന്നതോടെ ന്യൂനപക്ഷ ക്ഷേമ സെല്‍ ഇല്ലാതാകുകയും മറ്റ് രണ്ട് സ്‌കോളര്‍ഷിപ്പുകളുടെ അനുപാതം ജനസംഖ്യാനുപാതികമായി പുതുക്കി നിശ്ചയിക്കാന്‍ കോടതി ഉത്തരവിടുകയുമാണ് ചെയ്തത്. അതായത് പ്രസ്തുത കോടതി വിധി ഈ മൂന്ന് ഉത്തരവുകള്‍ക്ക് മാത്രമാണ് ബാധകമാകുക എന്ന് വ്യക്തം. എന്നാല്‍ മൊത്തം ന്യൂനപക്ഷ ക്ഷേമപദ്ദതികള്‍ക്കും ജനസംഖ്യാടിസ്ഥാനത്തിലുള്ള അനുപാതം ബാധകമാണ് എന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്. ഇതോടൊപ്പം തന്നെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുസ്‌ലിം വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ ക്ഷേമ പദ്ധതികളെ കോടതിയിലേക്ക് വലിച്ചിഴക്കുന്നതിനുള്ള നീക്കവും ഒരു ഭാഗത്ത് നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."