നോക്കൂ, അത് വ്യാജനാണേ…; ജാഗ്രത പുലര്‍ത്തണമെന്ന് ഐ.ആര്‍.സി.ടി.സി; വ്യാജ ആപ്പുകളില്‍ നിന്നും വെബ്‌സൈറ്റുകളില്‍ നിന്നും എങ്ങനെ രക്ഷപ്പെടാം
വ്യാജ ആപ്പുകളില്‍ നിന്നും വെബ്‌സൈറ്റുകളില്‍ നിന്നും എങ്ങനെ രക്ഷപ്പെടാം
വ്യാജ അപ്ലിക്കേഷനുകള്‍ക്കെതിരെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്. ഐ.ആര്‍.സി.ടി.സി( ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍. വ്യാജ വെബ്‌സൈറ്റും ആപ്പും യഥാര്‍ഥ ഐ.ആര്‍.സി.ടി.സി ആപ്പിനോടും വെബ്‌സൈറ്റിനോടും സാമ്യമുള്ളതിനാല്‍ ഉപയോക്താക്കള്‍ക്ക് ഇവ രണ്ടും വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്.
irctcconnect.apk എന്ന സംശയാസ്പദമായ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നാണ് ഐ.ആര്‍.സി.ടി.സി മുന്നറിയിപ്പ് നല്‍കുന്നത്. വാട്‌സാപ്പും ടെലഗ്രാമും പോലെ നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന മെസ്സേജിങ് പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ഈ ആപ്ലിക്കേഷന്‍ വ്യാപകമായി പ്രചരിക്കുന്നത്. ഐ.ആര്‍.സി.ടി.സിയില്‍ നിന്ന് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ആപ്പ് ഇതാണെന്ന് പറഞ്ഞ് തട്ടിപ്പുകാര്‍ വ്യാജ വെബ്‌സൈറ്റിന്റെ ലിങ്കോ ആപ്പിന്റെ apk ഫയലോ നല്‍കിക്കൊണ്ടാണ് സന്ദേശങ്ങള്‍ അയക്കുന്നത്.
ഇത്തരത്തില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ, വെബ്‌സൈറ്റില്‍ കയറുകയോ ചെയ്യുന്ന ഉപയോക്താക്കളില്‍ നിന്ന് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള സെന്‍സിറ്റീവായ കാര്യങ്ങള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കുന്നു. മാത്രമല്ല ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നമ്മുടെ ഡിവൈസ് ഇന്‍ഫെക്റ്റഡാകാനും സാധ്യതയുണ്ടെന്നും റെയില്‍വേ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഈ വെബ്‌സൈറ്റിനെ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്നും ഭാവിയില്‍ സമാനമായ ഏതെങ്കിലും വെബ്‌സൈറ്റോ ആപ്പോ ശ്രദ്ധയില്‍പെട്ടാല്‍ ഇതില്‍ വീഴരുതെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.
തട്ടിപ്പുകാര്‍ പ്രമുഖ കമ്പനികളുടേയും മറ്റും വ്യാജ വെബ്‌സൈറ്റുകളോ ആപ്പുകളോ ഉണ്ടാക്കുന്നത് ഇതാദ്യമല്ല. അക്കൗണ്ട് ഉടമകളില്‍ നിന്നും പണം തട്ടിയെടുക്കാന്‍ എസ്.ബി.ഐയുടെ വ്യാജ വെബ്‌സൈറ്റും ആപ്പും നിര്‍മിച്ചിരുന്നുവെന്നും ഉപയോക്താക്കള്‍ ഇതില്‍ വീഴരുതെന്ന് എസ്.ബി.ഐയും നിര്‍ദ്ദേശം നല്‍കിയിരുന്നു.
വ്യാജ ആപ്പുകളില്‍ നിന്നും വെബ്‌സൈറ്റുകളില്‍ നിന്നും എങ്ങനെ രക്ഷപ്പെടാം
വിശ്വസനീയമായ ആപ്പ് സ്റ്റോറുകള്‍
ആന്‍ഡ്രോയിഡിലെ ഗൂഗിള്‍ പ്ലേ, ഐഫോണുകളിലെ ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവ പോലുള്ള വിശ്വസനീയ ആപ്പ് സ്റ്റോറുകളില്‍ നിന്ന് എപ്പോഴും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.
സുരക്ഷിതമായ ഇന്റര്‍നെറ്റ് കണക്ഷന്‍
ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യുമ്പോള്‍, എല്ലായ്‌പ്പോഴും സുരക്ഷിതമായ കണക്ഷന്‍ ഉപയോഗിക്കുക. അഡ്രസ് ബാറിലെ പാഡ്‌ലോക്ക് ഐക്കണ്‍ നോക്കി നിങ്ങളുടെ കണക്ഷന്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക. ഇത് നിങ്ങളുടെ വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും ഹാക്കര്‍മാര്‍ക്ക് തടയാനാകില്ലെന്നും ഉറപ്പാക്കുന്നു.
യു.ആര്‍.എല്‍ പരിശോധിക്കുക
ഒരു വെബ്‌സൈറ്റില്‍ ഏതെങ്കിലും വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ നല്‍കുന്നതിന് മുമ്പ്, നിങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന വെബ്‌സൈറ്റ് തന്നെയല്ലേയെന്ന് ഉറപ്പുവരുത്തുക. ഉപയോക്താക്കളെ കബളിപ്പിക്കുന്നതിനായി വ്യാജ യു.ആര്‍.എല്‍ ഉപയോഗിച്ച് വ്യാജ സൈറ്റുകള്‍ സൃഷ്ടിച്ചേക്കാം.
വെബ്‌സൈറ്റുകള്‍ കണ്ടെത്തുന്നതിന് ഗൂഗിള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തുക
വെബ്‌സൈറ്റ് ലിങ്കുകള്‍ കണ്ടെത്താന്‍ ആളുകള്‍ പലപ്പോഴും ഗൂഗിളിനെ ആണ് ആശ്രയിക്കാറുള്ളത്. ഏതൊരു ഓണ്‍ലൈന്‍ ഇടപാടിന് മുമ്പും വെബ്‌സൈറ്റിന്റെ ആധികാരികത ശ്രദ്ധാപൂര്‍വ്വം പരിശോധിക്കേണ്ടത് പ്രധാനമാണ്. വ്യാജ വെബ്‌സൈറ്റുകള്‍ക്ക് ഉയര്‍ന്ന റാങ്ക് നല്‍കുന്നതിന് തട്ടിപ്പുകാര്‍ ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങളില്‍ കൃത്രിമം കാണിച്ചേക്കാം.
അക്ഷരതെറ്റുകളും വ്യാകരണ പിശകുകളും പരിശോധിക്കുക
വ്യാജ വെബ്‌സൈറ്റുകളില്‍ അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും ഉണ്ടാകാം, അതേസമയം നിയമാനുസൃത വെബ്‌സൈറ്റുകള്‍ സാധാരണയായി പ്രൊഫഷണലായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതിനാല്‍ അത്തരം പിശകുകളില്ലാത്തതാണ്. ഒരു വെബ്‌സൈറ്റില്‍ ഏതെങ്കിലും അക്ഷരപ്പിശകുകളോ വ്യാകരണ പിശകുകളോ നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍, അത് വ്യാജനാണെന്ന് തിരിച്ചറിയുക.
കോണ്‍ടാക്ട് ഇന്റഫര്‍മേഷന്‍ നോക്കുക
നിയമാനുസൃത വെബ്‌സൈറ്റുകളില്‍ സാധാരണയായി ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ അല്ലെങ്കില്‍ കോണ്‍ടാക്ട് അഡ്രസ് പോലുള്ള വിവരങ്ങള്‍ ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള വിവരങ്ങളൊന്നും വെബ്‌സൈറ്റില്‍ ഇല്ലെങ്കില്‍ ഇത് വ്യാജസൈറ്റാണെന്ന് ഊഹിക്കാം.
ഏറ്റവും പ്രധാനമായി, സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങളില്‍ ഒരിക്കലും വീഴരുത്. എസ്ബിഐ അല്ലെങ്കില്‍ ഐആര്‍സിടിസി പോലുള്ള ഗവണ്‍മെന്റ് ഓര്‍ഗനൈസേഷനുകള്‍ ഒരിക്കലും അതിന്റെ ഉപയോക്താക്കളോട് ഏതെങ്കിലും ലിങ്കില്‍ ക്ലിക്കുചെയ്യാനോ അല്ലെങ്കില്‍ എസ്.എം.എസ് വഴി പങ്കിടുന്ന ലിങ്കുകളിലൂടെ വിശദാംശങ്ങള്‍ പങ്കിടാനോ ആവശ്യപ്പെടാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."