തുര്‍ക്കിയില്‍ വിവാഹച്ചടങ്ങിനിടെ ചാവേര്‍ ആക്രമണം 51 മരണം
അങ്കാറ: തുര്‍ക്കിയില്‍ വിവാഹ ചടങ്ങിനിടെയുണ്ടായ ഐ.എസ് ആക്രമണത്തില്‍ 51പേര്‍ കൊല്ലപ്പെട്ടു. 69 പേര്‍ക്ക് പരുക്കേറ്റു. വടക്കുകിഴക്കന്‍ പ്രവിശ്യയായ ഗസിയന്‍ടെപിലാണ് സംഭവം. ശനിയാഴ്ച രാത്രി പ്രാദേശിക സമയം പതിനൊന്നോടെ സഹിന്‍ ബെ ജില്ലയിലെ അക്‌ദെറെയിലാണ് ആക്രമണം നടന്നത്. സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണിത്. വിവാഹപാര്‍ട്ടിക്കിടെ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് തുര്‍ക്കി ഉപപ്രധാനമന്ത്രി മുഹമ്മദ് സിംസെക് പറഞ്ഞു.
തീവ്രവാദി ആക്രമണമാണ് നടന്നതെന്ന് ഗസിയന്‍ടെപിലെ ഗവര്‍ണര്‍ അലി യെര്‍ലികായ പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ഐ.എസാണ് ആക്രമണത്തിനു പിന്നിലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. രാജ്യം ഒറ്റക്കെട്ടാണെന്നും അക്രമികള്‍ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് 60 കി.മി വടക്കാണ് ഗാസിയന്‍ടെപ് പ്രവിശ്യ. സിറിയന്‍ അഭയാര്‍ഥികള്‍ എത്തുന്ന പ്രദേശമാണിത്. കുര്‍ദുകളുടെ സജീവസാന്നിധ്യമുള്ള ഇവിടെ അഭയാര്‍ഥികളും സിറിയന്‍ പ്രതിപക്ഷാനുകൂലികളുമായി നിരവധി പേരുണ്ട്. ഇതില്‍ ഐ.എസ് അനുകൂലികളും ഉണ്ടെന്നാണ് തുര്‍ക്കി പറയുന്നത്.
കുര്‍ദ് വിവാഹചടങ്ങിന്റെ ഭാഗമായി തെരുവില്‍ നടന്ന ആഘോഷപരിപാടിയിലാണ് ആക്രമണം നടന്നത്. കുര്‍ദ് പ്രാദേശിക എം.പി ഉള്‍പ്പെടെയുള്ള നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. വിവാഹ ചടങ്ങ് അവസാനിക്കാനിരിക്കെയായിരുന്നു ദുരന്തം. ജൂണ്‍ 29 ന് ഇസ്താംബൂളിലെ അത്താതുര്‍ക്ക് വിമാനത്താവളത്തില്‍ ഐ.എസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടിരുന്നു.
തുര്‍ക്കിയിലെ കിരാതമായ ആക്രമണത്തെ വൈറ്റ്ഹൗസ് അപലപിച്ചു. തുര്‍ക്കിയില്‍ ഐ.എസ് ആക്രമണം പതിവാകുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച യു.എസ് വൈസ് പ്രസിഡന്റ് ജോ ബിഡെന്‍ തുര്‍ക്കിയില്‍ സന്ദര്‍ശനം നടത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ബ്രിട്ടന്‍, സ്വീഡന്‍, പാകിസ്താന്‍, ഖത്തര്‍, ബഹ്‌റൈന്‍, ഗ്രീസ് രാജ്യങ്ങളും അപലപിച്ചു. ഇരകള്‍ക്കുവേണ്ടി പ്രാര്‍ഥന നടത്തുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാന്‍ റേഡിയോയിലൂടെ പറഞ്ഞു.
പൊട്ടിത്തെറിച്ചത് കുട്ടിച്ചാവേര്‍
ഇസ്താംബൂള്‍: വിവാഹ ചടങ്ങിനിടെയുണ്ടായ ചാവേര്‍ ആക്രമണം നടത്തിയത് 12 നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടിയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഇസ്താംബൂള്‍ സിറ്റി ഹാളില്‍ നിന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിമുഖീകരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."