മൗലാനാ അബുൽ കലാം ആസാദ്; സ്വാതന്ത്ര്യസമരത്തിന്റെ സൈദ്ധാന്തികനും പോരാളിയും
സി.കെ അബ്ദുൽഅസീസ്
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ഔപചാരിക പ്രഖ്യാപനം നടക്കുന്നതിന് തൊട്ടുമുമ്പ് 1947 ജൂൺ 14ന് ഡൽഹിയിൽ ചേർന്ന ആൾ ഇന്ത്യാ കോൺഗ്രസ് വർക്കിങ് യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കിടയിൽ ഇന്ത്യയെ വെട്ടിമുറിക്കാനുള്ള മൗണ്ട് ബാറ്റൺ ഫോർമുലയോട് ശക്തമായി വിയോജിച്ചവർ രണ്ടുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ- മഹാത്മാഗാന്ധിയും മൗലാനാ അബുൽകലാം ആസാദും. ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം പ്രശ്‌നം പരിഹരിക്കാൻ രാജ്യത്തെ വിഭജിക്കാനുള്ള മൗണ്ട് ബാറ്റൺ ഫോർമുല അംഗീകരിക്കുകയല്ലാതെ മറ്റു ഉപായങ്ങളൊന്നും ഇല്ലെന്നാണ് ജവഹർലാൽ നെഹ്‌റുവും വല്ലഭായ് പട്ടേലുമടക്കമുള്ളവർ വാദിച്ചത്.
സ്വാതന്ത്ര്യസമരത്തിന്റെ പര്യവസാനം വിഭജനമാണെങ്കിൽ, അവിഭക്ത ഇന്ത്യൻ സ്വാതന്ത്ര്യം നേടിയെടുക്കുന്നതുവരെ സമരം തുടരുകയാണ് ഉത്തമം എന്നായിരുന്നു ആസാദിന്റെ നിലപാട്. പക്ഷേ ഗാന്ധിജിയും ആസാദും തോൽപ്പിക്കപ്പെട്ടു. ഈ തോൽവി സമ്മതിച്ചുകൊണ്ട് ആ യോഗത്തിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ അവസാനവാചകങ്ങൾ ഇന്നും പ്രസക്തമാണ്. നമ്മൾ തോൽപ്പിക്കപ്പെട്ടുവെങ്കിലും നമ്മുടെ സംസ്‌കാരം തോൽപിക്കപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്താനാണ് ഇനി നമ്മൾ പ്രയത്‌നിക്കേണ്ടത് എന്നായിരുന്നു മൗലാന ആസാദിന്റെ ആഹ്വാനം. ആധുനിക ഇന്ത്യയെക്കുറിച്ചുള്ള സ്വാതന്ത്ര്യസമരനായകരുടെ ഈ വിഭാവനകളുടെ അതിജീവനംപോലും അസാധ്യമാക്കുന്നതരത്തിൽ ഛിദ്രശക്തികൾ മേൽക്കോയ്മ നേടുന്ന സാഹചര്യത്തിൽ 'നമ്മുടെ സംസ്‌കാരം തോൽപ്പിക്കപ്പെടില്ലെന്ന്' ഉറപ്പുവരുത്താനുള്ള ആസാദിന്റെ ആഹ്വാനം കാലാതിവർത്തിയായ ഒരു സന്ദേശമായിതീർന്നിരിക്കുന്നു.
മഹാത്മാഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിൽ രംഗപ്രവേശനം ചെയ്തു തുടങ്ങുന്ന കാലത്ത് മൗലാനാ ആസാദ് ബിഹാറിൽ തടവിൽ കഴിയുകയായിരുന്നു. ഇതിന് കാരണം അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയിരുന്ന അൽഹിലാൽ എന്ന ഉറുദു പത്രത്തിന്റെ ബ്രിട്ടിഷ് വിരുദ്ധതയും അതിന് ജനങ്ങൾക്കിടയിൽനിന്ന് ലഭിച്ച സ്വീകാര്യതയുമായിരുന്നു. 1914 ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ അൽഹിലാൽ പത്രം സർക്കാർ കണ്ടുകെട്ടി.
ഉത്തരേന്ത്യയിൽ അന്ന് ഉറുദുവിലും പഞ്ചാബിലും ബംഗാളിലുമെല്ലാം അച്ചടിച്ചിറങ്ങുന്ന നിരവധി പത്രങ്ങളുണ്ടായിരുന്നെങ്കിലും ആഴ്ചയിൽ ഇരുപത്തി ആറായിരം കോപ്പികൾ അച്ചടിക്കുകയും സാധാരണ ജനങ്ങൾക്കിടയിൽ വലിയ പ്രചാരം നേടുകയും ചെയ്ത പത്രമായിരുന്നു അൽഹിലാൽ. അൽഹിലാൽ കണ്ടുകെട്ടിയപ്പോൾ ആസാദ് അൽബലാഗ് എന്ന പേരിൽ മറ്റൊരു പത്രം തുടങ്ങി. അതോടെ, പ്രതിരോധ നിയമം ഉപയോഗിച്ച് അദ്ദേഹത്തെ കൽക്കത്തയിൽനിന്ന് പുറത്താക്കി. പിന്നീട് പഞ്ചാബ്, ഡൽഹി, യു.പി, ബോംബെ തുടങ്ങിയിടത്തെല്ലാം സർക്കാർ മൗലാനാ ആസാദിന് നിരോധനം ഏർപ്പെടുത്തി. അങ്ങനെയാണ് 1916ൽ അദ്ദേഹം ബിഹാറിൽവച്ച് അറസ്റ്റ് ചെയ്യപ്പെട്ടത്. 1920 ജനുവരിയിൽ ജയിൽ മോചിതനായതിനുശേഷമാണ് അന്ന് ചമ്പാരൻ കർഷക പ്രക്ഷോഭത്തിൽ ഏർപ്പെട്ട് ബിഹാറിലുണ്ടായിരുന്ന ഗാന്ധിയുമായി മൗലാനാ ആസാദ് കണ്ടുമുട്ടുന്നത്.
ഒന്നാം ലോകമഹായുദ്ധത്തിൽ പരാജയപ്പെട്ട ജർമനിയുടെ സഖ്യശക്തിയായിരുന്ന തുർക്കിയുടെ കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ ഇസ്‌ലാമിക ഖിലാഫത്ത് പരിരക്ഷിക്കപ്പെടുമെന്നും ജസീറത്തുൽ അറബിൽനിന്ന് ബ്രിട്ടിഷുകാർ പിന്മാറണമെന്നുമുള്ള ആവശ്യമുയർത്തി രൂപീകരിക്കപ്പെട്ട ആൾ ഇന്ത്യാ ഖിലാഫത്ത് കോൺഫറൻസിലേക്ക് ഗാന്ധി ക്ഷണിക്കപ്പെടുന്നതിലേക്കും പിന്നീട് അതിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിലേക്കും ചരിത്രപ്രസിദ്ധമായ ഖിലാഫത്ത്-നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കുന്നതിലേക്കുമെല്ലാം മൗലാനാ ആസാദും ഗാന്ധിയും തമ്മിലുള്ള ഈ ബന്ധം വളർന്നെത്തുകയുണ്ടായി.
1880ൽ മതപാണ്ഡിത്യത്തിന് പുകൾപെറ്റ ഒരു കുടുംബത്തിൽ മക്കയിലാണ് അദ്ദേഹം ഭൂജാതനായത്. ബാബർ ചക്രവർത്തിയുടെ കാലത്ത് ഹിരാത്തിൽനിന്ന് വന്ന് ആഗ്രയിലും ഡൽഹിയിലും സ്ഥിരതാമസമാക്കിയവരാണ് അദ്ദേഹത്തിന്റെ മുൻഗാമികൾ. അക്ബർ ചക്രവർത്തിയുടെ കാലത്തും ഷാജഹാൻ ചക്രവർത്തിയുടെ കാലത്തും ഭരണരംഗങ്ങളിൽ ഉന്നത ഉദ്യോഗങ്ങൾ വഹിച്ചിരുന്നവരായിരുന്നു പ്രപിതാക്കൾ. അദ്ദേഹത്തിന്റെ പിതാവ് മൗലാനാ ഖൈറുദ്ദീൻ മക്കയിലേക്ക് കുടിയേറുകയും മദീനയിലെ പണ്ഡിതൻ ശൈഖ് മുഹമ്മദ് വത്രിയുടെ പുത്രിയെ വിവാഹം ചെയ്യുകയും ചെയ്തു.
1890 ലാണ് അബുൽ കലാം ആസാദിന്റെ കുടുംബം കൽക്കത്തയിലേക്ക് മടങ്ങുന്നത്. പിതാവ് പാശ്ചാത്യ വിദ്യാഭ്യാസത്തോട് ഒട്ടും താൽപര്യമില്ലാത്ത പാരമ്പര്യ പണ്ഡിതനായിരുന്നു. അക്കാരണത്താൽ മതപാരമ്പര്യ സമ്പ്രദായത്തിലുള്ള അറബി, പേർഷ്യൻ ഭാഷാ പഠനം, തത്വചിന്ത, ജ്യോമട്രി, ഗണിതശാസ്ത്രം, ആൾജിബ്ര തുടങ്ങിയ ശാസ്ത്രവിഷയങ്ങളിൽ അറബിയിലുള്ള പഠനം, ഇസ്‌ലാമിക ദൈവശാസ്ത്രപഠനം എന്നിവയിൽ മാത്രം അദ്ദേഹത്തിന്റെ ആദ്യകാല വിദ്യാഭ്യാസം ഒതുങ്ങിനിന്നു. മൗലാന ഖൈറുദ്ദീൻ പുത്രനെ വീട്ടിലിരുത്തിയാണ് പഠിപ്പിച്ചത്. മദ്റസകൾക്ക് അക്കാലത്തുണ്ടായിരുന്ന നിലവാരത്തകർച്ചയാവണം ഇതിനു കാരണമെന്ന് മൗലാനാ ആസാദ് ആത്മകഥയിൽ നിരീക്ഷിക്കുന്നുണ്ട്.
ആധുനിക ലോകവുമായി മുന്നോട്ടുപോവണമെങ്കിൽ പാശ്ചാത്യ വിദ്യാഭ്യാസം കരസ്ഥമാക്കുകയെന്നത് അനുപേക്ഷണീയമാണെന്ന സർ സയ്യിദ് അഹമ്മദ് ഖാന്റെ അഭിപ്രായം മൗലാനാ ആസാദിലും വലിയ സ്വാധീനം ചെലുത്തുകയുണ്ടായി. എന്നാൽ സർ സയ്യിദിന്റെയും സഹയാത്രികരുടെയും ബ്രിട്ടിഷ് വിധേയത്വത്തെ അദ്ദേഹം നിശിതമായി വിമർശിച്ചുകൊണ്ടാണ് ആസാദ് രാഷ്ട്രീയരംഗത്തേക്കെത്തിയത്. ബ്രിട്ടീഷ് ഭരണത്തിൽ ഉദ്യോഗങ്ങളോ സ്ഥാനമാനങ്ങളോ നേടിയെടുക്കുക എന്നതിനല്ല ബ്രിട്ടീഷ് അടിമത്തത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാനാണ് മുസ്‌ലിംകൾ രംഗത്തിറങ്ങേണ്ടത് എന്നദ്ദേഹം ഉദ്‌ഘോഷിക്കുകയും ചെയ്തു. ഈ ഉദ്യമത്തിൽ അദ്ദേഹം ബംഗാളിലെ തീവ്രവാദ ഗ്രൂപ്പുകളുമായി ചേർന്നുകൊണ്ടാണ് രാഷ്ട്രീയപ്രവർത്തനങ്ങളിൽ സജീവമാവുന്നത്. ശ്യാം സുന്ദർ ചക്രവർത്തിയാണ് അദ്ദേഹത്തെ ഈ ഹിന്ദുവിപ്ലവകാരികളുമായി അടുപ്പിക്കുന്നതെന്ന് ആസാദ് തന്റെ ആത്മകഥയിൽ പറയുന്നുണ്ട്.
ഇന്ത്യയുടെ മോചനത്തെക്കുറിച്ചുള്ള മൗലാനാ ആസാദിന്റെ ചിന്തകളിൽ ഹിന്ദു-മുസ്‌ലിം വേർതിരിവിന്റെ ഒരംശം പോലും കടന്നുവന്നിരുന്നില്ല. ഹ്രസ്വകാലം മാത്രമാണെങ്കിലും ഈ വിപ്ലവസംഘങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം സാക്ഷ്യപ്പെടുത്തുന്നത് ദേശീയവിമോചന പ്രക്ഷോഭത്തിന്റെ നെടുനായകസ്ഥാനത്തേക്ക് പിൽക്കാലത്തുയർന്നുവന്ന ഘട്ടത്തിലും മതവും മതേതരത്വവും ഒരേ ചരടിൽ കോർത്ത കണ്ണികൾപോലെയാണ് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലും രാഷ്ട്രീയജീവിതത്തിലും നിറഞ്ഞുനിന്നത്.
സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്ര പുനർനിർമാണത്തിൽ ആസാദിന്റെ ഏറ്റവും പ്രമുഖമായ സംഭാവനകൾ ആർക്കും മായ്ച്ചുകളയാൻ പറ്റാത്തവിധത്തിൽ മുദ്രണം ചെയ്യപ്പെട്ടിട്ടുള്ളത് വിദ്യാഭ്യാസരംഗത്താണ്. Education is the Problem of Problems in Asia എന്നാണദ്ദേഹം പറഞ്ഞിരുന്നത്. കാരണം കൊളോണിയൽ സമ്പ്രദായത്തിൽ നിന്ന് വിദ്യാഭ്യാസരംഗത്തെ മോചിപ്പിക്കുകയും പുനഃസംഘടിപ്പിക്കുകയും ചെയ്യുകയെന്നത് കൊളോണിയൽ വിരുദ്ധ സമരംപോലെ തന്നെ ശ്രമകരമായിരുന്നു. ഈ ദൗത്യമാണ് 1947 മുതൽ 1958 വരെ അദ്ദേഹം വിജയകരമായി നിർവഹിച്ചത്.
ബഹുസ്വരതകൊണ്ട് സമ്പന്നമായ സംസ്‌കാരങ്ങളുടെയും വിശ്വാസങ്ങളുടെയും അടിത്തറയിൽ ദേശീയൈക്യത്തെ പരിപോഷിപ്പിക്കുക എന്നതായിരിക്കണം വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് അദ്ദേഹം കരുതി. നിലവിലെ വിദ്യാഭ്യാസ രംഗത്തെ സമൂലമായി ഉടച്ചുവാർക്കുകയെന്ന ഉദ്ദേശത്തോടെ 1948 ൽ യൂണിവേഴ്‌സിറ്റി ഗ്രാന്റഡ് കമ്മീഷൻ, ഖേർ കമ്മിറ്റി ഫോർ എജുക്കേഷൻ തുടങ്ങിയവക്ക് രൂപം നൽകി. ഇന്ന് സർക്കാരിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര-സാങ്കേതിക ഗവേഷണ-പഠന സ്ഥാപനങ്ങൾക്കെല്ലാം അടിത്തറയിട്ടത് അദ്ദേഹത്തിന്റെ കാലത്താണ്. വിദ്യാഭ്യാസ സമ്പ്രദായത്തെ ജനാധിപത്യവൽക്കരിക്കുക എന്നതായിരുന്നു ആസാദിന്റെ വിദ്യാഭ്യാസ നയത്തിന്റെ പ്രഖ്യാപിതലക്ഷ്യം. പാഠ്യപദ്ധതി പരിഷ്‌കരണത്തിലും അധ്യാപക പരിശീലനരംഗത്തും ഈ ജനാധിപത്യവൽക്കരണത്തിന്റെ ആശയങ്ങൾ തന്നെയാണ് അദ്ദേഹം മുന്നോട്ടുവച്ചത്. പാഠ്യപദ്ധതി സ്വതന്ത്രചിന്തയെയും തീരുമാനമെടുക്കാനുള്ള ശേഷിയെയും പ്രോത്സാഹിപ്പിക്കുന്നതായിരിക്കണം.
എങ്ങനെ പഠിക്കണമെന്ന് പഠിപ്പിക്കുന്ന ഒരു പ്രക്രിയയായിരിക്കണം വിദ്യാഭ്യാസം എന്നായിരുന്നു ആസാദിന്റെ കാഴ്ചപ്പാട്. സെക്കൻഡറി വിദ്യാഭ്യാസം വരെ വിദ്യാഭ്യാസം സാർവത്രികമാക്കുകയും കുട്ടികളുടെ ബഹുമുഖമായ കഴിവുകളെയും അഭിരുചികളെയും വളർത്താനും കുട്ടികളെ ഉന്നതവിദ്യാഭ്യാസത്തിനു സജ്ജരാക്കാനുള്ള മാർഗദർശിയായി സെക്കൻഡറി വിദ്യാഭ്യാസത്തെ പുനഃസംഘടിപ്പിക്കാനും അദ്ദേഹത്തിന്റെ കാലത്തുണ്ടായ പരിഷ്‌കരണങ്ങൾ തുടക്കം കുറിച്ചു. വിദ്യാർഥികളിൽ സമത്വബോധവും സമഭാവനയും നട്ടുപിടിപ്പിക്കുന്ന തരത്തിൽ പാഠപുസ്തക പരിഷ്‌കരണത്തിനും തുടക്കം കുറച്ചത് അദ്ദേഹത്തിന്റെ കാലത്താണ്.
ജനാധിപത്യത്തിന് വേണ്ടിയുള്ള വിദ്യാഭ്യാസം എന്നാണ് അദ്ദേഹം വിദ്യാഭ്യാസ സമ്പ്രദായത്തെ വിശേഷിപ്പിച്ചത്. സാമൂഹിക വിദ്യാഭ്യാസം എന്ന പുതിയ ആശയത്തിനും അടിക്കല്ലിടുകയുണ്ടായി. കുട്ടികളിലും പ്രായമായവരിലുമെല്ലാം സാക്ഷരതക്കൊപ്പം അവകാശബോധവും പൗരന്മാരുടെ ഉത്തരവാദിത്വവും വിദ്യാസമ്പന്നമായ മനസും പ്രദാനം ചെയ്യുകയെന്നതായിരുന്നു സാമൂഹികവിദ്യാഭ്യാസം ലക്ഷ്യമിട്ടത്. സാമൂഹികബോധവും സമഭാവനയുമില്ലാത്തവർ വിചാരിച്ചാൽ വെട്ടിമാറ്റാൻ പറ്റാത്ത വിധത്തിൽ ഇന്ത്യാചരിത്രത്തിൽ ദീപസ്തംഭം പോലെ നിലനിൽക്കുന്ന മഹദ് വ്യക്തിത്വമാണ് മൗലാനാ അബുൽകലാം ആസാദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."