സംയുക്ത സൈനിക മേധാവി തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി കേന്ദ്ര സർക്കാർ
ന്യൂഡൽഹി
ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. കര, വ്യോമ, നാവിക സേനാ നിയമങ്ങൾ പരിഷ്‌കരിച്ചാണ് പ്രതിരോധ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. പുതിയ വിജ്ഞാപന പ്രകാരം മൂന്ന് സൈനിക വിഭാഗത്തിൽ നിന്നുമുള്ള മേധാവികൾ, നിലവിൽ സർവിസിൽ തുടരുന്നതോ വിരമിച്ചതോ ആയ ലഫ്റ്റനന്റ് ജനറൽ, എയർമാർഷൽ, വൈസ് അഡ്മിറൽ പദവിയിലുള്ള ഏതെങ്കിലും സൈനിക ഉദ്യോഗസ്ഥർ എന്നിവർ സംയുക്ത സൈനിക മേധാവി സ്ഥാനത്തേക്ക് യോഗ്യരായിരിക്കും.
വിരമിച്ച ഉദ്യോഗസ്ഥർ 62 വയസിന് താഴെയുള്ളവരായിരിക്കണം. ഈ വിജ്ഞാപനത്തോടെ മൂന്ന് സേനാ വിഭാഗങ്ങളിൽ രണ്ടാമത്തെ ഏറ്റവും ഉയർന്ന സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥർക്കും സംയുക്ത സൈനിക മേധാവി സ്ഥാനത്തേക്ക് എത്താൻ കഴിയും. അടുത്തകാലത്ത് വിരമിച്ച സൈനിക മേധാവികൾ, ഉപമേധാവികൾ എന്നിവർക്കും സംയുക്ത സൈനിക മേധാവിയാകാം. ഇവർക്കും 62 വയസ് പ്രായപരിധി നിർബന്ധമാണ്.
രാജ്യത്തെ ആദ്യ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് മരണപ്പെട്ടശേഷം പുതിയ സംയുക്ത സൈനിക മേധാവിയെ നിയമിച്ചിട്ടില്ല. പരമാവധി 65 വയസ് വരെയാണ് സംയുക്ത സൈനിക മേധാവിയുടെ സേവന കാലാവധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."