HOME
DETAILS

എന്തുകൊണ്ട് സെൻസസിൽ ജാതി ഉൾപ്പെടുത്തണം

  
backup
June 08 2022 | 04:06 AM

why-caste-should-be-included-in-the-census-2022

വി.ആർ ജോഷി

സെൻസസിൽ ജാതിതിരിച്ച് കണക്കെടുപ്പ് നടത്തണമെന്ന ആവശ്യം രാജ്യവ്യാപകമായി ശക്തമായി കൊണ്ടിരിക്കുകയാണ്. സെൻസസ് എന്നാൽ ജാതി, മതം, ലിംഗം, പ്രായം, തൊഴിൽ തുടങ്ങി രാജ്യത്തെ ഓരോ വ്യക്തിയെയും കുടുംബത്തെയും സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ശേഖരിച്ച് നടത്തുന്ന കണക്കെടുപ്പാണ്. 1881 മുതലാണ് ഇന്ത്യയിൽ സെൻസസ് തുടങ്ങിയത്. 1931 വരെ ഇത്തരം എല്ലാ വിവരങ്ങളും ശേഖരിച്ചുകൊണ്ട് സെൻസസ് നടക്കുകയുണ്ടായി. എന്നാൽ 1931നു ശേഷം പട്ടികവിഭാഗങ്ങളുടെ ഒഴികെ മറ്റുള്ളവരുടെ ജാതിവിവരങ്ങൾ ശേഖരിക്കുന്നത് ഒഴിവാക്കി. ഇങ്ങനെ ഒഴിവാക്കാനുണ്ടായ കാരണങ്ങളിൽ പ്രധാനം, 1930കളിൽ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നിയമലംഘന സമരവും നിസ്സഹകരണ സമരവും ശക്തിപ്രാപിച്ചു വരികയായിരുന്നു. ഒപ്പം ഹിന്ദു-മുസ്‌ലിം ചേരിതിരിവും തുടങ്ങി. സെൻസസിൽ ജാതിപ്പേര് ഒഴിവാക്കിയാൽ ഹിന്ദുവിഭാഗങ്ങളുടെ ഐക്യം ശക്തിപ്പെടുമെന്ന അഭിപ്രായം ഹിന്ദു സംഘടനകളിൽ, വിശേഷിച്ചും ആര്യസമാജം പോലുള്ള പ്രസ്ഥാനങ്ങളിൽ വളർന്നുവന്നിരുന്നു. ഇങ്ങനെയൊരു ഒരു നിവേദനം അവർ വൈസ്രോയിക്ക് നൽകുകയും ചെയ്തു. വൈസ്രോയി നിവേദനം സെൻസസ് കമ്മിഷണർ ഹട്ടനു കൈമാറി. തുടർന്ന് 1931ലെ സെൻസസിൽ ജാതി രേഖപ്പെടുത്താൻ ആഗ്രഹമില്ലാത്ത ഹിന്ദുക്കൾക്ക് അപ്രകാരം ആകാമെന്ന നിർദേശമുണ്ടായി. തുടർന്ന് 1931ൽ നടന്ന സെൻസസിൽ 23,86,22,602 ഹിന്ദുക്കളിൽ കേവലം 18,83,464 പേർ (0.79%) മാത്രമാണ് ജാതിയില്ലെന്ന് രേഖപ്പെടുത്തിയത്. ഇതിനുശേഷം 1941 മുതൽ ജാതി രേഖപ്പെടുത്താത്ത സെൻസസാണ് നടന്നുവരുന്നത്. വിവിധ മതങ്ങളെ സംബന്ധിച്ചും പട്ടികവിഭാഗങ്ങളെ സംബന്ധിച്ചുമുള്ള വിവരങ്ങൾ രേഖപ്പെടുത്താറുണ്ട്.


സ്വതന്ത്രഭാരതത്തിൽ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കും മതന്യൂനപക്ഷങ്ങൾക്കും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്കും പ്രത്യേക പരിരക്ഷകളും അവകാശങ്ങളും ഉറപ്പുനൽകിയിട്ടുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 15 (4), 16 (4) പ്രകാരം വിദ്യാഭ്യാസ, ഉദ്യോഗ മേഖലകളിൽ പിന്നോക്ക വിഭാഗങ്ങൾക്ക് പ്രവേശനത്തിനും ഉദ്യോഗത്തിലും സംവരണവും പ്രത്യേക പരിരക്ഷകളും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വിഭാഗങ്ങൾക്ക് വരുമാനത്തിന്റ കാര്യത്തിലുള്ള അന്തരം ലഘൂകരിക്കണമെന്നും പദവികളിലും അവസരങ്ങളിലുമുള്ള അസമത്വം ഇല്ലായ്മ ചെയ്യണമെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 38 (2) പറയുന്നുണ്ട്. ഒപ്പം ഈ വിഭാഗങ്ങളുടെ വിദ്യാഭ്യാസവും സാമ്പത്തികവുമായ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് പ്രത്യേക ശ്രദ്ധയോടുകൂടിയുള്ള നടപടികൾ ഉണ്ടാകണമെന്നും ആർട്ടിക്കിൾ 46 നിർദേശിക്കുന്നു. ഭരണഘടനയുടെ ഈ വ്യവസ്ഥകൾക്ക് സമാനമോ, അതിനേക്കാൾ ഏറെ പ്രാധാന്യമോ ഉള്ള ഒന്നാണ് ആർട്ടിക്കിൾ 340. (1).
അത് ഇങ്ങനെ വായിക്കാം: 'രാഷ്ട്രപതിക്ക് ഭാരതത്തിന്റെ ഭൂപ്രദേശത്തിനുള്ളിൽ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ അവസ്ഥകളെയും അവർ അനുഭവിക്കുന്ന വിഷമതകളെയും പറ്റി അന്വേഷിക്കാനും അങ്ങനെയുള്ള വിഷമതകൾ നീക്കംചെയ്യാനും അവരുടെ സ്ഥിതി മെച്ചപ്പെടുത്താനും യൂനിയനോ ഏതെങ്കിലും സംസ്ഥാനമോ എടുക്കേണ്ട നടപടികളെക്കുറിച്ചും ആ ആവശ്യത്തിന് യൂനിയനോ ഏതെങ്കിലും സംസ്ഥാനമോ നൽകേണ്ട സഹായധനത്തെ കുറിച്ചും അങ്ങനെയുള്ള സഹായധനം നൽകേണ്ടത് ഏത് ഉപാധികൾക്ക് വിധേയമായാണോ ആ ഉപാധികളെ കുറിച്ചും ശുപാർശകൾ ചെയ്യാനായി അദ്ദേഹത്തിന് യുക്തമെന്നു തോന്നുന്ന ആളുകൾ അടങ്ങുന്ന ഒരു കമ്മിഷനെ ഉത്തരവുവഴി നിയമിക്കാവുന്നതും അങ്ങനെയുള്ള കമ്മിഷനെ നിയമിക്കുന്ന ഉത്തരവ് ആ കമ്മിഷൻ അനുവർത്തിക്കേണ്ട നടപടിക്രമം നിർവചിച്ചിരിക്കേണ്ടതും ആകുന്നു'.


ഇങ്ങനെ നിയമിക്കപ്പെട്ടതാണ് കാക കലേൽക്കർ കമ്മിഷനും ബി.പി മണ്ഡൽ കമ്മിഷനും. ഇവർ യഥാക്രമം 1955ലും 1980ലും റിപ്പോർട്ടുകൾ സമർപ്പിച്ചു. ജാതിതിരിച്ച ജനസംഖ്യാ കണക്കുകൾ ലഭ്യമല്ലാത്തതുമൂലം റിപ്പോർട്ട് തയാറാക്കുന്നതിൽ ഒട്ടേറെ പ്രതിസന്ധികളും പ്രതിബന്ധങ്ങളും സൃഷ്ടിച്ചുവെന്നും മേലിൽ സെൻസസ് നടത്തുമ്പോൾ ജാതിതിരിച്ച കണക്കെടുപ്പ് നിർബന്ധമായും ഉണ്ടാകണമെന്നും അവർ നിർദേശിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന ജനസംഖ്യാനുപാതിക പ്രാതിനിധ്യം, അഥവാ മതിയായ പങ്കാളിത്തം ഭരണത്തിന്റെ എല്ലാ മേഖലകളിലും ഉറപ്പാക്കുന്നതിന് ഇത്തരത്തിൽ ജനസംഖ്യാ കണക്കെടുപ്പ് അനിവാര്യമാണെന്ന് സംവരണം സംബന്ധിച്ച കേസുകളിൽ വിധിപ്രഖ്യാപിച്ച കോടതികൾ നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ സംവരണതോത് സംബന്ധിച്ചും പ്രമോഷനുകളിലെ സംവരണം സംബന്ധിച്ചും തീർപ്പുകൽപ്പിക്കുന്നത് ബന്ധപ്പെട്ട ഗുണഭോക്താക്കൾ ഇത്തരം കണക്കുകൾ ഹാജരാകണമെന്ന നിർദേശത്തോടെയാണ്. സാധാരണ ജനങ്ങൾക്കും സമുദായ സംഘടനകൾക്കും ആധികാരികമായ ഇത്തരം കണക്കുകൾ ലഭ്യമല്ലാത്തതിനാൽ അതിനു കഴിയാതെ വരുന്നു.


അതേസമയം, ഭരണാധികാരികളും സർക്കാരും രാഷ്ട്രീയകക്ഷി ഭേദമന്യേ ജാതിതിരിച്ച സെൻസസ് നടത്തുമെന്ന് ജനങ്ങളോട് പറയുകയും അതു നടത്താതെ ജനതയെ വഞ്ചിക്കുകയും ചെയ്യുന്ന സമീപനമാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നടന്നുവരുന്നത്. 2001ലെ സെൻസസിൽ ജാതിതിരിച്ച് കണക്കെടുപ്പ് നടത്തുമെന്ന് പാർലമെന്റിൽ 2000 ഡിസംബറിൽ പാർലമെന്ററികാര്യ മന്ത്രി ഉറപ്പുനൽകിയിരുന്നതാണ്. എൻ.സി.പി നേതാവ് ശരദ് പവാറും മുലായം സിങ് യാദവും ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പക്ഷേ, നടപ്പാക്കിയില്ല.
2011ലെ സെൻസസിൽ ജാതിതിരിച്ച് കണക്കെടുപ്പ് നടത്തണമെന്ന് സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഈ ലേഖകൻ കേരള ഹൈക്കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്യുകയുണ്ടായി. ഈ ആവശ്യം ഉന്നയിച്ച് പാർലമെന്റ് ദിവസങ്ങളോളം സ്തംഭിക്കുക പോലുമുണ്ടായി. എന്നിട്ടും സർക്കാർ സെൻസസിൽ ജാതി രേഖപ്പെടുത്തുന്ന നടപടി സ്വീകരിച്ചില്ല. ഒടുവിൽ സമ്മർദം സഹിക്കവയ്യാതെ 2012ൽ സോഷ്യോ എക്കണോമിക് കാസ്റ്റ് സെൻസസ് നടത്തുകയുണ്ടായി. ഈ വസ്തുത ചൂണ്ടിക്കാട്ടിയാണ് ഹരജി തീർപ്പായത്. എന്നാൽ ഇത്തരത്തിൽ നടത്തിയ സെൻസസിലെ ജാതിവിവരങ്ങൾ പുറത്തുവിടാൻ സർക്കാർ ഇനിയും തയാറായിട്ടില്ല.


ഈ സാഹചര്യത്തിലാണ് 2021ലെ സെൻസസിൽ ജാതി ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നത്. കൊവിഡ് മഹാമാരിയെ തുടർന്ന് സെൻസസ് ഇനിയും തുടങ്ങിയിട്ടില്ല. ഇനി നടക്കുന്ന സെൻസസിൽ ജാതി ഉൾപ്പെടുത്താൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ അറിയിച്ചിരിക്കുകയാണ്. പിന്നോക്ക സമുദായങ്ങൾക്ക് ഭരണഘടനാപരമായി ലഭ്യമാകേണ്ട അധികാര പങ്കാളിത്തവും മതിയായ പ്രാതിനിധ്യവും ഉറപ്പാക്കുന്നതിനും വിവിധ സാമൂഹ്യ സാമ്പത്തികക്ഷേമ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും ആവശ്യമായ തുക വകയിരുത്തുന്നതിനും പിന്നോക്ക വിഭാഗങ്ങളെ സംബന്ധിച്ച ജനസംഖ്യ അടക്കമുള്ള സാമൂഹ്യ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് അനിവാര്യമാണ്.


കേന്ദ്ര സർക്കാരിന്റെ നിഷേധാത്മകമായ നിലപാട് കണക്കിലെടുത്ത് ചില സംസ്ഥാനങ്ങൾ സ്വയം ഇത്തരം സെൻസസ് നടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ കൂടി പങ്കാളിത്തമുള്ള ബിഹാർ സർക്കാർ സംസ്ഥാനത്ത് സെൻസസ് മാതൃകയിൽ ജാതിതിരിച്ച് കണക്കെടുപ്പ് നടത്താനിരിക്കുകയാണ്. ഒഡിഷയും തമിഴ്‌നാടും ഇത്തരം നടപടികൾ ആലോചിക്കുന്നു. കേരളത്തിലും ഇത്തരത്തിലൊരു സെൻസസ് നടപ്പാക്കണമെന്ന് കഴിഞ്ഞ ഒക്ടോബർ മാസത്തിൽ സംസ്ഥാന മുഖ്യമന്ത്രിയോട് വിവിധ പിന്നോക്ക സമുദായ സംഘടനകളും നേതാക്കളും ഇന്ത്യയിലെ പ്രമുഖ ഭരണഘടനാ വിദഗ്ധനും നാഷനൽ ജുഡീഷ്യൽ അക്കാദമി മുൻ ഡയരക്ടറുമായ പ്രൊഫ. മോഹൻ ഗോപാലിന്റെ നേതൃത്വത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ മുഴുവൻ പിന്നോക്ക സമുദായ സംഘടനകളും നേതാക്കളും സംസ്ഥാന തലത്തിൽ ജാതിതിരിച്ചുള്ള സെൻസസ് നടപ്പാക്കുന്നതിന് സർക്കാരിനെ സമ്മർദത്തിലാക്കാൻ കൂട്ടായി ശ്രമിക്കേണ്ടതുണ്ട്. സത്യം മറച്ചുവയ്ക്കാനുള്ള ഭരണകൂടങ്ങളുടെ നിലപാടിനെ ഇനിയും തകർത്തില്ലെങ്കിൽ ജനാധിപത്യം തകരുകയും ഒരു സവർണ ന്യൂനപക്ഷത്തിന്റെ (Oligarchy) അധികാര കുത്തക തുടരുകയും ചെയ്യും.

(പിന്നോക്ക വിഭാഗ വികസന വകുപ്പ്
മുൻ ഡയരക്ടറാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വംശഹത്യയുടെ ഒന്നാം വാര്‍ഷികത്തിലും കൂട്ടക്കൊല തുടര്‍ന്ന് ഇസ്‌റാഈല്‍; ജബലിയ ക്യാംപില്‍ ആക്രമണം, 17 മരണം ഒമ്പത് കുഞ്ഞുങ്ങള്‍

International
  •  2 months ago
No Image

മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍; നടന്‍ സിദ്ദീഖിനെ വിട്ടയച്ചു

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 months ago
No Image

'ഫ്രീ ഫലസ്തീന്‍' ഒരിക്കല്‍ കൂടി പ്രതിഷേധം കടലായിരമ്പി; ലോകമെങ്ങും ലക്ഷങ്ങള്‍ തെരുവില്‍

International
  •  2 months ago
No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  2 months ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  2 months ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  2 months ago
No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  2 months ago