സ്വന്തം പിസ്റ്റളില്‍നിന്ന് വെടിയേറ്റ് പൊലിസ് ഉദ്യോഗസ്ഥന്‍ മരിച്ചു
സംഭവം രാത്രി പട്രോളിങ്ങിനിടെ
കാക്കനാട്: രാത്രി പട്രോളിങ്ങിനിടെ സ്വന്തം പിസ്റ്റളില്‍നിന്ന് വെടിയേറ്റ് പൊലിസ് ഉദ്യോഗസ്ഥന്‍ മരിച്ചു. തൃപ്പൂണിത്തുറ എ.ആര്‍ ക്യാംപിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് കോട്ടയം ചിങ്ങവനം കുഴിമറ്റം വെള്ളുത്തുരുത്തി കുലച്ചാങ്കല്‍ സാബു മാത്യു (55) ആണ് മരിച്ചത്. എങ്ങനെയാണ് സംഭവമെന്ന് വ്യക്തമായിട്ടില്ലെന്നും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും തൃക്കാക്കര എസ്.ഐ എസ്.പി സുജിത്ത് പറഞ്ഞു.
നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും രാത്രി പട്രോളിങ്ങിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് സാബു മാത്യു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വാഴക്കാലയിലായിരുന്നു സംഭവം. പൊലിസ് വാഹനത്തിന്റെ പിന്‍സീറ്റിലാണ് സാബു മാത്യു ഇരുന്നത്. ഡ്രൈവറും മറ്റൊരു പൊലിസുകാരനും ജീപ്പിലുണ്ടായിരുന്നു.
ഒന്നരയോടെ വാഴക്കാലയിലെ പാര്‍ക്കിങ് ഏരിയിലേക്ക് ജീപ്പ് കയറ്റുന്നതിനിടെ പിന്‍സീറ്റില്‍നിന്ന് വെടിയൊച്ച കേട്ടു. ശബ്ദംകേട്ട് തിരിഞ്ഞുനോക്കിയ ഡ്രൈവറും പൊലിസുകാരനുമാണ് പിന്‍സീറ്റില്‍ വെടിയേറ്റനിലയില്‍ സാബു മാത്യുവിനെ കണ്ടത്. തനിക്ക് വെടിയേറ്റതായി സാബു മാത്യു പറഞ്ഞതായി കൂടെയുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ പറയുന്നു. വയറിന് മുകളിലായാണ് സ്വന്തം പിസ്റ്റളില്‍നിന്ന് വെടിയേറ്റത്. ഉടനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ രണ്ടരയോടെ മരിച്ചു.
തൊട്ടടുത്തുനിന്ന് വയറ്റില്‍ ആഴത്തിലേറ്റ മുറിവാണ് മരണ കാരണം. വയറില്‍ ഏറ്റ വെടിയുണ്ട സാബു മാത്യുവിന്റെ ശരീരവും സീറ്റും തുളച്ച് പുറത്തുപോയി. സീറ്റ് രക്തത്തില്‍ മുങ്ങിയിരുന്നു. എട്ടുവര്‍ഷമായി തൃപ്പൂണിത്തുറ എ.ആര്‍ ക്യാംപില്‍ ജോലി ചെയ്യുന്ന സാബു മാത്യു ഇരുമ്പനം കൊല്ലംപടിയിലായിരുന്നു താമസം. തൃക്കാക്കര പൊലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സംഭവത്തെക്കുറിച്ച് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ എം ബിനോയി അന്വേഷിക്കും.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ആലപ്പുഴ, തൃപ്പൂണിത്തുറ എ.ആര്‍ ക്യാംപുകളില്‍ പൊതുദര്‍ശനത്തിനുവച്ചു.
തുടര്‍ന്ന് കൊല്ലംപടിയിലെ വീട്ടിലെത്തിച്ചു. ഇന്ന് കോട്ടയം വെള്ളുത്തുരുത്തിയിലെ വീട്ടിലെത്തിക്കും. സംസ്‌കാരം വൈകിട്ട് നാലിനു വെള്ളുത്തുരുത്തി സെന്റ് മേരീസ് ക്‌നാനായ പള്ളി സെമിത്തേരിയില്‍.
ഭാര്യ: മിനിമോള്‍. മക്കള്‍: അഞ്ജു (അസി. മാനേജര്‍, ആക്‌സിസ് ബാങ്ക്, എറണാകുളം എം.ജി റോഡ് ശാഖ), അജിത്ത്, അലീഷ, അലീന. മരുമകന്‍: എമില്‍ ജോര്‍ജ് (ഇന്‍ഫോ പാര്‍ക്ക്, കാക്കനാട്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."