നബിനിന്ദ: സസ്പെൻഷൻ കണ്ണിൽ പൊടിയിടൽ പ്രധാനമന്ത്രിയുടെ ഓഫിസ് പിന്തുണ അറിയിച്ചെന്ന് നൂപുർ ശർമ
ന്യൂഡൽഹി
പ്രവാചക നിന്ദ നടത്തിയത് വിവാദമായ ശേഷവും പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും ഓഫിസുകളിൽ നിന്ന് തന്നെ വിളിച്ച് പിന്തുണ അറിയിച്ചിരുന്നതായി സസ്പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നൂപുർ ശർമ. വിഷയം അന്താരാഷ്ട്ര തലത്തിൽ കടുത്ത പ്രതിഷേധമുണ്ടാക്കുന്നതിന് മുമ്പ് സംഘ്പരിവാർ ന്യൂസ് പോർട്ടലായ ഓപ്ഇന്ത്യ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് നൂപുർ ഇക്കാര്യം പറഞ്ഞത്. ബി.ജെ.പി അധ്യക്ഷനടക്കം മുതിർന്ന നേതാക്കളെല്ലാം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അവരെല്ലാം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും നൂപുർ വെളിപ്പെടുത്തി.
ഇതെല്ലാം സംഭവിച്ച ശേഷം തന്നെ ആദ്യമായി വിളിച്ചത് ആഭ്യന്തരമന്ത്രിയുടെ ഓഫിസിൽനിന്നായിരുന്നുവെന്ന് നൂപുർ പറഞ്ഞു. ജോലിത്തിരക്കിലായിട്ടും, ഡൽഹിക്കു പുറത്തായിട്ടും അദ്ദേഹത്തിന്റെ ഓഫിസ് ദിവസവും എന്നെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. അതിന് വലിയ നന്ദിയുണ്ട്. ആളുകൾ എന്തൊക്കെ പറഞ്ഞാലും ആഭ്യന്തരമന്ത്രി അമിത് ഷാ എന്റെ ആരോഗ്യത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ആശങ്കാകുലനാണ്. ഡൽഹി പൊലിസ് കമ്മിഷണറെ കണ്ടിരുന്നു. എനിക്കെതിരേ വധഭീഷണിയുണ്ടെന്ന ഇന്റലിജൻസ് വിവരം അവർ പങ്കുവച്ചു. പാർട്ടി അധ്യക്ഷന്റെ ഓഫിസിൽനിന്നും എന്നെ ബന്ധപ്പെട്ടിരുന്നു. ആദ്യമായി ബന്ധപ്പെട്ടവരിൽ ഒരാളായ ബി.ജെ.പി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയയോടും നന്ദിയുണ്ട്. റസാ അക്കാദമി എനിക്കെതിരേ കേസ് നൽകിയ ശേഷം ദേവേന്ദ്ര ഫഡ്നാവിസ് വിളിച്ച് പേടിക്കേണ്ട, ഞങ്ങളെല്ലാം കൂടെയുണ്ടെന്ന് അറിയിച്ചു.
പ്രധാനമന്ത്രിയുടെ ഓഫിസാണെങ്കിലും ആഭ്യന്തരമന്ത്രിയുടെ ഓഫിസാണെങ്കിലും പാർട്ടി അധ്യക്ഷന്റെ ഓഫിസാണെങ്കിലും മുതിർന്ന നേതാക്കളെല്ലാം തന്റെ പിന്നിലുണ്ടെന്നും നൂപുർ ശർമ അഭിമുഖത്തിൽ പറയുന്നു. അറബ് ലോകത്തുനിന്നുള്ള പ്രതിഷേധത്തെ തുടർന്ന് കണ്ണിൽപൊടിയിടാനായാണ് ബി.ജെ.പി നൂപുറിനെ പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തതെന്ന വിമർശനം ഉയരുന്നതിനിടെയാണ് അഭിമുഖം ചർച്ചയായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."