ധനസ്ഥിതി സുഖകരമല്ലെന്ന് ധനമന്ത്രി; നികുതി നിര്‍ദ്ദേശങ്ങളില്ല, വികസനത്തിനും ക്ഷേമത്തിനും ഊന്നല്‍
തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുതിയ നികുതികള്‍ പ്രഖ്യാപിക്കാതെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ചെലവ് ചുരുക്കാനും വരുമാനം കൂട്ടാനും സമഗ്രമായ പദ്ധതിയെന്ന് പ്രഖാപിച്ചാണ് ബാലഗോപാല്‍ കന്നിബജറ്റ് അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ ധനസ്ഥിതി അത്ര സുഖകരമല്ലെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ നികുതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. പുതിയതായി വരുമാനമാര്‍ഗങ്ങളൊന്നും സര്‍ക്കാരിന് മുന്നിലില്ല, കിഫ്ബിയിലൂടെയും വായ്പകളിലൂടെയും പണം കണ്ടെത്താനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് ബജറ്റ് അവതരണം. കേരളത്തിന്റെ ഭാവി വികസനത്തിന് ബജറ്റ് സഹായകരമാവുമെന്നാണ് പ്രതീക്ഷയെന്ന് അവതരണത്തിന് മുന്നോടിയായി ബാലഗോപാല്‍ പറഞ്ഞു.
ആരോഗ്യ, സാമൂഹിക, സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ 20,000 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവര്‍ക്കു നേരിട്ടു പണം കൈയ്യിലെത്തിക്കുന്നതിനായി 8900 കോടിരൂപയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകള്‍ക്കും പലിശ സബ്സിഡിക്കുമായി 8300 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.
18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യവാക്സിന്‍ ലഭ്യമാക്കുന്നതിന് 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങള്‍ക്കായി 500 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
1000 കോടി രൂപ ബാങ്ക് വായ്പ കുടുംബശ്രീവഴി അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭ്യമാക്കും. 5 ലക്ഷം രൂപവരെയുള്ള വായ്പകളെല്ലാം 4ശതമാനം പലിശനിരക്കിലായിരിക്കും നല്‍കുക. വായ്പ പദ്ധതികളുടെ പലിശയിളവ് നല്‍കുന്നതിനായി 100 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്താനുള്ള നോളജ് ഇക്കോണമി ഫണ്ട് 200 കോടിയില്‍നിന്ന് 300 കോടിയായി ഉയര്‍ത്തി. പ്രവാസികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് 1,000 കോടി രൂപ വായ്പ നല്‍കും. പലിശ ഇളവ് നല്‍കുന്നതിനായി 25 കോടി വകയിരുത്തി.
വിനോദസഞ്ചാര മേഖലയ്ക്ക് മാര്‍ക്കറ്റിങിന് 50 കോടി രൂപ അധികമായി വകയിരുത്തി. കൊവിഡ് കാരണം മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് പ്രഖ്യാപിച്ച ധനസഹായത്തിനായി 5 കോടി രൂപ വകയിരുത്തി.
കെ.ആര്‍.ഗൗരിയമ്മയ്ക്കും ആര്‍.ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകം നിര്‍മിക്കുന്നതിന് രണ്ടു കോടി വീതം വകയിരുത്തി..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."