പെരുന്നാൾ ആഘോഷിക്കാൻ ഒരുങ്ങിയില്ലേ: കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടൊരുക്കി യുഎഇ; പ്രധാന വെടിക്കെട്ട് വേദികൾ അറിയാം
ദുബായ്: പെരുന്നാൾ ആയാലും ന്യൂഇയർ ആയാലും ആകാശത്തെ പ്രകാശപൂരിതമാക്കുന്ന പടക്കങ്ങളുടെ ഗംഭീര പ്രകടനമില്ലാതെ യുഎഇയിൽ ആഘോഷങ്ങൾ ഒരിക്കലും പൂർത്തിയാകില്ല. ഈ ഈദും വ്യത്യസ്തമല്ല. ഇക്കുറിയും യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് ഉണ്ടാകും. ചന്ദ്രദർശനത്തിന് ശേഷം പെരുന്നാൾ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷമാകും വെടിക്കെട്ടിന്റെ ദിവസം സ്ഥിരീകരിക്കുക.
ഈദിന്റെ ആദ്യ ദിവസം വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആകും. ഇതിൽ ഏത് ദിവസമായാലും വിസ്മയകരമായ കരിമരുന്ന് ഉണ്ടാകും. ഈദ് വാരാന്ത്യത്തിൽ നിങ്ങൾക്ക് പോകാവുന്ന, കരിമരുന്ന് വെടിക്കെട്ടുള്ള സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് ഞങ്ങൾ ഇവിടെ നൽകുന്നു.
യാസ് ദ്വീപ്: അബുദാബിയിലെ പ്രമുഖ വിനോദ കേന്ദ്രമായ ഈ ദ്വീപ് ഈദ് ആഘോഷങ്ങൾ ആസ്വദിക്കാനുള്ള മികച്ച സ്ഥലമാണ്. ഈദ് അൽ ഫിത്തറിന്റെ ആദ്യ രണ്ട് ദിവസങ്ങളിലും ഇവിടെ ഐതിഹാസികവും ഉത്സവ സമാനവുമായ വെടിക്കെട്ട് ഉണ്ടാകും. പ്രദർശനങ്ങൾ രാത്രി 9 മണിക്ക് ആരംഭിക്കും. കൃത്യമായ തീയതികൾ ഔദ്യോഗിക പ്രഖ്യാപനത്തെ ആശ്രയിച്ചിരിക്കും.
അബുദാബി കോർണിഷ്: 8 കിലോമീറ്റർ നീളമുള്ള അബുദാബി കോർണിഷ് ഈദ് അവധിക്കാലത്ത് വെടിക്കെട്ട് ആസ്വദിക്കാൻ കുടുംബത്തോടൊപ്പം പോകാവുന്ന മികച്ച ഒരു സ്ഥലമാണ്. ഏപ്രിൽ 21 വെള്ളിയാഴ്ച രാത്രി 9 മണിക്കാണ് പ്രദർശനം നിശ്ചയിച്ചിരിക്കുന്നത്.
അൽ മുഗൈറ ബേ: ഏപ്രിൽ 21 വെള്ളിയാഴ്ച അൽ ദഫ്രയിലെ അൽ മുഗൈറ ബേയിലേക്ക് പുറപ്പെട്ടോളൂ. അതിഗംഭീരമായ വെടിക്കെട്ട് പ്രദർശനം നിങ്ങൾക്കായി കാത്തിരിപ്പുണ്ട്. രാത്രി 9 മണിക്ക് പ്രദർശനം ആരംഭിക്കും.
ഹുദൈരിയത്ത് ദ്വീപ്: ഈ ബീച്ച് ഡെസ്റ്റിനേഷൻ ഏപ്രിൽ 22 ശനിയാഴ്ച രാത്രി 9 മണിക്ക് നിവാസികൾക്കായി ഒരു കരിമരുന്ന് പ്രദർശനം നടത്തും. തിരക്കില്ലാത്തതും വൃത്തിയുള്ളതുമായ കടൽത്തീരത്തിനും ഔട്ട്‌ഡോർ ജിമ്മിനും മറ്റ് സൗകര്യങ്ങൾക്കും പേരുകേട്ടതാണ് ഈ സ്ഥലം.
അൽ ഐൻ ഹസ്സ സ്റ്റേഡിയം: ഏപ്രിൽ 21 വെള്ളിയാഴ്ച അൽ ഐൻ ഹസ്സ സ്റ്റേഡിയത്തിൽ 10 മിനിറ്റ് ദൈർഘ്യമുള്ള പ്രദർശനമാണ് ഒരുക്കുന്നത്. സുഖപ്രദമായ ഇരിപ്പിടങ്ങൾ ഉള്ള സ്റ്റേഡിയത്തിൽ ഇരുന്ന് വെടിക്കെട്ട് ആസ്വദിക്കാം. രാത്രി 9 മണിക്ക് പ്രദർശനം ആരംഭിക്കും.
ദുബായ് പാർക്ക്സ് ആൻഡ് റിസോർട്ട്: കുടുംബസമേതം പോകാവുന്ന ഒരു മികച്ച സ്ഥലമാണ് ഇത്. റിവർലാൻഡ് ദുബായിലേക്ക് പ്രവേശനം സൗജന്യമാണ്. ഏപ്രിൽ 22 ശനിയാഴ്ച വൈകീട്ട് 7 മണിക്കും 9 മണിക്കും വെടിക്കെട്ട് ഉണ്ടാകും.
ഗ്ലോബൽ വില്ലേജ്: ഈദ് ദിനത്തിൽ രാത്രി 9 മണി മുതൽ കരിമരുന്ന് പ്രദർശനം കാണുന്നതിന് നിങ്ങളുടെ കുടുംബത്തെ കൂട്ടിക്കൊണ്ടുപോകാവുന്ന മികച്ച ഒരു സ്ഥലമാണ് ഗ്ലോബൽ വില്ലേജ്.
ബ്ലൂവാട്ടേഴ്‌സ് ദ്വീപ്: ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി കൊണ്ട് നിറക്കാൻ മികച്ച ഷോട്ടുകൾ പിടിക്കാൻ അനുയോജ്യമായ ഐക്കണിക്ക് സ്ഥലമാണ് ഇത്. ഏപ്രിൽ 22 ന് രാത്രി 9 മണി മുതൽ വെടിക്കെട്ട് ഉണ്ടായിരിക്കും.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."