നാളെമുതല്‍ കടുത്ത നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. നാളെ മുതല്‍ 9 വരെയാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. ടി.പി.ആര്‍ നിരക്ക് 15 ശതമാനത്തില്‍ കുറയാത്ത സാഹചര്യത്തിലാണിത്.സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, കമ്മിഷനുകള്‍ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ വച്ച് പ്രവര്‍ത്തിക്കുന്നത് പത്താം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ ഇത് ഏഴിനായിരുന്നു നിശ്ചയിച്ചിരുന്നത്.
നിയന്ത്രണങ്ങള്‍ ഇങ്ങനെ
സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ളവര്‍ (ഡെലിവറി ഏജന്റുമാര്‍ ഉള്‍പ്പെടെ) കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ടതില്ല. സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവര്‍ മാത്രം കരുതിയാല്‍ മതി. അതിഥി തൊഴിലാളികളെ മുഴുവന്‍ വാക്‌സിനേറ്റ് ചെയ്യും. അവരെ ഇടക്കിടെ പരിശോധിക്കാന്‍ സംവിധാനമൊരുക്കും.
മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ മുഴുവന്‍ പേരെയും വാക്‌സിനേറ്റ് ചെയ്യും.
രോഗലക്ഷണങ്ങളിലെ മാറ്റം നിരീക്ഷിക്കും. ജനിതക പഠനവും നടത്തും.
കൊവിഡ് മരണങ്ങള്‍ സംസ്ഥാനതലത്തില്‍ സ്ഥിരീകരിക്കുന്നതിനുപകരം ജില്ലാതലത്തിലാക്കുന്നത് ആലോചിക്കും. ഏത് കാറ്റഗറിയിലുള്ള മരണമാണെന്നതിന് കൃത്യമായ മാനദണ്ഡം ഡോക്ടര്‍മാര്‍ നിശ്ചയിക്കണം.
ഫ്‌ളാറ്റുകള്‍ക്ക് പ്രത്യേക നിര്‍ദേശം
ഫ്‌ളാറ്റുകളില്‍ കൊവിഡ് പോസിറ്റിവ് ശ്രദ്ധയില്‍പ്പെട്ടാല്‍ മുന്നറിയിപ്പ് നല്‍കണം. ഏത് ഫ്‌ളാറ്റിലാണ് രോഗബാധയെന്ന് നോട്ടിസ് ബോര്‍ഡിലൂടെ അറിയിക്കണം. ആരോഗ്യ കേന്ദ്രങ്ങളിലും പൊലിസ് സ്റ്റേഷനുകളിലും നഗരസഭ-പഞ്ചായത്ത് അധികൃതരെയും അറിയിക്കണം. ഈ ചുമതലകള്‍ അതത് ഫ്‌ളാറ്റുകളിലെ റസിഡന്‍സ് അസോസിയേഷനുകള്‍ നിറവേറ്റണം. ലിഫ്റ്റ് ദിവസേന മൂന്നു തവണയെങ്കിലും സാനിറ്റൈസ് ചെയ്യണം.
ഇന്ന് മാത്രം അനുമതി
നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള സ്ഥാപനങ്ങള്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകിട്ട് ഏഴുവരെ മാത്രം പ്രവര്‍ത്തിക്കാം. നാളെ മുതല്‍ 9ാം തീയതി വരെ ഇവയ്ക്ക് പ്രവര്‍ത്തനാനുമതിയില്ല. ഇന്ന് പാഴ്‌വസ്തു വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാം.
നാളെ മുതല്‍ 9 വരെ ഇവയ്ക്കുമാത്രം അനുമതി
അവശ്യവസ്തുക്കളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍. പ്രായമായ റബര്‍ മരങ്ങള്‍ മുറിച്ചുനീക്കാം. റബര്‍ തൈകള്‍ വച്ചുപിടിപ്പിക്കാം.
മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികള്‍ക്ക് പ്രവര്‍ത്തിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."