കൊവിഡ് പ്രതിസന്ധിയും കേരള ബജറ്റും
കൊവിഡ്- 19 എന്ന മഹാമാരി ആഗോളതലത്തില്‍ സമസ്ത മേഖലകളെയും വളരെ ദോഷകരമായി ബാധിച്ചു. ഒന്നാം ഘട്ടത്തില്‍നിന്നു വിമുക്തമാകുന്നതിനുമുന്‍പ് പലമടങ്ങ് ശക്തിയോടെ രണ്ടാം ഘട്ടം സര്‍വനാശം നടത്തി. ഇനിയുമൊരു ഘട്ടം ഉണ്ടാകുമോയെന്നു ഭയപ്പെട്ടിരിക്കുകയാണ് ലോകജനത. കഴിഞ്ഞ പതിനഞ്ചു മാസത്തെ കൊവിഡും അതിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും തൊഴില്‍ ഇല്ലായ്മയ്ക്കും ദാരിദ്ര്യം വര്‍ധിക്കുന്നതിനും കാരണമായിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെയാണ് വളരെ ദോഷകരമായി ബാധിച്ചത്. കൊവിഡ് കൊണ്ടുണ്ടായ പ്രതിസന്ധിയെ തരണം ചെയ്യാന്‍ 2021-22 പുതുക്കിയ ബജറ്റ് എന്തുചെയ്തു എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
സംസ്ഥാന ധനകാര്യ മന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നത് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 3.82 ശതമാനത്തെ ഇടിവാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായതെന്നാണ്. രാജ്യത്തെ ജി.ഡി.പി 7.3 ശതമാനമാണ് കുറവുണ്ടായത്. ഈ വളര്‍ച്ചാനിരക്കിലെ കുറവ് കൊവിഡ് കൊണ്ടുമാത്രം ഉണ്ടായതല്ല. സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് 2020 പ്രകാരം മൊത്ത സംസ്ഥാന സംയോജിത മൂല്യം (ജി.എസ്.വി.എ) 2011- 12 ലെ സ്ഥിരവിലയില്‍ 2018-19ലെ താല്‍ക്കാലിക കണക്കുകളിലെ 4.89 ലക്ഷം കോടി രൂപയില്‍ നിന്ന് 2019- 20 ലെ ത്വരിതകണക്കില്‍ 5.01 ലക്ഷം കോടി രൂപയായി വര്‍ധിച്ചു.
2012-13 ല്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് ആറു ശതമാനമായിരുന്നു. എന്നാല്‍, 2019-20 ല്‍ 2.58 ശതമാനം മാത്രമാണ് വളര്‍ച്ചാനിരക്ക്. ഈ വളര്‍ച്ചാനിരക്കിലെ കുറവിനെ പരിഹരിക്കുന്നതിനോ കൊവിഡ് കൊണ്ടുണ്ടായ പ്രതിസന്ധിയെ ഫലപ്രദമായി പരിഹരിക്കുന്നതിനോ ദീര്‍ഘകാല വികസനത്തിനോ ആവശ്യമായ നടപടികള്‍ 2021-22 പുതുക്കിയ ബജറ്റില്‍ ഇല്ല. 2021 ജനുവരിയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ ചെലവിനെ സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. പുതുക്കിയ ബജറ്റിലും 20,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പക്ഷേ ഇത് പര്യാപ്തമല്ലാത്തത്ര നാശമാണ് കൊവിഡ് സമ്പദ്ഘടനയില്‍ ഉണ്ടാക്കിയിരിക്കുന്നത്.
കൊവിഡ് ബാധിച്ച് 10000 ത്തിലധികം പേരാണ് ഇതിനകം മരിച്ചത്. ഇതില്‍ പലരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും കുടുംബത്തിന്റെ ഏക അത്താണിയുമായിരുന്നു. അത്തരം കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനും വരുമാനം ലഭിക്കുന്നതിനും ആവശ്യമായ ഒരു നടപടിയും ഇതില്‍ ഇല്ല.
തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ മഹാ ഭൂരിപക്ഷം പേരും അസംഘടിത മേഖലയിലാണ് ജോലി നോക്കുന്നത്. ഒരു തരത്തിലുള്ള വായ്പയോ വായ്പ ആനുകൂല്യമോ ലഭിക്കാത്ത അവര്‍ക്ക് ഒരു ആശ്വാസവും ബജറ്റ് നല്‍കുന്നില്ല. പ്രൈവറ്റ് ബസ്, ചെറുകിട കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍, ഓട്ടോ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കൊന്നും ഒരു ആനുകൂല്യവും ബജറ്റ് നല്‍കുന്നില്ല.
വരുമാന പ്രതിസന്ധി
കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളെല്ലാം വറ്റിയിരിക്കുകയാണ്. ലോട്ടറി, മദ്യം, വ്യാപാരം തുടങ്ങിയവയിലൊന്നും വരുമാനം കിട്ടുന്നില്ല. 2020-21ല്‍ ബജറ്റില്‍ 1.44 ലക്ഷം കോടി രൂപ പ്രതീക്ഷിച്ചിരുന്ന സ്ഥലത്തു ലഭിച്ചത് 93,115 കോടി രൂപയാണ്. കൊവിഡ് കാരണം സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോള്‍ എങ്ങനെയാണ് 2021-22 പുതുക്കിയ ബജറ്റില്‍ പറഞ്ഞിരിക്കുന്ന 1,30,981.06 കോടി രൂപ ലഭിക്കുന്നത്. സംസ്ഥാനത്തിന്റെ പൊതുവരുമാനം 18.77 ശതമാനം കുറവുണ്ടായതായി മന്ത്രി തന്നെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഒരു കാരണവശാലും പ്രതീക്ഷിച്ച വരുമാനം ലഭിക്കാന്‍ പോകുന്നില്ല. കേരളത്തിന്റെ വികസനത്തിന് ചെലവാക്കാനാവശ്യമായ വരുമാനം സ്വരൂപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല. നികുതിവരുമാനവും നികുതിയേതര വരുമാനവും പ്രതീക്ഷിക്കുന്നനിരക്കില്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല. സംസ്ഥാനത്തിന് റവന്യൂ വരുമാനം 2018-19നെ അപേക്ഷിച്ച് 2019-20ല്‍ 2,629.8 കോടി രൂപ കുറഞ്ഞു. അതേസമയം, കേന്ദ്രനികുതികളുടെയും ഗ്രാന്റുകളുടെയും വിഹിതം 2019-20ല്‍ 2,790.82 കോടി രൂപയുടെ കുറവുണ്ടായി. സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 2018-19 ല്‍ ഒന്‍പത് ശതമാനമായിരുന്നത് 2019- 20ല്‍ (-)0.6 ശതമാനമായി കുറഞ്ഞു. നികുതി വരുമാനം ചുമത്താന്‍ പറ്റിയ സമയമല്ലെന്ന വാദത്തോട് യോജിക്കുമ്പോള്‍ തന്നെ എന്തുകൊണ്ട് നികുതി ഇതര വരുമാനം കൂട്ടാന്‍ ശ്രമിക്കുന്നില്ല എന്നതിന് ഉത്തരമില്ല. എന്തിനും ഏതിനും കടമെടുക്കാമെന്ന ആലോചനയില്‍ തന്നെയാണ് മുന്‍ ധനകാര്യ മന്ത്രിയെപ്പോലെ ഇപ്പോഴത്തെ ധനകാര്യ മന്ത്രിയും. ഇത് കടബാധ്യത വര്‍ധിപ്പിക്കാനാണ് ഇടയാക്കുക.
ചെലവ് ചുരുക്കല്‍ വെറും
വാചക കസര്‍ത്ത്
ചെലവ് ചുരുക്കുന്നതിനാവശ്യമായ ഒരു നടപടിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. പകരം മന്ത്രി മന്ദിരങ്ങള്‍ മോടിപിടിപ്പിക്കാന്‍ കോടിക്കണക്കിനു രൂപയാണ് ചെലവഴിക്കാന്‍ പുതിയ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പിന്‍വാതില്‍ നിയമനത്തിലൂടെയും സ്ഥിരപ്പെടുത്തലുകളിലൂടെയും ചെലവ് വര്‍ധിപ്പിക്കാനാണ് മുതിരുന്നത്. സ്മാരകങ്ങള്‍ പണിയാനായി കോടികള്‍ വകയിരുത്തിയത് ഇതിന്റെ ഭാഗമായി കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."