13 വ്യക്തികളെയും 3 സ്ഥാപനങ്ങളെയും ഭീകരപട്ടികയിൽ ഉൾപ്പെടുത്തി സഊദി അറേബ്യ
റിയാദ്: സഊദി അറേബ്യയും ടെററിസ്റ്റ് ഫിനാൻസിംഗ് ടാർഗെറ്റിംഗ് സെന്ററിലെ (ടിഎഫ്‌ടിസി) മറ്റ് അംഗരാജ്യങ്ങളും വിവിധ രാജ്യക്കാരായ 13 വ്യക്തികളെയും മൂന്ന് സ്ഥാപനങ്ങളെയും വിവിധ തീവ്രവാദ സംഘടനകളിൽ പെട്ടവരായി പ്രഖ്യാപിച്ചു. ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ബന്ധമുള്ള മൂന്ന് പേർ ഉൾപ്പെടെയുള്ളവരെയാണ് ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയത്. ഭീകര സംഘടനയായ ദാഇഷുമായി (ഐഎസ്) ബന്ധമുള്ള നാല് വ്യക്തികളും ഒരു കമ്പനിയും ഭീകര സംഘടനയായ ബോക്കോ ഹറാമുമായി ബന്ധമുള്ള ആറ് ധനസഹായികളും പട്ടികയിൽ ഉൾപ്പെടും.
സരായ അൽ-അഷ്താർ, സരായ അൽ-മുഖ്താർ എന്നീ തീവ്രവാദ ഗ്രൂപ്പുകളെ ഭീകര സംഘടനകളായി പ്രഖ്യാപിച്ചു. ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള ഷിയ ഗ്രൂപ്പുകളാണ് സരായ അൽ-അഷ്തർ (അൽ-അഷ്തർ ബ്രിഗേഡ്‌സ്), സരായ അൽ മുഖ്താർ (അൽ-മുഖ്താർ ബ്രിഗേഡ്‌സ്) എന്നിവ.
തീവ്രവാദ ഭീഷണികളെ അഭിമുഖീകരിക്കുന്നതിനുള്ള സഹകരണ സമീപനമായി 2017 ലാണ് ടി എഫ് ടി സി രൂപം കൊണ്ടത്. തീവ്രവാദ സാമ്പത്തിക ശൃംഖലകളെക്കുറിച്ചുള്ള വിവരങ്ങൾ തിരിച്ചറിയുക, ട്രാക്ക് ചെയ്യുക, ഇതുമായുള്ള വിവരങ്ങൾ പരസ്പരം പങ്കിടുക, സംയുക്ത വിനാശകരമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, തീവ്രവാദ സാമ്പത്തിക ഭീഷണികളെ പ്രതിരോധിക്കാൻ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായം ആവശ്യമുള്ള മേഖലയിലെ രാജ്യങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്യുക എന്നിവയാണ് സഖ്യത്തിന്റെ ലക്ഷ്യങ്ങൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."