പ്രാര്‍ഥനാനിര്‍ഭരം; സംസ്ഥാന ഹജ്ജ് ക്യാംപിന് തുടക്കം
നെടുമ്പാശ്ശേരി: നാഥന്റെ വിളിക്ക് ഉത്തരമായി പ്രാര്‍ഥനാമുഖരിത മനസുമായി ഹജ്ജ് തീര്‍ഥാടകരുടെ ആദ്യസംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രത്യേകം സജ്ജമാക്കിയ ക്യാംപില്‍ സംഗമിച്ചതോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിലുള്ള ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപിന് സമാരംഭമായി.
നെടുമ്പാശ്ശേരി വിമാനത്താവളത്തോടു ചേര്‍ന്ന് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സംസ്ഥാന ഹജ്ജ് ക്യാംപിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച ചടങ്ങില്‍ സംസ്ഥാന ഹജ്ജ്കാര്യ മന്ത്രി കെ.ടി ജലീല്‍ അധ്യക്ഷനായി. ഇന്നസെന്റ് എം.പി, എം.എ യൂസുഫലി , എം.എല്‍.എ മാരായ എസ്.ശര്‍മ്മ, അന്‍വര്‍സാദത്ത്, ഇബ്‌റാഹീം കുഞ്ഞ്, എ.എം ആരിഫ്, മുന്‍ എം.പി പി. രാജീവ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ മുത്തലിബ്, സമസ്ത മുശാവറ അംഗം എം.എം മുഹ്‌യിദ്ദീന്‍ മൗലവി, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, ടി.പി അബ്ദുല്ല കോയ മദനി, എം.ഐ അബ്ദുല്‍ അസീസ്, സലാഹുദ്ദീന്‍ മദനി, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ കുര്യന്‍, എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പുമുസ്‌ലിയാര്‍ സ്വാഗതവും മലപ്പുറം ജില്ലാ കലക്ടറും ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫിസറുമായ എ. ഷൈനമോള്‍ നന്ദിയും പറഞ്ഞു.
ഇന്ന് വൈകീട്ട് 3.20 ന് സഊദി എയര്‍ലൈന്‍സിന്റെ ആദ്യവിമാനം 450 തീര്‍ഥാടകരുമായി കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്ക് പറന്നുയരുന്നതോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിലുള്ള തീര്‍ഥാടനത്തിന് തുടക്കമാകും. ഹജ്ജ് വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും. മൂന്ന് വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെ 221 പുരുഷന്മാരും 229 സ്ത്രീകളുമാണ് ഇന്ന് ആദ്യവിമാനത്തില്‍ പുറപ്പെടുന്നത്. ആദ്യസംഘത്തിലുള്ളവരെല്ലാം ഗ്രീന്‍കാറ്റഗറിയില്‍പ്പെട്ടവരാണ്.
സെപ്റ്റംബര്‍ അഞ്ചു വരെ നീണ്ടുനില്‍ക്കുന്ന ഹജ്ജ് ക്യാംപ് വഴി കേരളത്തില്‍ നിന്ന് 10,214 തീര്‍ഥാടകരാണ് നെടുമ്പാശ്ശേരി വഴി പോകുന്നത്. ഇതുകൂടാതെ കേന്ദ്രഭരണപ്രദേശങ്ങളായ മാഹിയില്‍ നിന്ന് 28ഉം ലക്ഷദ്വീപില്‍ നിന്ന് 285 തീര്‍ഥാടകരും കൊച്ചിവഴി വിശുദ്ധഭൂമിയിലേക്ക് പുറപ്പെടും. ഓഗസ്റ്റ് 31 വരെ ദിവസവും 450 തീര്‍ഥാടകര്‍ വീതം ഉള്‍കൊള്ളുന്ന രണ്ട് വിമാനങ്ങളും സെപ്റ്റംബര്‍ ഒന്നുമുതല്‍ അഞ്ച് വരെയുള്ള ദിവസങ്ങില്‍ ഓരോ വിമാനവുമാണ് പുറപ്പെടുന്നത്. സഊദി എയര്‍ലൈന്‍സിന്റെ 24 സര്‍വിസുകളാണ് ഹജ്ജ് തീര്‍ഥാടകര്‍ക്കു വേണ്ടി ഒരുക്കിയിരിക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാംപില്‍ ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."