ശമ്പളം കുറയാതെ ആഴ്ചയിൽ നാലുദിവസം ജോലിയുമായി ബ്രിട്ടിഷ് കമ്പനികൾ നടപ്പാക്കിയത് പരീക്ഷണമെന്ന നിലയിൽ
ലണ്ടൻ
ആഴ്ചയിൽ നാലുദിവസം മാത്രം ജോലി, അതും ശമ്പളത്തിൽ ഒരുകുറവുമില്ലാതെ. ബ്രിട്ടനിലെ വിവിധ കമ്പനികളിലാണ് തൊഴിലാളികളുടെ കൈയടി ലഭിച്ച ഈ പരിഷ്‌കരണം. ചെറുതും വലുതുമായ എഴുപതോളം കമ്പനികളിൽ തിങ്കളാഴ്ച മുതൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സമ്പ്രദായം ആരംഭിച്ചത്. ആറുമാസമാണ് ഈ പരീക്ഷണപദ്ധതിയുടെ കാലയളവ്.
100:80:100 മോഡൽ എന്നാണ് ഈ തൊഴിൽക്രമ മാതൃക അറിയപ്പെടുന്നത്. നൂറുശതമാനം ശമ്പളം, സാധാരണ ആഴ്ചയിലേതിനെ അപേക്ഷിച്ച് 80 ശതമാനം ജോലി, നൂറുശതമാനം ഉത്പാദന ക്ഷമത എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നാലുദിവസ തൊഴിൽക്രമത്തിനു വേണ്ടി വാദിക്കുന്ന '4 ഡേ വീക്ക് ഗ്ലോബൽ', '4 ഡേ വീക്ക് യു.കെ കാംപയിൻ' എന്നിവയാണ് ഈ പരീക്ഷണം നടപ്പാക്കുന്നത്. ഓക്‌സ്‌ഫഡ് സർവകലാശാലയിൽ നിന്നും ബോസ്റ്റൺ കോളജിൽനിന്നുമുള്ള ഗവേഷകരും ഈ പരീക്ഷണ പദ്ധതിയോട് സഹകരിക്കുന്നുണ്ട്.
ആറുദിവസത്തെ ക്രയശേഷിയേക്കാൾ കൂടുതലായിരിക്കും ആഴ്ചയിൽ മൂന്നു ദിവസം അവധി നൽകിയാലുണ്ടാവുകയെന്നാണ് ഈ സമ്പ്രദായത്തെ അനുകൂലിക്കുന്നവരുടെ വാദം. 2015 മുതൽ 2019 വരെ ഐസ്‌ലാൻഡിൽ മുമ്പ് ഇതേ പരീക്ഷണം നടത്തിയിരുന്നു. അതു വലിയ വിജയവുമായി. ജീവനക്കാർ എല്ലാവരും സന്തുഷ്ടരും ആരോഗ്യമുള്ളവരും കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളവരുമായിരുന്നുവെന്നും കണ്ടെത്തുകയുണ്ടായി. ന്യൂസിലൻഡ്, ജപ്പാൻ, സ്‌കോട്ട്‌ലാൻഡ്, സ്‌പെയിൻ എന്നിവിടങ്ങളിലും നാലുദിവസ ജോലി രീതിക്ക് വലിയ സ്വീകാര്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."