പി.സി ജോർജ് ചോദ്യം ചെയ്യലിന് ഹാജരായി അറസ്റ്റ് മുഖ്യമന്ത്രിയും വി.ഡി സതീശനും ചേർന്ന് നടത്തിയ ഗൂഢാലോചന: ജോർജ്
തിരുവനന്തപുരം
മതവിദ്വേഷ പ്രസംഗക്കേസിൽ മുൻ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിനെ പൊലിസ് ചോദ്യംചെയ്തു. ഫോർട്ട് അസി. കമ്മിഷണർ ഓഫിസിലാണ് പി.സി ജോർജ് ചോദ്യംചെയ്യലിന് ഹാജരായത്. അനന്തപുരി ഹിന്ദു കൺവൻഷനിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് കേസിലാണ് നടപടി.
രാവിലെ അഭിഭാഷകർക്കൊപ്പമാണ് ചോദ്യം ചെയ്യലിന് പി.സി ജോർജ് എത്തിയത്. ഫോർട്ട് എ.സിയുടെ നേതൃത്വത്തിൽ 11.30ന് ആരംഭിച്ച ചോദ്യംചെയ്യൽ ഒന്നര മണിക്കൂർ നീണ്ടു. നവമാധ്യമങ്ങളിൽ കണ്ട ചില പ്രസംഗങ്ങൾ ആവർത്തിച്ചതാണെന്നും മതവിദ്വേഷമുണ്ടാക്കാനുള്ള ശ്രമം നടത്തിയിട്ടില്ലെന്നും ജോർജ് പൊലിസിനോട് പറഞ്ഞു. ചോദ്യം ചെയ്യൽ വിഡിയോയിൽ ചിത്രീകരിച്ചു. പനി ആയതിനാൽ ഇന്നലെ ശബ്ദസാംപിൾ എടുക്കാനായില്ല. ശബ്ദപരിശോധനയ്ക്ക് അടുത്ത ആഴ്ച ഹാജരാകാൻ പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രാഞ്ജലി സ്റ്റുഡിയോ, ആകാശവാണി എന്നിവിടങ്ങളിൽ ഇതിനായി സൗകര്യമൊരുക്കി. പകപോക്കലാണ് നിലവിൽ നടക്കുന്നതെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് കേസെന്നും ചോദ്യംചെയ്യലിനു ശേഷം പുറത്തിറങ്ങിയ പി.സി ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, പി.സി.ജോർജിന്റെ വിവാദ പ്രസംഗത്തിന് പിന്നിൽ ബാഹ്യ ഇടപെടലോ ഗൂഢാലോചനയോ ഉണ്ടോയെന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."