HOME
DETAILS

തൃക്കാക്കര പറയുന്നത്

  
backup
June 06 2022 | 21:06 PM

trikkakara-todays-article-prathichaya-jacob-george-07-06-2022

പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311

തൃക്കാക്കര രാഷ്ട്രീയം പറയുകയാണ്; കേരളത്തിലെ രാഷ്ട്രീയ പാർട്ടികളോട്, മുന്നണികളോട്, മതങ്ങളോട്, സമുദായങ്ങളോട്- ഇവയ്‌ക്കൊന്നും പിടികൊടുക്കാതെ, രാഷ്ട്രീയക്കാരെയാരെയും വകവയ്ക്കാതെ, മതത്തിനും ജാതിക്കും സമുദായത്തിനുമൊന്നും വഴങ്ങാതെ. കേരളം കാണുന്ന പുതിയ രാഷ്ട്രീയമാണിത്. നൂറു തികയ്ക്കാൻ വെമ്പിനിന്ന ഇടതുപക്ഷത്തിന് തൃക്കാക്കരയിൽ കാലിടറി. തൃക്കാക്കര കോൺഗ്രസിന്റെ പൊന്നാപുരം കോട്ടയാണെന്ന് എല്ലാവരും ആദ്യം മുതലേ പറഞ്ഞതാണ്. എന്നിട്ടും ആഞ്ഞുപിടിക്കാൻ തന്നെ സി.പി.എം ഇറങ്ങിത്തിരിച്ചു. കത്തോലിക്കാ സമുദായത്തിന്റെ ഉള്ളറകളിൽ നിന്ന് പുതിയൊരു സ്ഥാനാർഥിയെ അവതരിപ്പിച്ച് ഒരു പുത്തൻ പരീക്ഷണം. വികസനത്തിലും കെ റെയിലിലും സർക്കാരിന്റെ പ്രവർത്തന മികവിലുമൂന്നി കൊണ്ടുപിടിച്ചു പ്രചാരണം. പക്ഷേ, തൃക്കാക്കര കോൺഗ്രസിനൊപ്പം നിന്നു. ഉമാ തോമസിനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചു. പതിവു തെല്ലും തെറ്റിക്കാതെ.
ഉമാ തോമസ് ജയിക്കുമെന്നത് പ്രവചനാതീതമൊന്നുമായിരുന്നില്ല. പക്ഷേ, ഇത്ര വലിയ ഭൂരിപക്ഷം കോൺഗ്രസ് നേതൃത്വം പോലും കണക്കുകൂട്ടിയിരുന്നില്ല തന്നെ. ഉമയുടെ സ്ഥാനാർഥിത്വത്തെ പൂർണമായി പിന്തുണച്ചവരും അത്രകണ്ട് പിന്തുണയ്ക്കാതിരുന്നവരും ഒട്ടുമേ പിന്തുണയ്ക്കാതെ മുഖം തിരിച്ചു നിന്നവരുമുണ്ടായിരുന്നു കോൺഗ്രസിൽ. എങ്കിലും കോൺഗ്രസിന്റെ പുതിയ പ്രതീക്ഷയായി ഉമ പെട്ടെന്നുതന്നെ വളർന്നു. പി.ടി തോമസിനെ അംഗീകരിച്ചവരൊക്കെയും ഉമയ്ക്കു പിന്തുണയുമായെത്തി. ജാതിയും മതവും നോക്കാതെ, രാഷ്ട്രീയ വ്യത്യാസങ്ങൾ പോലും മറന്ന്. ഉമ എല്ലാവരുടെയും സ്ഥാനാർഥിയായി ഉയരുകയായിരുന്നു.


ഈ അംഗീകാരം കോൺഗ്രസുകാർ ഏറ്റെടുക്കുകയും ചെയ്തു. നാടിന്റെ നാനാ ഭാഗത്തുനിന്നും കോൺഗ്രസ് പ്രവർത്തകർ തൃക്കാക്കരയിലേക്കൊഴുകി. മുന്നണി നേതാക്കൾ സ്വയം ചുമതലകൾ ഏറ്റെടുത്ത് മണ്ഡലത്തിൽ തന്നെ താവളമടിച്ചു.  പ്രവർത്തകർ വീടുകൾ കയറിയിറങ്ങി വോട്ടർമാരെ കണ്ട് ഉമയ്ക്കു പിന്തുണ തേടി.
പി.ടി തോമസിന്റെ വ്യക്തിപ്രഭാവം തന്നെയായിരുന്നു ഉമയുടെ കൈമുതൽ. കോൺഗ്രസിലെ ഒരു കാലത്തെ കരുത്തൻ. അതികായനായ കെ. കരുണാകരനെ ആന്റണിപക്ഷം വെല്ലുവിളിച്ചിരുന്ന കാലത്തെ മുന്നണിപ്പോരാളി. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പേരിൽ ഇടുക്കി ജില്ലയിൽ ജനം ഇളകുകയും കത്തോലിക്കാ സഭ അതിനു നേതൃത്വം നൽകുകയും ചെയ്തപ്പോൾ പള്ളിക്കെതിരേ നിലയുറപ്പിക്കാൻ ധൈര്യം കാട്ടിയ നേതാവ്. കത്തോലിക്കാ പുരോഹിതരുടെ നേതൃത്വത്തിൽ പി.ടി തോമസിന്റെ ശവഘോഷയാത്ര നടത്തിയിട്ടും കുലുങ്ങാതെ നിന്ന ധീരൻ. പി.ടി നേടിയ ജനപിന്തുണയൊക്കെയും ഉമയെ തുണച്ചുവെന്നതാണു വസ്തുത.


കോൺഗ്രസുകാരെ സംബന്ധിച്ചിടത്തോളം തൃക്കാക്കര ഒരു നാഴികക്കല്ലാവുകയായിരുന്നു.  തൃക്കാക്കരയിൽ നൂറു തികയ്ക്കാൻ വരികയാണ് ഞങ്ങളെന്ന് ഇടതുപക്ഷം ആർത്തു വിളിച്ചപ്പോൾ കോൺഗ്രസ് വിറച്ചതാണ്. രണ്ടാം പിണറായി ഭരണം രണ്ടാം വർഷത്തിലേയ്ക്കു കടക്കുമ്പോഴാണ് നൂറു തികയ്ക്കാൻ സി.പി.എം തൃക്കാക്കരയിലെത്തിയത്. വരവ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തന്നെ. മന്ത്രിമാരും എം.എൽ.എമാരും പ്രവർത്തകരും അണിമുറിയാതെ പിന്നാലെ. കൊണ്ടുപിടിച്ച പ്രചാരണം. വികസനം തന്നെ പ്രധാന വിഷയം.
ഇടയ്ക്ക് വർഗീയതയും അതിന്റെ കളി കളിച്ചു. എസ്.ഡി.പി.ഐയുടെ വിഷം നിറച്ച മുദ്രാവാക്യം ഒരുവശത്ത്. പി.സി ജോർജിന്റെ മതവിദ്വേഷ പ്രസംഗം മറുവശത്ത്. ജോർജിനെ ഏറ്റുപിടിച്ച് ബി.ജെ.പി. ജോർജിനെതിരേ പൊലിസിനെ വിട്ട് സംസ്ഥാന സർക്കാർ.  മതവിദ്വേഷവും വർഗീയവിഷവും ഒരുവശത്തു കുത്തിയൊഴുകിയെങ്കിലും തൃക്കാക്കരയിലെ ജനങ്ങൾ അങ്ങോട്ടു തിരിഞ്ഞതേയില്ല. ജോർജിനെ കെട്ടുകാഴ്ചയാക്കി കൊണ്ടുനടന്ന ബി.ജെ.പിക്കാവട്ടെ, കെട്ടിവച്ച കാശും പോയിക്കിട്ടി.


ഈ തെരഞ്ഞെടുപ്പ് രാഷ്ട്രീയകേരളത്തിനു മുമ്പിൽ ഉയർത്തിക്കാട്ടുന്ന നേതാവ് വി.ഡി സതീശൻ തന്നെ. അതെ, തൃക്കാക്കരയിൽ കളം നിറഞ്ഞുകളിച്ച പ്രതിപക്ഷ നേതാവ്.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും പരാജയപ്പെട്ട് ശുഷ്‌കിച്ച് പ്രതിപക്ഷത്തിരുന്ന യു.ഡി.എഫിന്റെ നേതാവ്. 1967ൽ കെ. കരുണാകരൻ ഇങ്ങനെയാണ് പ്രതിപക്ഷത്തിരുന്നത്. വെറും ഒമ്പതു കോൺഗ്രസുകാരിലെ ഒന്നാമനായി. മുതിർന്ന നേതാക്കളൊക്കെയും അടർക്കളത്തിൽ കാലിടറി വീണപ്പോൾ കരുണാകരൻ നിയമസഭയിൽ കോൺഗ്രസ് നേതാവായി. അതൊരു സുപ്രധാന വഴിത്തിരിവാക്കി കരുണാകരൻ.


ഭരണപക്ഷത്തെ പ്രബലനായ എം.എൻ ഗോവിന്ദൻ നായരുമായി ചങ്ങാത്തം കൂടി കരുണാകരൻ. ഭരണമുന്നണിയിൽ ഉൾപ്പിരിവുകളുണ്ടാക്കി. വിശ്രമമില്ലാതെ പണിയെടുത്ത് കരുണാകരൻ മുന്നേറി. ഭരണം തിരിച്ചുപിടിക്കേണ്ടത് കോൺഗ്രസിന്റെ ആവശ്യമായിരുന്നു.  ആ ആവശ്യം വലിയൊരാവേശമാക്കി. കോൺഗ്രസിന്റെ നേതൃത്വത്തിൽ കരുണാകരൻ പുതിയൊരു മുന്നണി കൊരുത്തെടുത്തു- ഐക്യജനാധിപത്യ മുന്നണി. പിന്നെ ഇടതും വലതും തിരിഞ്ഞ് രണ്ടു മുന്നണികൾ പരസ്പരം ഏറ്റുമുട്ടി. ഒന്നിടവിട്ട ഇടവേളകളിൽ മുന്നണികൾ മാറിമാറി ഭരണം പിടിച്ചു. ഏറ്റവുമൊടുവിൽ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച നേടി മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാമതും ഭരണം പിടിക്കുംവരെ.
കോൺഗ്രസുകാരും മുസ്‌ലിം ലീഗുകാരും മറ്റു ഘടകകക്ഷികളുമെല്ലാം ഭരണമില്ലാത്തതിന്റെ ബുദ്ധിമുട്ടറിഞ്ഞു. അതും രണ്ടാംതവണ. ഇനിയുമുണ്ട് നാലു വർഷം. അധികാരത്തിന്റെ തണലില്ലാതെ പൊരിവെയിലത്ത്. തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ്  വരുന്നത് അപ്പോഴാണ്. അതെ, തൃക്കാക്കര. കോൺഗ്രസിന്റെ പൊന്നാപുരം കോട്ട. പഴയ കോട്ടകളൊക്കെ വീണിരിക്കുന്നു. ഇതു കൈവിട്ടുകൂടാ എന്നു തീരുമാനിച്ചത് കോൺഗ്രസുകാരാണ്.  കോൺഗ്രസിലെ യുവാക്കളാണ്. അവർക്ക് കോൺഗ്രസിനെ തിരിച്ചു ഭരണത്തിൽ കൊണ്ടുവരണം. അതിനു തൃക്കാക്കര തിരികെ പിടിച്ചേപറ്റൂ.
ഇന്ത്യയിലെ കോൺഗ്രസുകാർക്കു മറക്കാനാവാത്ത വർഷമാണ് 1967. കേരളത്തിൽ കോൺഗ്രസിനെ പിന്നെയും പരാജയപ്പെടുത്തി ഇ.എം.എസ് നമ്പൂതിരിപ്പാട് ഒരിക്കൽകൂടി മുഖ്യമന്ത്രിയായ വർഷം. തമിഴ്‌നാട്ടിൽ കെ. കാമരാജിന്റെ നേതൃത്വത്തിൽ കെട്ടിപ്പൊക്കിയ കോൺഗ്രസ് സംസ്‌കാരത്തെ തകർത്ത് ദ്രാവിഡ സംസ്‌കാരം രാഷ്ട്രീയാധിപത്യം നേടിയ വർഷം. ഒഡിഷ, പശ്ചിമ ബംഗാൾ എന്നിങ്ങനെ പല സംസ്ഥാനങ്ങളിലും 1967ൽ കോൺഗ്രസ് പരാജയപ്പെട്ടു. അവിടെയെങ്ങും കോൺഗ്രസ് പിന്നെ തലപൊക്കിയില്ല. പക്ഷേ, കേരളത്തിൽ പിന്നെയും കോൺഗ്രസ് ഭരണം പിടിച്ചു. കരുണാകരൻ യു.ഡി.എഫ് ഉണ്ടാക്കി. ഒന്നിടവിട്ട് തെരഞ്ഞെടുപ്പുകൾ കൈപ്പിടിയിലൊതുക്കി.  


തളർന്നുകിടക്കുന്ന കോൺഗ്രസിനെ വളർച്ചയുടെ വഴിയിലേയ്ക്കു കൊണ്ടുവരാൻ തൃക്കാക്കരക്ക് കഴിയുമെന്നു കോൺഗ്രസുകാർക്കൊക്കെയും അറിയാമായിരുന്നു. കെ. സുധാകരനും വി.ഡി സതീശനും ഉമാ തോമസിനെ വീട്ടിൽ ചെന്നു കണ്ടു. ഉമയ്‌ക്കെതിരേ എന്തെങ്കിലും പറയാൻ ആർക്കും ധൈര്യമുണ്ടായില്ല. പ്രചാരണത്തിന്റെ നാളുകളിൽ വി.ഡി സതീശൻ തൃക്കാക്കരയിൽ ഉറച്ചുനിന്നു നേതൃത്വം നൽകി. തന്ത്രങ്ങൾ മെനഞ്ഞ് ബുദ്ധിപൂർവം കരുക്കൾ നീക്കാൻ സി.പി ജോണിനെ കൂട്ടിനു വിളിച്ചു.  ജോൺ നിശബ്ദനായി നിർണായകമായ നീക്കങ്ങൾ നടത്തി. എല്ലാവരും ഒത്തുപിടിച്ചപ്പോൾ തൃക്കാക്കര കോൺഗ്രസിനു സ്വന്തമായി.


1967ൽ കെ. കരുണാകരൻ എത്തിനിന്ന സ്ഥാനത്താണ് ഇന്ന് വി.ഡി സതീശൻ നിൽക്കുന്നത്.  പുതിയ സാധ്യതകൾക്കു നടുവിൽനിന്ന കരുണാകരൻ അവയൊക്കെ ബുദ്ധിപൂർവം ഉപയോഗിച്ചു, യു.ഡി.എഫ് കെട്ടിപ്പടുത്തു. ഇന്ന് വി.ഡി സതീശൻ നിൽക്കുന്നതും അതേപോലെ പുത്തൻ സാധ്യതകൾക്കു നടുവിലാണ്, 1967-69 കാലഘട്ടത്തിൽ കരുണാകരൻ രൂപംനൽകിയ ഐക്യജനാധിപത്യ മുന്നണിയുടെ തലപ്പത്ത്. ചരിത്രത്തിലെ വലിയൊരു പരാജയം ഏറ്റുവാങ്ങി ഒരുവർഷം കഴിയുമ്പോൾ കിട്ടിയ തൃക്കാക്കര വിജയത്തിന്റെ പശ്ചാത്തലത്തിൽ എത്തിനിൽക്കന്നു ഇന്ന് വി.ഡി സതീശൻ.
വി.ഡി സതീശന്റെ മുന്നിൽ വലിയ സാധ്യതകൾ ഉയർന്നുനിൽക്കുന്നു. ശ്രദ്ധയോടെ, നിറഞ്ഞ മനസാന്നിധ്യത്തോടെ നീങ്ങാൻ സതീശൻ പഠിക്കണം. പ്രതികൂല സാഹചര്യങ്ങളിൽ യു.ഡി.എഫ് ഉണ്ടാക്കിയെടുത്ത കരുണാകരനെ മുഖ്യമന്ത്രിക്കസേരയിൽ നിന്നു താഴേക്കു വലിച്ചിട്ടത് കോൺഗ്രസുകാർ തന്നെയായിരുന്നുവെന്ന കാര്യം എപ്പോഴും മനസിൽ സൂക്ഷിക്കുകയും വേണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago