മുസ്‌ലിം സ്മാരകങ്ങളുടെ കണ്ണീർ
ഡോ. ഹുസൈൻ രണ്ടത്താണി
ഏപ്രിൽ പതിനെട്ടിന് പതിവുപോലെ ലോകം പൈതൃക ദിനമായി ആചരിക്കുന്നു. ലോകത്ത് സ്മാരകങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനാണ് പൈതൃക ദിനം. അന്താരാഷ്ട്ര കരാറിന്റെ അടിസ്ഥാനത്തിൽ സ്ഥാപിച്ച ഇന്റർനാഷണൽ സെന്റർ ഫോർ മോണ്യുമെന്റ്‌സ് ആന്റ് സൈറ്റ്‌സ്(സ്മാരകങ്ങൾക്കും അവയുടെ സൈറ്റുകൾക്കും വേണ്ടിയുള്ള കേന്ദ്രം) എന്ന സംഘടനയാണ് 1982ൽ പൈതൃകദിനം പ്രഖ്യാപിച്ചത്. ലോകതലത്തിൽ പൈതൃകങ്ങൾ സംരക്ഷിക്കാൻ വ്യാപക പദ്ധതികളുമായി ജനാധിപത്യ സർക്കാരുകൾ മുന്നോട്ടുവന്നു.
ഇന്ത്യയിൽ ബ്രിട്ടിഷുകാർ മുഗൾ സ്മാരകങ്ങളിലെ അമൂല്യ രത്‌നങ്ങളും ലോഹങ്ങളും കടത്തിക്കൊണ്ടുപോയെങ്കിലും അവരാണ് 1861ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിച്ച് ഇവിടത്തെ സ്മാരകങ്ങൾ സംരക്ഷിക്കാൻ പദ്ധതിയുണ്ടാക്കിയത്. ഇത് അപ്പടി സ്വതന്ത്ര ഇന്ത്യാ ഗവൺമെന്റ് ഏറ്റെടുത്തു. ഓരോ രാജ്യത്തും സ്മാരകങ്ങൾ സംരക്ഷിക്കാൻ പ്രത്യേകം വകുപ്പുകളും സ്ഥാപനങ്ങളുമുണ്ട്. ഭീകരവാദവും ഫാസിസവും വളർന്നതോടെ സ്മാരകങ്ങൾ നശിപ്പിക്കാനുള്ള പ്രവണത കൂടി വന്നു. പതിനെട്ടാം നൂറ്റാണ്ടിൽ വന്ന വഹാബിസമാണ് മുസ്‌ലിം സ്മാരകങ്ങൾ അപ്പാടെ തകർത്തത്. മക്കയിലേയും മദീനയിലേയും ഖബറിടങ്ങളും അവയുൾക്കൊള്ളുന്ന പള്ളികളും ഇവർ വ്യാപകമായി നശിപ്പിച്ചു. നാസി ഭരണകാലത്ത് യൂറോപ്യരുടെയും യഹൂദരുടെയും സ്മാരകങ്ങൾ തകർത്തു. അവർക്കുശേഷം വന്ന ഭരണകൂടം നാസി സ്മാരകങ്ങളും നശിപ്പിച്ചു. റഷ്യയിൽ കമ്യൂണിസം പോയപ്പോൾ അതിന്റെ മുദ്രകളൊക്കെ നശിപ്പിക്കപ്പെട്ടു.
അൽ ഖാഇദയും താലിബാനും പല ഭാഗത്തും സ്മാരകങ്ങൾ നശിപ്പിച്ചു. താലിബാൻ ഭരണത്തിലേറിയ നാൾ മുതൽ അഫ്ഗാനിലെ നാഷനൽ മ്യൂസിയം, ലൈബ്രറി എന്നിവ നശിപ്പിച്ചു. ബാമിയാൻ താഴ്‌വരയിലെ ബുദ്ധ വിഗ്രഹങ്ങളും തഥൈവ. പല ഭാഗത്തും പള്ളികളും ദർഗകളും നശിപ്പിച്ചു. െഎ.എസ് ഭീകരൻമാർ പലയിടത്തും പൗരാണിക സ്മാരകങ്ങൾ തകർത്തു. ഇറാഖിൽ സുന്നികളുടേയും ഷിയാക്കളുടേയും പള്ളികളും ദർഗകളും തകർത്തെറിഞ്ഞു. യൂനസ് നബിയുടെ പള്ളി തകർത്തു.
സലഫിസമായിരുന്നു ഇവർക്ക് പ്രചോദനം. ഇറാഖിലെ പ്രസിദ്ധമായ മ്യൂസിയം പൊളിച്ചു. പലിയിടത്തും ചർച്ചുകളും ക്രിസ്ത്യൻ സ്മാരകങ്ങളും ബുൾഡോസർ വച്ച് തകർത്തു. അസ്സീറിയൻ വിഗ്രഹങ്ങൾ, പാമിറയിലെ കോട്ട തുടങ്ങി സിറിയയിലും ഇറാഖിലും നശിപ്പിച്ചതിന് കൈയും കണക്കുമില്ല.
ഇന്ത്യയിലെ ഉന്മൂലനം
ഇന്ത്യാ രാജ്യത്ത് ഫാസിസ്റ്റ് ശക്തികളാണ് സ്മാരകങ്ങൾ നശിപ്പിക്കാൻ മുന്നിലുള്ളത്. ഇവരെ ഹിന്ദുത്വ തീവ്രവാദമാണ് നയിക്കുന്നത്. അതിനാൽ ഇവരുടെ ലക്ഷ്യം മുസ്‌ലിം സ്മാരകങ്ങളാണ്. ഹിന്ദു രാജ്യത്തിൽ ഇസ്‌ലാമിന്റെ മുദ്രകളൊക്കെ മായ്ച്ചുകളയണമെന്നാണ് പറയുന്നത്. അതിന്റെ മുന്നോടിയായാണ് ആർക്കിയോളജിക്കൽ സർവേയുടെ സംരക്ഷണത്തിലുള്ള ബാബരി പള്ളി 1992ൽ പൊളിച്ചത്. പൊളിച്ചത് ന്യായീകരിക്കാൻ വേണ്ടി നിയമങ്ങളിൽ വെള്ളം ചേർക്കാൻ കേന്ദ്രസർക്കാരു കൂട്ടുനിന്നു. പള്ളി പൊളിച്ചിടത്ത് നിയമങ്ങൾ കാറ്റിൽപ്പറത്തി ക്ഷേത്രം നിർമിച്ചു. മഥുരയിലും യു.പിയുടെ മറ്റു ഭാഗങ്ങളിലും പള്ളിപൊളിക്കൽ ആവർത്തിക്കുമെന്ന് ഹിന്ദുത്വ തീവ്രവാദികൾ. ഇതോടെ പൗരാണിക കെട്ടിടങ്ങൾക്ക് ഭരണഘടന നൽകുന്ന പരിരക്ഷയൊക്കെ ഹിന്ദുത്വ സർക്കാർ അവഗണിച്ചു. പള്ളി പൊളിക്കൽ പുണ്യകർമമായി വ്യാഖ്യാനിക്കപ്പെട്ടു.
ഇന്ത്യയിൽ പൗരാണിക മന്ദിരങ്ങൾ സംരക്ഷിക്കുന്നതിന് വ്യക്തമായ നിയമങ്ങളുണ്ട്. ബ്രിട്ടിഷ് സർക്കാർ സ്ഥാപിച്ച ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഇതിന് നേതൃത്വം നൽകിയത്. സ്വതന്ത്ര ഭാരത സർക്കാർ പുതിയ നിയമങ്ങൾ കൊണ്ടുവന്നു. 1951ലാണ് ഇത് സംബന്ധിച്ച ആദ്യത്തെ ആക്ട് പാസാക്കിയത്. പൗരാണിക സ്മാരകങ്ങളും പുരാവസ്തു സൈറ്റുകളും അവശിഷ്ടങ്ങളും സംരക്ഷിക്കുന്നതിനുള്ള നിയമമായിരുന്നു ഇത്. ചരിത്രസ്മാരകങ്ങൾ ദേശീയ സ്മാരകങ്ങളായി പ്രഖ്യാപിച്ചു. അന്ന് നാട്ടുരാജ്യങ്ങളിൽ ഉണ്ടായിരുന്ന സ്മാരകങ്ങളും ഈ ലിസ്റ്റിൽ ഉൾപ്പെടുത്തി. ദേശീയ സ്മാരകങ്ങളെ എങ്ങനെ സംരക്ഷിക്കണമെന്ന നിർദേശങ്ങളുമായി 1958ൽ നിലവിലുള്ള നിയമങ്ങൾ വിപുലപ്പെടുത്തി. ഇതോടെ സംരക്ഷണ ഉത്തരവാദിത്വം സർക്കാരിൽ നിക്ഷിപ്തമാക്കി.
ദേശീയ സ്മാരകങ്ങളായി പ്രഖ്യാപിക്കാത്ത സ്മാരകങ്ങളടെ ഉത്തരവാദിത്വം അതത് സ്‌റ്റേറ്റ് ഗവൺമെന്റുകൾക്ക് നൽകി. 1958ലെ നിയമപ്രകാരം ഒരു സ്മാരകം ദേശീയ പ്രാധാന്യമുള്ളതാണോ എന്ന് തീരുമാനിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനാണ്. സർക്കാർ ഉദ്ദേശിക്കുന്ന സ്മാരകങ്ങൾ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണെങ്കിലും അത് പിടിച്ചെടുക്കാം. ദേശീയമായി പ്രഖ്യാപിച്ചതിനെ ദേശീയമല്ലെന്ന് തീരുമാനിക്കാനും കേന്ദ്രസർക്കാരിനുതന്നെയാണ് അവകാശം.
സ്മാരകം മതപരമായി പ്രധാനമാണോ അല്ലേ എന്ന് കേന്ദ്രം തീരുമാനിക്കും. ഇങ്ങനെ ഏകപക്ഷീയമായ നിയമമായിരുന്നു 1958ലേത്. സ്മാരകങ്ങൾ രണ്ട് ഇനമുണ്ട്. ഒന്ന്, മരിച്ചവ. അവിടെ യാതൊരു പ്രവർത്തനവും ഉണ്ടാവില്ല. രണ്ട്, ജീവിക്കുന്നവ. ഇവ മതപരമായോ മറ്റോ ഇപ്പോഴും പ്രവർത്തിക്കുന്നവയായിരിക്കും. അത് സംരക്ഷിക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിനാണ്. മുസ്‌ലിംകൾക്കാണ് 1958ലെ നിയമം ദോഷം ചെയ്തത്. പല സ്മാരകങ്ങളും പള്ളിയും ദർഗയുമായതിനാൽ നിസ്‌കാരം ഉൾപ്പെടെ നിർത്തിവയ്‌ക്കേണ്ടി വന്നു. ഇത് വർഗീയ കലാപത്തിനുവരെ കാരണമായി. മുസ്‌ലിം സംഘടനകൾ ഒത്തുകൂടി പ്രതിഷേധിച്ചതിനാൽ സർക്കാർ നിയമങ്ങളിൽ അയവുവരുത്തി.
സ്മാരകങ്ങൾ സൂക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച് പൊതുജന ബോധവത്കരണം നടത്താൻ 1984ൽ സ്ഥാപിച്ച ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട് & കൾച്ചറൽ ഹെറിറ്റേജ് കാര്യമായി പ്രവർത്തിച്ചു. 1990നുശേഷം ലിബറലൈസേഷൻ നടപ്പാക്കിയപ്പോൾ സ്മാരകങ്ങൾ സംരക്ഷിക്കുന്നതിന് പൊതുജന പങ്കാളിത്തം കൂടി വന്നു. ഇതോടെ ആർക്കിയോളിക്കൽ സർവേയുടെ മേൽക്കോയ്മയ്ക്ക് അവസാനമായി. സംഘടനകളും സംസ്ഥന സർക്കാരും മറ്റ് സ്ഥാപനങ്ങളും സംരക്ഷണം ഏറ്റെടുത്തു. അതിനുവേണ്ടി 1996ൽ നാഷനൽ കൾച്ചറൽ ഫണ്ട് (എൻ.സി.എഫ്) രൂപീകരിച്ചു. ഇതോടെ സർക്കാരിന്റേയും സ്വകാര്യ ട്രസ്റ്റുകളുടേയും സഹായത്തോടെ വിവിധ സ്മാരകങ്ങൾ നന്നാക്കാനും സംരക്ഷിക്കാനും കഴിഞ്ഞു. ആഗാഖാൻ ഫൗണ്ടേഷൻ ഇക്കാര്യത്തിൽ സ്തുത്യർഹ പങ്കുവഹിച്ചു.
മുസ്‌ലിം സ്മാരകങ്ങൾ ഏറ്റെടുത്ത് സംരക്ഷിക്കുന്നതിൽ ഭരണഘടനാപരമായ പ്രശ്‌നങ്ങൾ ഉണ്ടായി. ഭരണഘടനയുടെ 26, 29 വകുപ്പുകൾ പ്രകാരം ഏതെങ്കിലു പ്രത്യേക ഭാഷ സംസാരിക്കുന്നവരോ സംസ്‌കാരമുള്ളവരോ ആയ വിഭാഗങ്ങൾ ന്യൂനപക്ഷത്തിന്റെ വകുപ്പിലാണ്. അവർക്ക് ആരാധനാലയങ്ങളുണ്ടാക്കാനും കൊണ്ടുനടക്കാനും സംരക്ഷിക്കാനും അവകാശമുണ്ട്. അതിനാൽ അവരുടെ സൈറ്റുകളോ സ്മാരകങ്ങളോ കേന്ദ്രസർക്കാരിന് പിടിച്ചെടുക്കാൻ പറ്റില്ല. ഇത് പരിഗണിക്കാതെയാണ് പല സ്ഥലങ്ങളും സർക്കാർ പിടിച്ചെടുത്തത്. ബാബരി പൊളിച്ചതും ഭരണഘടനയെ തള്ളിക്കൊണ്ടാണ്. ഭരണഘടനാ പ്രകാരം മുസ്‌ലിംകളുടെ പൈതൃകം അവർക്കുതന്നെ സംരക്ഷിക്കാൻ അവകാശമുണ്ട്. വഖ്ഫ് നിയമങ്ങൾ ഈ അവകാശം ഉറപ്പിക്കുന്നു. അതുപോലെ ആരാധന നടത്തുന്ന സ്മാരകങ്ങളുടെ സംരക്ഷണവും അവരുടെ വിശ്വാസങ്ങൾ പ്രകാരം നടത്താം.
അവിടെ ഭരണഘടനക്കപ്പുറം സർക്കാർ നിയമങ്ങൾ അംഗീകരിക്കാൻ ബാധ്യസ്ഥരല്ല. വഖ്ഫ് സ്വത്തുകൾ ഇതുപോലെ വ്യക്തിക്കോ സർക്കാരിനോ ഉടമസ്ഥാവകാശം വയ്ക്കാൻ പാടില്ല. അത് മുസ്‌ലിം സമുദായത്തിനുള്ളതാണ്. ഇത് മറികടന്നാണ് പലരും ദർഗകളും മറ്റും സ്വന്തമാക്കുന്നത്. ഡൽഹിയിൽ തന്നെ സർക്കാർ ഓഫിസുകൾ പലതും വഖ്ഫ് ഭൂമിയിലാണ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഏറ്റെടുത്ത് സംരക്ഷിക്കുന്ന പല സ്മാരകങ്ങളും വഖ്ഫ് സ്ഥലങ്ങൾ കൂടിയാണ്. അവിടെ വഖ്ഫ് നിയമങ്ങളും ബാധകമാണ്. അതിനാൽ മറ്റൊരു ഏജൻസിക്ക് അത് ഏറ്റെടുക്കാൻ അധികാരമില്ല. ഇന്ത്യൻ പീനൽ കോഡ് പതിനഞ്ചാം അധ്യായത്തിൽ ആരാധനാലയ സംരക്ഷണം സർക്കാരിന്റെ ബാധ്യതയായി എണ്ണുന്നു. 295ാം വകുപ്പ് പ്രകാരം ഏതെങ്കിലും ആരാധനാലയം അക്രമിക്കുകയോ നശിപ്പിക്കുകയോ ചെയ്താൽ കുറ്റവാളികളെ ശിക്ഷിക്കേണ്ടതും കേടുപാടുകൾ തീർത്തുകൊടുക്കേണ്ടതുമാണ്.
ബാബരി മസ്ജിദ് പൊളിക്കുന്നതിന് തൊട്ടുമുമ്പ് പാസാക്കിയ 1991ലെ ആരാധനാലയ സംരക്ഷണ നിയമം സെക്ഷൻ മൂന്നിലെ നാലിൽ ഒന്നാം വകുപ്പ് പ്രകാരം 1945ൽ ഒരു മതപരമായ സ്മാരകത്തിൽ ഏതുവിധം ആരാധനയാണോ നിലനിൽക്കുന്നത് അത് മാറ്റുന്നത് കുറ്റകരമാണ്. പിന്നെയല്ലേ പള്ളി പൊളിക്കൽ. അതാണ് മുസ്‌ലിം സ്മാരകങ്ങളിൽ പ്രാർഥനയും മറ്റും അനുവദിച്ചിരിക്കുന്നത്. എന്നാൽ ആരാധന നിന്നുപോയ സ്മാരകങ്ങൾ കേന്ദ്രം ഏറ്റെടുത്താൽ അതിൽ ആരാധന തുടങ്ങണമെന്ന് ആവശ്യപ്പെടാൻ നിയമം അനുവദിക്കുന്നില്ല. എ.എസ്.ഐയുടെ കീഴിലുള്ള മുസ്‌ലിം സ്മാരകങ്ങൾ തന്നെ പലയിടത്തും ഹിന്ദുത്വ ശക്തികൾ കൈയേറിയിരിക്കുന്നു. സ്മാരകങ്ങളുടേയും തെരുവുകളുടേയും പേരുമാറ്റം ഉത്തർപ്രദേശിലും ഗുജറാത്തിലും തകൃതിയായി നടക്കുന്നു. താജ്മഹലും കുത്തബ് മിനാറുമൊക്കെ പൊളിച്ച് ക്ഷേത്രങ്ങൾ പണിയണമെന്ന ആക്രോശങ്ങൾ ഭരിക്കുന്നവരിൽ തന്നെ ഉണ്ടാവുന്നു. ഇവിടെയൊക്കെ ഭരണഘടനയും നിയമങ്ങളും അവഗണിക്കുകയാണ്. കോടതികൾ പോലും നിയമം അവഗണിക്കുന്ന അവസ്ഥ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."