സെർവർ റൂമിൽ തീപിടിത്തം; കാലിക്കറ്റിൽ പരീക്ഷകൾ മുടങ്ങി
തേഞ്ഞിപ്പലം
കാലിക്കറ്റ് സർവകലാശാലയിലെ സെർവർ റൂമിൽ ഇന്നലെ രാവിലെയുണ്ടായ അഗിനിബാധ കാരണം പി.ജി ഒന്നാം സെമസ്റ്റർ പരീക്ഷകൾ ഉൾപ്പെടെ മുടങ്ങി. പരീക്ഷ എഴുതാൻ നിരവധി കോളജുകളിൽ വിദ്യാർഥികൾ ഉച്ചക്ക് ഒന്നര മുതൽ കാത്തിരുന്നെങ്കിലം ചോദ്യപേപ്പർ ലഭിക്കാത്തതിനാൽ ഇവർക്ക് പരീക്ഷ എഴുതാനാകാതെ മടങ്ങേണ്ടി വന്നു. ടാഗോർ നികേതൻ കെട്ടിടത്തിന് പിറകിലുള്ള സെർവർ റൂമുമായി ബന്ധപ്പെട്ട യു.പി.എസ് കപ്പാസിറ്റർ പുകഞ്ഞ് കത്തിയത് കാരണം ഡാറ്റാ സെന്റർ പ്രവർത്തനമടക്കം മണിക്കൂറുകളോളമാണ് മുടങ്ങിയത്.
അഞ്ചു വർഷത്തിലധം പഴക്കമുള്ള യു.പി.എസ് ആണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതരക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡാറ്റാ സെന്റർ ടെക്നീഷ്യൻ ടി. അഖിൽ സെർവർ മുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ട് മേലധികാരികളെ വിവരമറിയിക്കുകയായിരുന്നു. പുക ശ്വസിച്ച അഖിലിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഫയർഫോഴ്സും സ്ഥലത്തെത്തി. വർഷങ്ങളോളം പഴക്കമുള്ളതാണ് ഇവിടെയുള്ള രണ്ട് സെർവറുകൾ. ചോദ്യ പേപ്പറുകൾ നേരത്തേ സെന്ററുകളിൽ നേരിട്ടെത്തിക്കുന്നതിനു പകരമായി പരീക്ഷ തുടങ്ങുന്നതിനു മുമ്പ് ഓൺ ലൈൻ വഴി അയച്ചു കൊടുക്കുന്ന പരിഷ്കാരം ഏർപ്പെടുത്തിയെങ്കിലും ഇതിനാവശ്യമായ പുതിയ സെർവർ സ്ഥാപിക്കാൻ സർവകലാശാല നടപടികൾ സ്വീകരിച്ചിരുന്നില്ലെന്നും പറയുന്നു.
ഇന്നലെ നടക്കേണ്ടിയിരുന്ന പി.ജി ഒന്നാം സെമസ്റ്റർ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."