മെസി ബാഴ്‌സയിലേക്കോ? നടന്നത് തന്നെ; പരാമര്‍ശവുമായി ബ്രസീലിയന്‍ ഇതിഹാസം
മെസി ബാഴ്‌സയിലേക്കോ? നടന്നത് തന്നെ; പരാമര്‍ശവുമായി ബ്രസീലിയന്‍ ഇതിഹാസം
ജൂണില്‍ പി.എസ്.ജിയുമായി കരാര്‍ അവസാനിക്കുന്നതോടെ മെസി ബാഴ്‌സയിലേക്കെത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. പാരിസ് ക്ലബ്ബുമായുള്ള കരാര്‍ താരം പുതുക്കിയില്ലെങ്കില്‍ മെസിയെ സ്വന്തമാക്കാനായി ഇന്റര്‍ മിലാന്‍, ഇന്റര്‍ മിയാമി, അല്‍ ഹിലാല്‍ മുതലായ ക്ലബ്ബുകളും രംഗത്തുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ മെസി തന്റെ പഴയ ക്ലബ്ബായ ബാഴ്‌സയിലേക്ക് തിരിച്ചുപോകാന്‍ സാധ്യത കുറവാണ് എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ബ്രസീലിന്റെ ഇതിഹാസ താരമായ റിവാള്‍ഡോ.മെസിയും ബാഴ്‌സയും തമ്മില്‍ യോജിപ്പോടെ മുന്നോട്ട് പോകുന്നതിനാല്‍ തന്നെ പി.എസ്.ജി മെസിയെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തയ്യാറായേക്കില്ല എന്നാണ് റിവാള്‍ഡോ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഫ്രീ ഏജന്റ് ആയി മാറിയാല്‍ 400 മില്യണ്‍ യൂറോയിലധികം നല്‍കി മെസിയെ സ്വന്തമാക്കാന്‍ അല്‍ ഹിലാല്‍ രംഗത്തുണ്ട് കൂടാതെ മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബായ ഇന്റര്‍ മിയാമിക്കും മെസിയെ വന്‍ തുക നല്‍കി സ്വന്തമാക്കാന്‍ താത്പര്യമുണ്ട്.
'രാജ്യാന്തര മാധ്യമങ്ങള്‍ മുഴുവന്‍ മെസി ബാഴ്‌സയിലേക്കെത്തുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടുകയാണ്. എന്നാല്‍ അത് സംഭവിക്കുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. എനിക്ക് അറിയാവുന്നിടത്തോളം മെസിയും ക്ലബ്ബും നല്ല നിലയില്‍ മുന്നോട്ട് പോവുകയാണ്. കൂടാതെ മെസി അദേഹത്തിന്റെ കരിയറിന്റെ അവസാനത്തിലുമാണ്. അങ്ങനെയുള്ള അവസരത്തില്‍ സൗദിയില്‍ നിന്നടക്കം വമ്പന്‍ ഓഫറുകള്‍ വരുമ്പോള്‍ മെസി വലിയ സമ്മര്‍ദം നേരിടേണ്ടി വരുന്ന ബാഴ്‌സയില്‍ എന്തിന് കളിക്കണം,' റിവാള്‍ഡോ പറഞ്ഞു.
ബെറ്റ്‌ഫെയര്‍ എന്ന തന്റെ കോളത്തില്‍ എഴുതവെയാണ് മെസിയുടെ ട്രാന്‍സ്ഫറിനെ സംബന്ധിച്ച് അദേഹം തുറന്ന് പറഞ്ഞത്.
അതേസമയം 31 മത്സരങ്ങളില്‍ നിന്നും 23 വിജയങ്ങളുമായി 72 പോയിന്റോടെ ലീഗ് വണ്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.
ഏപ്രില്‍ 22ന് ഏഞ്ചേഴ്‌സിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."