HOME
DETAILS
MAL
അല്‍ബിര്‍റ് ; നേരറിവിന്റെ സ്‌നേഹസ്പര്‍ശം
backup
June 05 2021 | 18:06 PM
എല്ലാ ജന്മവും ശുദ്ധപ്രകൃതത്തോടെയാണ് (ഹദീസ്).
ശുദ്ധ പ്രകൃതത്തോടെയാണ് കുഞ്ഞ് ജനിക്കുന്നതെന്നാണ് പ്രവാചക തിരുമേനി നമ്മെ പഠിപ്പിക്കുന്നത്. പിന്നീടുള്ള അവരുടെ മാറ്റങ്ങള്‍ മാതാപിതാക്കളുടെ പരിചരണത്തിന്റെയും പരിപാലനത്തിന്റെയും രീതികളെ ആശ്രയിച്ചിരിക്കുന്നു. ശിക്ഷണ രീതികളെ ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിലൂടെ ധാര്‍മിക അടിത്തറയുള്ള, മൂല്യങ്ങളില്‍ വിശ്വാസമുള്ള, അച്ചടക്കമുള്ള പുതിയ തലമുറയെ വളര്‍ത്തിയെടുക്കാന്‍ സാധിക്കും. പ്രസവിച്ച ഉടനെ വാങ്ക് വിളിക്കാനും, നല്ല പേരു വിളിക്കാനും, അഖീഖയറുത്ത് ദാനം ചെയ്യാനും, മധുരം നല്‍കാനുമൊക്കെയുള്ള ആഹ്വാനങ്ങളില്‍ തുടര്‍ ജീവിതത്തിലേക്ക് ഒരു ജന്മത്തെ പ്രാപ്തരാക്കുന്നതിനുളള സര്‍വവിധ സൂചനകളുമുണ്ട്. അത് നിര്‍വഹിക്കുന്നതിനും ശിശുവിനെ ഇസ്‌ലാമിക ശിക്ഷണത്തില്‍ പരിപാലിക്കുന്നതിനും മുസ്‌ലിം കടപ്പെട്ടിരിക്കുന്നു.
അല്‍ബിര്‍റിന്റെ തുടക്കം
അറേബ്യന്‍നാടുകളിലെ ജീവിത സാഹചര്യങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തവും ജനാധിപത്യ മതനിരപേക്ഷ സങ്കല്‍പങ്ങളില്‍ അധിഷ്ഠിതവുമാണല്ലോ നമ്മുടെ രാജ്യം. പ്രസ്തുത സംവിധാനത്തില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന, മത വിശ്വാസമനുസരിച്ചു ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തില്‍ ദീനീബോധവും പൊതുബോധവുമുള്ള പുതിയൊരു തലമുറയെ വളര്‍ത്തിയെടുക്കാനാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ 2016 ജൂണില്‍ അല്‍ബിര്‍റ് സ്‌കൂളുകള്‍ ആരംഭിച്ചത്. കേരളത്തിന്റെ പല പ്രദേശങ്ങളിലും അറേബ്യന്‍ രാഷ്ട്രങ്ങളില്‍ നിന്ന് കടമെടുത്ത ഇസ്‌ലാമിക് പ്രീ പ്രൈമറി പാഠ്യപദ്ധതികള്‍ പ്രകാരമുള്ള സ്‌കൂളുകള്‍ വ്യാപകമായതോടെ അവയുടെ ഭവിഷ്യത്തുകളെക്കുറിച്ച് ധാരണയില്ലാത്ത നമ്മുടെ രക്ഷിതാക്കള്‍ അത്തരം വിദ്യാലയങ്ങളില്‍ കുട്ടികളെ ചേര്‍ത്തുവരുന്ന സാഹചര്യമുണ്ടായി. കാലങ്ങളായി സമസ്ത സ്ഥാപിച്ചുപോന്ന മഹല്ലുകളിലെ കെട്ടുറപ്പിനെയും നമ്മുടെ തലമുറയുടെ വിശ്വാസത്തെയും ബാധിക്കുമെന്നായപ്പോഴാണ് സമസ്തയും ആ വഴിയിലേക്ക് ആലോചിച്ചതും സമസ്തയുടെ തൊണ്ണൂറാം വാര്‍ഷിക സമ്മേളനത്തില്‍ അല്‍ബിര്‍റ് സ്‌കൂളിന്റെ പ്രഖ്യാപനം വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ നിര്‍വഹിച്ചതും. കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ പ്രസ്തുത സംവിധാനത്തിന് വേണ്ടി നിര്‍വഹിച്ച പ്രയത്‌നങ്ങളെ നമുക്ക് വിസ്മരിക്കാനാകില്ല.
വളര്‍ച്ചയും പുരോഗതിയും
വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ പ്രത്യേകം രൂപീകരിച്ച 21 അംഗ സംസ്ഥാന സമിതിയാണ് അല്‍ബിര്‍റിന് മേല്‍നോട്ടം വഹിക്കുന്നത്. പ്രത്യേക അക്കാദമിക് ബോര്‍ഡും അഡ്മിനിസ്‌ട്രേഷന്‍ വിഭാഗവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. ആലപ്പുഴയിലെ സമ്മേളനം നടക്കുന്ന സമയത്ത് തന്നെ ഓഫിസ് ആരംഭിക്കുകയും സ്റ്റാഫിനെ നിയമിക്കുകയും വെബ്‌സൈറ്റ് തുടങ്ങുകയുമുണ്ടായി. സമസ്ത ബുക്ക് ഡിപ്പോയോട് ചേര്‍ന്ന് നടന്നുവന്നിരുന്ന എസ്.വൈ.എസ് ജില്ലാ ഓഫിസില്‍ ആരംഭിച്ച താല്‍ക്കാലിക ഓഫിസ് പിന്നീട് പുതിയങ്ങാടി വരക്കല്‍ മഖാമിനടുത്തുള്ള കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.
ആദ്യ വര്‍ഷം തന്നെ നിരവധി അപേക്ഷകള്‍ വന്നിരുന്നുവെങ്കിലും ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ അല്‍ബിര്‍റ് സമീപനരേഖയിലെ വ്യവസ്ഥയ്ക്ക് വിധേയമായി 56 സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അംഗീകാരം നല്‍കിയത്. 2017ല്‍ സ്ഥാപനങ്ങള്‍ 104 ആയും 2018 ല്‍ 156 ആയും 2019 ല്‍ 204 ആയും വളര്‍ന്നു. കൊവിഡ് പ്രതിസന്ധിയിലും 2020ല്‍ 212 സ്ഥാപനങ്ങളാണ് പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. 266 ബാച്ചുകളിലായി പതിനായിരത്തിനടുത്ത് വിദ്യാര്‍ഥികളാണ് ഇപ്പോള്‍ പഠനം നടത്തിവരുന്നത്.
പ്രീ പ്രൈമറി പഠനമായിരുന്നു ലക്ഷ്യംവച്ചിരുന്നതെങ്കിലും അല്‍ബിര്‍റ് പഠിച്ച കുട്ടികളുടെ തുടര്‍പഠനത്തില്‍ ആശങ്കാകുലരായ രക്ഷിതാക്കള്‍ പ്രൈമറി തുടര്‍പഠനത്തിനായി സമസ്തയെ സമീപിച്ചപ്പോഴാണ് 2018ല്‍ അംഗീകാരമുള്ള അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ അല്‍ബിര്‍റ് ഡിവിഷനുകള്‍ അനുവദിച്ചുതുടങ്ങിയത്. അടുത്ത ജൂണ്‍ മാസത്തോടെ പ്രൈമറി പഠനം നാലാം തരത്തിലേക്കു കടക്കുകയാണ്. സ്വന്തം തയാറാക്കിയ സിലബസ് പ്രകാരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓപണ്‍ സ്‌കൂള്‍സിന്റെ സ്ഥാപനങ്ങളില്‍ പഠനം നടന്നുവരുന്നു. തുടര്‍ പരിപാടികളെക്കുറിച്ച് പദ്ധതികള്‍ ആവിഷ്‌കരിച്ചുവരുന്നു. ഇപ്പോള്‍ പ്രൈമറി അഫിലിയേഷന്‍ 40 വിദ്യാലയങ്ങള്‍ക്കാണുള്ളത്. പ്രാപ്തിയുള്ള അധ്യാപികമാരുടെ അഭാവം പരിഹരിക്കാന്‍ അഞ്ച് ടീച്ചര്‍ ട്രൈനിങ് സെന്ററുകള്‍ ആരംഭിക്കുന്നുണ്ട്.
ലക്ഷ്യം ഗുണമേന്മയുള്ള
വിദ്യാഭ്യാസം
ഇതര വിദ്യാഭ്യാസ സംരംഭങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് അല്‍ബിര്‍റ്. വിവിധ രാജ്യങ്ങളിലെ പ്രീ സ്‌കൂള്‍ കരിക്കുലങ്ങളിലെ നല്ല വശങ്ങള്‍ അല്‍ബിര്‍റ് സാംശീകരിച്ചെടുത്തിട്ടുണ്ട്. വിശദമായ പഠനവും സര്‍വേകളും നടത്തി വ്യത്യസ്ത പ്രായമുള്ള പതിനഞ്ച് വിദ്യാര്‍ഥികളെ ചേര്‍ത്ത് ഒരു പൈലറ്റ് സ്‌കൂള്‍ കോഴിക്കോട് ജില്ലയിലെ പുല്ലാളൂരില്‍ നടത്തിയാണ് അല്‍ബിര്‍റ് കരിക്കുലം രൂപപ്പെടുത്തിയത്. അടിസ്ഥാന സൗകര്യങ്ങള്‍, അധ്യാപികമാരുടെ യോഗ്യതകള്‍, പഠന ബോധന രീതികള്‍, ഒരു ബാച്ചില്‍ എടുക്കാവുന്ന കുട്ടികളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളില്‍ കണിശത പുലര്‍ത്തുന്ന സമീപനം ഈ ഗുണനിലവാരം ഉറപ്പുവരുത്താന്‍ അത്യന്താപേക്ഷിതമാണ്.
വിദ്യാഭ്യാസ പ്രവര്‍ത്തനരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തിയാണ് അക്കാദമിക് ബോര്‍ഡ് രൂപപ്പെടുത്തിയത്. മൂന്ന് മാസത്തിലൊരിക്കല്‍ കരിക്കുലം കമ്മിറ്റി യോഗം ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിക്കുകയും സംസ്ഥാന സമിതിയുടെ തീരുമാനങ്ങള്‍ക്ക് വിധേയമായി നടപ്പില്‍വരുത്തി വരികയും ചെയ്യുന്നു. സ്ഥാപന പരിശോധന, ടീച്ചിങ് ഇന്‍സ്‌പെക്ഷന്‍ തുടങ്ങിയവ ഈ മികവ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. മികച്ച അധ്യാപിക പരിശീലനം തന്നെയാണ് അല്‍ബിര്‍റിന്റെ സവിശേഷതയായിട്ടുള്ളത്. അറബിക്, ഇസ്‌ലാമിക് സ്റ്റഡീസ്, ഇംഗ്ലീഷ്, പരിസര പഠനം, ഗണിതം, മലയാളം എന്നിവ പ്രീ പ്രൈമറിയിലും ഇവ കൂടാതെ ഹിന്ദി, ഐ.ടി, ജി.കെ എന്നിവ പ്രൈമറിയിലും പാഠ്യവിഷയങ്ങളാണ്. മഹല്ലുകള്‍ കാലത്തിന്റെ വിളി കേള്‍ക്കാന്‍ തയാറാവുകയും പുതുതലമുറയ്ക്കാവാശ്യമായ ഈ കരിക്കുലത്തെ സ്വീകരിക്കുകയും ചെയ്താല്‍ വലിയൊരു വിദ്യാഭ്യാസ വിപ്ലവം നമുക്ക് സാധിച്ചെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."