ഹിന്ദു ഐക്യവേദിയും എന്‍.ഡി.എഫും സമാധാനാന്തരീക്ഷം തകര്‍ക്കുന്നു: എസ്.കെ.എസ്.എസ്.എഫ്
തൃശൂര്‍: മുസ്‌ലിം മത സ്ഥാപനങ്ങളിലേക്ക് മാര്‍ച്ച് നടത്തി കേരളത്തിലെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഹിന്ദു ഐക്യവേദിയുടെ ശ്രമങ്ങളെ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് എസ്.കെ എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മതവിശ്വാസത്തിനും മതപ്രബോധനത്തിനും രാജ്യത്തിന്റെ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം കൈക്കരുത്ത് കൊണ്ട് കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിക്കരുത്. പൗരാണിക കാലം മുതല്‍ സ്‌നേഹത്തോടെയും ഐക്യത്തോടെയും ജീവിക്കുന്ന കേരളീയ സമൂഹത്തിനിടക്ക് വര്‍ഗീയതയുടെ വിഷം കുത്തിനിറക്കാനുള്ള ഹിന്ദു ഐക്യവേദിയുടെ ആസൂത്രിതമായ ശ്രമം അങ്ങേയറ്റം അപലപനീയമാണ്.
അതേസമയം മുസ്‌ലിം സ്ഥാപനങ്ങളുടെ സംരക്ഷണം എന്‍.ഡി.എഫ് ഏറ്റെടുക്കേണ്ടതില്ലെന്നും പ്രമേയം കൂട്ടിച്ചേര്‍ത്തു. ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിം സമൂഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാനുളള സംഘ പരിവാര്‍ ശക്തികളുടെ ശ്രമത്തില്‍ നിന്ന് സമുദായത്തിലെ സ്ഥാപനങ്ങളെ സംരക്ഷിക്കാനുളള ബാധ്യത സ്വയം ഏറ്റെടുത്ത എന്‍.ഡി.എഫിന്റെ സംരക്ഷണം ഈ സമുദായത്തിന് ആവശ്യമില്ല.
സ്ഥാപനങ്ങളെ നിലനിര്‍ത്താനും സംരക്ഷിക്കാനും കഴിവും ആര്‍ജ്ജവുമുളള സമുദായ നേതൃത്വമാണ് കേരളത്തിലുളളത്. ഹിന്ദു ഐക്യവേദിയും എന്‍.ഡി.എഫും കുഴപ്പങ്ങളുണ്ടാക്കി നേട്ടം കൊയ്യാനുളള ശ്രമത്തിന്റെ ഭാഗമായാണ് ഈ അടുത്ത ദിവസങ്ങളില്‍ ചില സംഭവങ്ങള്‍ കേരളത്തില്‍ അരങ്ങേറിയത്.
കേരളത്തില്‍ നിയമവാഴ്ചയെ കയ്യിലെടുക്കാന്‍ ആരേയും അനുവദിക്കാന്‍ പാടില്ല. നിയമപാലകരും സര്‍ക്കാരും ആവശ്യമായ മുന്‍കരുതലുകളും നടപടിയും എടുത്താല്‍ മാത്രമേ ഇത്തരം കക്ഷികളില്‍ നിന്ന് കേരളത്തെ രക്ഷിക്കാനാവൂ.
തൃശൂര്‍ എം.ഐ സിയില്‍ ചേര്‍ന്ന യോഗം സിദ്ദീഖ് ഫൈസി മങ്കരയുടെ അധ്യക്ഷതയില്‍ എസ്.കെ.എസ് എസ്.എസ്.എഫ് യു.എ.ഇ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹുസൈന്‍ ദാരിമി അകലാട് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം വിഷയാവതരണം നടത്തി. ഇബ്രാഹീം ഫൈസി പഴുന്നാന, അഡ്വക്കറ്റ് ഹാഫിള് അബൂബക്കര്‍, ശിയാസ് അലി വാഫി, നൗഫല്‍ ചേലക്കര, ഹബീബ് വരവൂര്‍, ഷാഹുല്‍ പഴുന്നാന, റഫീഖ് മൗലവി മങ്കര, ഷെഫീഖ് വെന്‍മേനാട്, സലീം അന്‍വരി, സുഹൈല്‍ പന്തല്ലൂര്‍, മുഹമ്മദ് റാഷിദ്, സിറാജുദ്ദീന്‍ തെന്നല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."