HOME
DETAILS

ഇന്ത്യൻ ജ്ഞാനപാരമ്പര്യങ്ങളും സംസ്കൃതവൽക്കരണവും

  
backup
April 21 2023 | 00:04 AM

national-education-policy-nep-2020

 

National Education Policy (NEP 2020)

ഇന്ത്യൻ ജ്ഞാനപരമ്പരയുമായി ബന്ധപ്പെട്ട് ഫാക്കൽറ്റികൾക്ക് ഓറിയന്റേഷനും പരിശീലനങ്ങൾക്കുമായി വിവിധ കോഴ്സുകൾ രൂപകൽപന ചെയ്തുകൊണ്ട് വിശദമായ മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി യൂനിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ സമഗ്ര മാർഗനിർദേശരേഖ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. വിദ്യാഭ്യാസത്തിലൂടെ ഉത്തമ പൗരസൃഷ്ടി ലക്ഷ്യമാക്കുന്ന ഭരണഘടനാ ജനാധിപത്യ സങ്കൽപം നിലനിൽക്കുന്ന രാജ്യത്തിൽ യു.ജി.സി പുറപ്പെടുവിച്ച മാർഗരേഖ ജനാധിപത്യപരമായ ചർച്ചകൾക്ക് വിധേയമാക്കേണ്ടതുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ(NEP 2020) ഭാഗമായാണ് ഇത്തരം കോഴ്സ് രൂപവൽക്കരിക്കലിന്റെ ആധാരമെന്നും മാർഗരേഖയുടെ ആമുഖത്തിൽ തന്നെ വ്യക്തമാക്കുന്ന പശ്ചാത്തലത്തിൽ ഈ ചർച്ചക്ക് കൂടുതൽ പ്രാധാന്യവുമുണ്ട്.


എന്താണ് ഇന്ത്യൻ ജ്ഞാനപാരമ്പര്യം?


യഥാർഥത്തിൽ 'ഇന്ത്യൻ ജ്ഞാനപാരമ്പര്യങ്ങൾ' എന്ന പ്രയോഗമാണ് ചരിത്രപരമായി സാധുവായിട്ടുള്ളത്. എന്നാൽ ഇന്ത്യൻ ജ്ഞാനപാരമ്പര്യം എന്ന സവിശേഷ ശീർഷകത്തിനു കീഴിൽ സംസ്കൃത ജ്ഞാനപാരമ്പര്യത്തിനാണ് സിംഹഭാഗത്തിലും ഊന്നൽ നൽകിയിട്ടുള്ളത് എന്നത് വൈവിധ്യപൂർണമായ ഇന്ത്യൻ ജ്ഞാനവ്യവസ്ഥയെ സംസ്കൃത പാരമ്പര്യം മാത്രമാക്കി ചുരുക്കിക്കാട്ടുന്നതിനാവും സഹായിക്കുക. വിപുലമായ തദ്ദേശീയ ജ്ഞാനപാരമ്പര്യങ്ങളെ ഇതിൽ ഉൾക്കൊള്ളിച്ചിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. സംസ്കൃത പാരമ്പര്യത്തിന് ഊന്നൽ നൽകുമ്പോഴും മുഗൾ കാലത്ത് വികസിച്ചുവന്ന സംസ്കൃത ജ്ഞാനപാരമ്പര്യങ്ങളെ തമസ്കരിക്കുന്ന പ്രവണതയും മാർഗരേഖ പരിശോധിക്കുമ്പോൾ സ്പഷ്ടമാവുന്നുണ്ട്.

എൻ.സി.ഇ.ആർ.ടിയുടെ പാഠപുസ്തകങ്ങളിൽനിന്ന് മുഗൾ ചരിത്രവും ജനാധിപത്യത്തെ സംബന്ധിച്ച പാഠഭാഗങ്ങളും ഗാന്ധിയും മറ്റും ഒഴിവാക്കപ്പെടുന്ന സവിശേഷ സാഹചര്യത്തിൽ യു.ജി.സിയുടെ കോഴ്സുകളുടെ മാർഗരേഖയിൽനിന്ന് മുഗൾ ജ്ഞാനപാരമ്പര്യങ്ങൾ തമസ്കരിക്കപ്പെട്ടതിൽ അത്ഭുതമില്ല. ബൗദ്ധ, ജൈന പാരമ്പര്യങ്ങളും ഇപ്രകാരം തന്നെ ഒതുക്കപ്പെട്ടിരിക്കുന്നു. വളരെ കുറഞ്ഞ ദൃശ്യതമാത്രം നൽകിയാണ് ഇവകളെ മാർഗരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബൗദ്ധമായ വിപുലമായ ജ്ഞാനപാരമ്പര്യങ്ങളെ നിഷ്കരുണം നിരസിക്കുന്ന പ്രവണത ഇതിൽ നിഴലിക്കുന്നുണ്ട്. സംസ്കൃത ജ്ഞാനപാരമ്പര്യത്തിൽ തന്നെയുള്ള ചാർവാക ബാർഹസ്പത്യ ദർശനങ്ങളെയും ഒഴിവാക്കിയിരിക്കുന്നു. ഇന്ത്യൻ നോളഡ്ജ് സിസ്റ്റം എന്നാണ് കോഴ്സുകൾക്കുള്ള പൊതുവായ ശീർഷകം എങ്കിലും അത് സമ്പൂർണമായി സംസ്കൃത കേന്ദ്രിതമായി ചുരുങ്ങിയിരിക്കുന്നു. ഇതിൽ സംസ്കൃത- പേർഷ്യൻ സംവാദങ്ങളും മുഗൾ- സംസ്കൃത സംവാദങ്ങളും സമ്പൂർണമായി ഒഴിവാക്കപ്പെട്ടു. ഇന്ത്യൻ ജ്ഞാനപാരമ്പര്യങ്ങളുമായി ബന്ധപ്പെട്ട നൂറുകണക്കിന് ഗ്രന്ഥങ്ങൾ തദ്ദേശീയ ഭാഷകളിൽ രചിക്കപ്പെട്ടിട്ടുണ്ട്. തമിഴിലും മലയാളത്തിലും ഇത്തരത്തിലുള്ള ഒട്ടനവധി ഗ്രന്ഥങ്ങളുണ്ട്. യുക്തിഭാഷ ഉൾപ്പെടെയുള്ള മലയാളത്തിലെ ഗണിതഗ്രന്ഥങ്ങളും ദർശനങ്ങളുടെ രംഗത്ത് നാരായണ ഗുരുവിന്റെ മലയാള രചനകളുമെല്ലാം ഇതിനുത്തമ ദൃഷ്ടാന്തങ്ങളാണ്. എന്നാൽ ഇന്ത്യൻ ജ്ഞാനപാരമ്പര്യം എന്ന് പേരിടുകയും അതേസമയം സംസ്കൃതം ഒഴികെയുള്ള ഇതര പാരമ്പര്യ ജ്ഞാനവ്യവഹാരങ്ങളെ തമസ്കരിക്കുകയും ചെയ്യുന്ന രീതിയാണ് യു.ജി.സി സ്വീകരിച്ചിട്ടുള്ളത്.

ഉറുദുവിലും പേർഷ്യനിലും മറ്റും രചിക്കപ്പെട്ട ജ്ഞാനപാരമ്പര്യത്തെ ഇതിൽ പരിഗണിക്കുക പോലും ചെയ്തിട്ടുമില്ല. അടിസ്ഥാനപരമായി വൈവിധ്യങ്ങളിലാണ് ഇന്ത്യൻ സംസ്കാരം നിലനിൽക്കുന്നത്. ആ നിലക്ക് നോക്കുമ്പോൾ ഇന്ത്യയുടെ ജ്ഞാനപാരമ്പര്യങ്ങളുടെ വൈവിധ്യങ്ങളെ അഭിസംബോധന ചെയ്തില്ലെങ്കിൽ 'ഇന്ത്യാ സമം സംസ്കൃതം' എന്ന ആശയത്തിലേക്കാവും അത് നയിക്കുക. ആത്യന്തികമായി ഇത് വൈവിധ്യപൂർണമായ സംസ്കൃതത്തിന്റെ ജ്ഞാനപാരമ്പര്യത്തെതന്നെ അവഹേളിക്കലുമാവും. മുഗൾ ഭരണകാലത്ത് സംസ്കൃതം കൈവരിച്ച വികാസവും അക്കാലത്ത് കൈവന്ന പല നിലകളിലുള്ള ബഹു വൈജ്ഞാനിക സാങ്കേതിക മുന്നേറ്റങ്ങളും യു.ജി.സി മാർഗരേഖയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിലനിൽക്കുന്ന സംസ്കൃത ഭാഷയുടെ സാംസ്കാരിക വൈവിധ്യത്തെ നിരസിക്കലാണ്. അതുകൊണ്ടുതന്നെ, ഇന്ത്യൻ ജ്ഞാനപാരമ്പര്യത്തെ സംബന്ധിച്ച ഒരു കോഴ്സ് രൂപകൽപന ചെയ്യുമ്പോൾ ഇന്ത്യയുടെ സവിശേഷ വൈവിധ്യ സംസ്കാരങ്ങളെ പരിഗണിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ല എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.


സംസ്കൃത ജ്ഞാനപാരമ്പര്യം:
ചില സമസ്യകൾ


സംസ്കൃത ജ്ഞാനപാരമ്പര്യത്തെ സംബന്ധിച്ചുള്ള നിരവധി കോഴ്സുകളെക്കുറിച്ച് യു.ജി.സി വിശദീകരിക്കുമ്പോഴും അതിൽ പലതരം പ്രശ്നസങ്കീർണതകൾ കടന്നുവരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സംസ്കൃത ജ്ഞാനപാരമ്പര്യത്തെ ഇന്ത്യാ ചരിത്രത്തിന്റെ ഭാഗമായി കാണുന്നതിനു പകരം വർത്തമാന ഇന്ത്യയെ ഭൂതകാല വാഴ്ത്തുകളുടെ തടവറയിൽ കെട്ടിയിടാൻ ശ്രമിക്കുന്നു എന്നതാണ്. ചില ഉദാഹരണങ്ങളിലൂടെ ഇത് വിശദമാക്കാം. കെമിസ്ട്രി പഠനവുമായി ബന്ധപ്പെടുത്തി രസ രത്നാകരം, രസരത്‌ന സമുച്ചയം, സർവേശ്വര രസായനം തുടങ്ങിയവ പഠിക്കാൻ യു.ജി.സി കരട് മാർഗരേഖ നിർദേശിക്കുന്നു. ആയുർവേദ സങ്കല്പമായ 'ദ്രവ്യ ഗുണ ശാസ്ത്രം', വൈശേഷിക ദർശനം എന്നിവ ബയോ കെമിസ്ട്രി, ബയോ ഫിസിക്സ്, എൻജിനിയറിങ് എന്നിവയുമായി ബന്ധപ്പെടുത്തി പഠിക്കുവാനും നിർദേശിക്കുന്നു. ഇതിലൂടെ പാരമ്പര്യ വിജ്ഞാനത്തെ ആധുനിക വിജ്ഞാന ശാഖകളുമായി ബന്ധപ്പെടുത്താനുള്ള ശ്രമമാണെന്ന് യു.ജി.സി കരടുരേഖ വിശദമാക്കുന്നു. രസ രത്നാകരമാണ് ഇതിന് ദൃഷ്ടാന്തമായി ചൂണ്ടിക്കാട്ടുന്നത്. രസ രത്നാകരത്തിലെ 'ലബോറട്ടി നിർമാണം', 'Furnate Construction' തുടങ്ങിയവ പാരമ്പര്യവിജ്ഞാനത്തെ ആധുനിക വിജ്ഞാനവുമായി ബന്ധപ്പെടുത്തുന്നതിന്റെ ഉദാഹരണമാണ്.

ഇതിലൂടെ വ്യാഖ്യാനിച്ചുറപ്പിക്കാൻ ശ്രമിക്കുന്നത് ആധുനികമായ എല്ലാ കണ്ടുപിടുത്തങ്ങളും പ്രാചീന കാലത്തുതന്നെ മഹർഷിവര്യന്മാർ കണ്ടുപിടിച്ചു എന്ന് സ്ഥാപിക്കാനാണ്. കെമിസ്ട്രിയും മെറ്റലർജിയുമായി ബന്ധപ്പെട്ട് വേദകാലത്തെ മെറ്റലർജിയെ സംബന്ധിച്ച അന്വേഷണത്തിന് പ്രേരിപ്പിക്കുന്നതിലൂടെ ആധുനികമായി കൈവന്ന ശാസ്ത്രാന്വേഷണങ്ങളെയും കണ്ടുപിടുത്തങ്ങളെയും പ്രാചീന വേദകാലത്തേക്ക് വലിച്ചു നീട്ടാനാണ് ശ്രമിക്കുന്നത്. അടിസ്ഥാനപരമായ കൃഷി വികസിക്കാത്ത പശുപാലന വ്യവസ്ഥയുമായി ജീവിച്ച ജനതയുടെ കാലത്തെ മെറ്റലർജിയുടെ ഇന്ത്യൻ സംഭാവനകൾക്കായി വേദം പഠിക്കാനായി മുതിരുമ്പോഴുള്ള ശ്രമം തറവാട്ടുഘോഷണവും മിഥ്യാചരിത്ര നിർമിതിയുടെ ഭാഗവുമാണെന്ന് പറയാതെ വയ്യ!


അധ്യാപകർ യോഗയും ധ്യാനവും ക്ലാസിക്കൽ സംഗീതവും പഠിക്കണമെന്ന് നിർദേശിക്കുന്ന മാർഗരേഖ പല നിലകളിലും ശാസ്ത്രീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന മാർഗങ്ങളല്ല പിന്തുടരുന്നതെന്ന് വ്യക്തമാണ്. കൂടാതെ, ധർമം, പുണ്യം, ആത്മാവ്, കർമം, യജ്ഞം, ഇതിഹാസം, പുരാണം, വർണവ്യവസ്ഥ, പ്രജാ, സുരാജ്യം തുടങ്ങിയവയും കോഴ്സിൽ പഠനത്തിനായി ഉൾപ്പെടുത്തിയിട്ടുണ്ട്. പാപ, പുണ്യ സങ്കൽപങ്ങളും യജ്ഞ കർമസിദ്ധാന്തങ്ങളുമാണ് ഇന്ത്യൻ ജാതിവ്യവസ്ഥയുടെ അടിസ്ഥാനമെന്നിരിക്കെ കേവലം വിവരണാത്മകമായി വിമർശന രഹിതമായി ഈ സങ്കൽപങ്ങൾ കോഴ്സിന്റെ ഭാഗമാവുന്നത് വലിയ അപകടങ്ങൾ വരുത്തിവയ്ക്കും.
ഭാരതീയ നിയമശാസ്ത്രം(Indian Jurisprudence) എന്ന ഒരു മൊഡ്യൂൾ തന്നെ കോഴ്സിൽ ഉൾച്ചേർത്തിട്ടുണ്ട്. ഇതിൽ സ്മൃതികളും ധർമശാസ്ത്രങ്ങളുമാണ് ഉൾപ്പെടുന്നത്. ജാതിവ്യവസ്ഥയെ നീതികരിക്കുന്ന ധർമശാസ്ത്രങ്ങളെ വിമർശന രഹിതമായാണ് പഠിപ്പിക്കുന്നതെങ്കിൽ അതും ആത്യന്തികമായി ഭരണഘടനാ ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനുള്ള സഹായകമായി ഭവിക്കും.


പ്രാചീന ഇന്ത്യൻ ജ്ഞാനപാരമ്പര്യത്തെ മനസിലാക്കുന്നതിനായി സംസ്കൃത സൂത്രം, ഭാഷ്യം, കാരിക, വാർത്തിക ഗ്രന്ഥങ്ങൾ (പുറം. 7) എന്നിവ പഠിക്കാനായി നിർദേശിക്കുന്നതിലൂടെ ഇന്ത്യൻ ജ്ഞാനപാരമ്പര്യമെന്നാൽ സംസ്കൃത പാരമ്പര്യമാണെന്ന വിധി തീർപ്പിലാണ് എത്തിച്ചേർന്നിരിക്കുന്നത്.


Course on Ancient Indian Art and Architecture എന്ന മൊഡ്യൂളിൽ ഭാരതവർഷം എന്ന സങ്കൽപം പഠിക്കാനുണ്ട്. കൂടാതെ, വൈദിക യജ്ഞവും വാസ്തു പുരുഷ സങ്കൽപവും ഉൾപ്പെട്ടിട്ടുണ്ട്. ഭാരതവർഷം എന്ന സങ്കൽപം ആധുനികമായ അർഥത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് എങ്ങനെയാണന്നത് സംശയാസ്പദമാണ്. പുതിയ എൻജിനീയറിങ് രീതികളും നിർമാണപ്രക്രിയകളും പഠിക്കേണ്ട കാലത്ത് തെളിവധിഷ്ഠിതമല്ലാത്ത വിധത്തിൽ, ശാസ്ത്രീയ അന്വേഷണ രീതിയെ തന്നെ പരിഹസിക്കുന്ന തരത്തിൽ വാസ്തു പുരുഷ സങ്കൽപവും മറ്റും കോഴ്സിൽ ഉൾപ്പെടുത്തിയതും പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.


Sacred Ecology എന്ന ഉപശീർഷകത്തിൽ വിശുദ്ധ വനങ്ങളായി നൈമിശാരണ്യം, പഞ്ചവടി, ദണ്ഡകാരണ്യം എന്നിവകളെയും വിശുദ്ധ പർവതങ്ങളായി കൈലാസം, ഗോവർധനം എന്നിവകളെയും ഗണിക്കുന്ന യു.ജി.സിയുടെ കോഴ്സ് മാർഗരേഖയുടെ സാംസ്കാരിക രാഷ്ട്രീയം പ്രത്യേകം പ്രസ്താവിക്കേണ്ടതില്ല. സംസ്കൃത ജ്ഞാനപാരമ്പര്യത്തിൽനിന്ന് പുതിയ കാലത്തിന് യോജിച്ചതും ഭരണഘടനാ ജനാധിപത്യ തത്വങ്ങൾക്ക് വിരുദ്ധമല്ലാത്തതുമായ പാഠ്യപദ്ധതി ആവിഷ്കരിക്കേണ്ടതിനു പകരം സംസ്കൃതത്തിലെ ചരിത്രപരമായ പ്രാധാന്യമുള്ള സംഭാവനകൾക്കുപരിയായി മനുഷ്യമനസുകളെ ആയിരത്താണ്ടുകൾ പിന്നോട്ടടിക്കുന്ന വിശ്വാസപാരമ്പര്യങ്ങളിൽ ബന്ധിപ്പിക്കാൻ ശ്രമിക്കുന്നത് ഇന്ത്യയുടെ ഭാവിക്ക് ശുഭോദർക്കമാണോ എന്ന് ആലോചിക്കേണ്ടതുണ്ട്. ഇന്ത്യൻ കലയെയും വാസ്തുവിദ്യയെയും സംബന്ധിച്ച മൊഡ്യൂളിൽ ബൗദ്ധ-ജൈന ശിൽപകലയും വാസ്തുവിദ്യയും, മുഗൾ ശിൽപ/വാസ്തു വിദ്യാ പാരമ്പര്യവും ക്രൈസ്തവ ശിൽപ, ചിത്രകലാ പാരമ്പര്യങ്ങളും സമ്പൂർണമായി ഒഴിവാക്കിയതും യാദൃച്ഛികമല്ല.

National Education Policy (NEP 2020)


(തുടരും)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago