മുഖ്യമന്ത്രിക്കെതിരേ നടക്കുന്നത് മാഫിയാ ഭീകരപ്രവര്‍ത്തനമെന്ന് സി.പി.എം: തെളിവുണ്ടെങ്കില്‍ ഇ.ഡിക്ക് നല്‍കട്ടെ, എന്തിന് മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന് കാനം
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ ഇപ്പോള്‍ നടക്കുന്നത് മാഫിയാ ഭീകരപ്രവര്‍ത്തനമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. സ്വപ്ന സുരേഷ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ജയരാജന്റെ പ്രതികരണം.'ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സംഭാഷണങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. നിഗൂഢ ശക്തികള്‍ പ്രവര്‍ത്തിച്ചു എന്നതിന്റെ തെളിവാണിത്. മാഫിയാ ഭീകരപ്രവര്‍ത്തനത്തിന്റെ ഓരോ ഭാഗവും ഇടിഞ്ഞുപൊളിഞ്ഞ് വീഴാന്‍ തുടങ്ങിയിരിക്കുകയാണ്' ജയരാജന്‍ പറഞ്ഞു.
അതേ സമയം വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കോടതി നേരിട്ട് അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
പി.സി ജോര്‍ജ് മാത്രമല്ല ആര്‍.എസ്.എസ് കൂടിയാണ് പിന്നില്‍ പ്രവര്‍ത്തിച്ചത്. ജയിലില്‍ നിന്ന് പുറത്തുവന്ന സ്വപ്നയെ സല്‍ക്കരിച്ച് കൊണ്ടുപോയി ജോലി കൊടുത്തത് ആര്‍.എസ്.എസ്. ആണ്. രാഷ്ട്രീയത്തെ അപകീര്‍ത്തിപ്പെടുത്താനും മുഖ്യമന്ത്രിയെ കരിവാരി തേയ്ക്കാനുമുള്ള ശ്രമമാണിത്. അപ്പോള്‍ ഇതിനുപിന്നില്‍ ആരായിരിക്കുമെന്ന് ചിന്തിക്കാനാവുന്നതല്ലേയുള്ളൂവെന്നും ഗൂഢാലോചനയെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം മുഖ്യമന്ത്രിക്കെതിരെയുള്ള സ്വപ്ന സുരേഷിന്റെ ആരോപണം അവജ്ഞയോടെ തള്ളിക്കളയുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തെളിവുണ്ടെങ്കില്‍ കേസന്വേഷിച്ച ഇ.ഡിക്ക് നല്‍കണം. എന്തിന് മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നും കാനം ചോദിച്ചു. ആരോപണത്തിന് പിന്നില്‍ പി സി ജോര്‍ജിന് പങ്കുണ്ടെങ്കില്‍ അത് അവര്‍ ഏറ്റെടുക്കട്ടെയെന്നും കാനം കൂട്ടിചേര്‍ത്തു.
വിഷയം സിപിഐ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കാനം വ്യക്തമാക്കി. രാഷ്ട്രീയമായി എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ ബി.ജെ.പി കൊണ്ടു വന്ന കേസാണിത്. അന്വേഷണത്തിന്റെ എല്ലാ ഘട്ടങ്ങളും കഴിഞ്ഞ് ഒരു തെളിവും സര്‍ക്കാരിനെതിരെ കണ്ടെത്താനായിട്ടില്ല. ആ കേസിനെ ഇനിയും കൊണ്ടു നടക്കേണ്ട ആവശ്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."