സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പ്രത്യേക വകുപ്പ് രൂപീകരിക്കണം: മുസ്‌ലിം ലീഗ്
തിരുവനന്തപുരം: സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സംസ്ഥാനത്ത് പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്‍കി.
മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി, നേതാക്കളായ ഡോ. എം.കെ മുനീര്‍, കെ.പി.എ മജീദ് എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് സര്‍വകക്ഷിയോഗം ചേരാനിരിക്കുകയാണ്.മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ ഹൈക്കോടതി വിധിയിലൂടെ ഇല്ലാതായിരിക്കുകയാണെന്നും 80:20 അനുപാതത്തിലൂടെ ലത്തീന്‍ കത്തോലിക്കാ വിഭാഗം ഉള്‍പ്പെടെയുള്ള പിന്നോക്ക ക്രിസ്ത്യാനികള്‍ക്ക് അനുവദിച്ചുവന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കൂടി നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും നിവേദനത്തില്‍ പറയുന്നു.
മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പഠിച്ച ശേഷം കമ്മിറ്റി നിര്‍ദേശിച്ച ആനുകൂല്യങ്ങള്‍ നല്‍കാനുള്ള സംവിധാനം പുതിയ വിധിയിലൂടെ ഇല്ലാതായിരിക്കുന്നുവെന്നും ഇതിനു പരിഹാരമായി ചില നിര്‍ദേശങ്ങളും നിവേദനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
പുതിയ വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രത്യേക വകുപ്പുണ്ടാക്കി ആനുകൂല്യങ്ങള്‍ 100 ശതമാനം പിന്നോക്കമായ മുസ്‌ലിം സമുദായത്തിനു നല്‍കണം. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പൊതുവായി നല്‍കുന്ന ആനുകൂല്യങ്ങള്‍ 2021 സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ജനസംഖ്യാനുപാതികമായി-അര്‍ഹതയുള്ളവര്‍ക്ക്-നിലവിലുള്ള ന്യൂനപക്ഷ കമ്മിഷനുകളിലൂടെയും ന്യൂനപക്ഷ ക്ഷേമവകുപ്പിലൂടെയും പരാതികള്‍ക്ക് ഇടനല്‍കാത്തവിധം നടപ്പാക്കണം. വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള സ്പര്‍ധ ഒഴിവാക്കാന്‍ ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ സുതാര്യത ഉറപ്പുവരുത്തണമെന്നും ആനുകൂല്യങ്ങള്‍ ഏതു സ്‌കീമിന്റെ അടിസ്ഥാനത്തിലാണെന്നു പരസ്യപ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും നിവേദനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."