ദലിതരുടെ സുരക്ഷയ്ക്ക് ഇനിയുമെത്ര സഞ്ചരിക്കണം
Scheduled Castes and Scheduled Tribes
ഉത്തർപ്രദേശിലെ ഉന്നാവോയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട് ജാമ്യത്തിലിറങ്ങിയ പ്രതികൾ തീയിട്ട വാർത്ത മനസ്സാക്ഷിയുള്ള ആരെയും അമ്പരപ്പിക്കുന്നതാണ്. പെൺകുട്ടിയുടെ ഗുരുതരമായി പൊള്ളലേറ്റ നവജാത ശിശുവും സഹോദരിയും ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുകയാണ്. പ്രതികൾക്കെതിരായ കേസ് പിൻവലിക്കാൻ സമ്മതിക്കാതിരുന്നതിനാലാണത്രെ അതിക്രമം. ദലിതർ എത്രത്തോളം സുരക്ഷിതരാണെന്നതാണ് ഈ സംഭവത്തിലെ പ്രധാന ചോദ്യം. രാജ്യത്ത് ഒരുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കുന്നു. എന്നിട്ടും എത്രത്തോളം നീതി ലഭ്യമാക്കാനാവുന്നുണ്ട്.
ഉന്നാവോയിൽ ബി.ജെ.പി എം.എൽ.എ കുൽദീപ് സെങ്കാർ പ്രതിയായ മറ്റൊരു പീഡനക്കേസുണ്ട്. ഇതിലെ ഇരയും ദലിത് പെൺകുട്ടിയായിരുന്നു. പീഡനവിവരം പുറത്തു പറഞ്ഞതിന് പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ ട്രക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിൽ അവരുടെ രണ്ടു ബന്ധുക്കൾ മരിച്ചു. പെൺകുട്ടിക്ക് യു.പിയിൽ തുടരാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഒടുവിൽ സുപ്രിംകോടതി ഇടപെട്ടാണ് സുരക്ഷയൊരുക്കിയത്. ഹാത്രാസിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊല്ലുകയും പിന്നാലെ അധികൃതർ തന്നെ ധൃതി പിടിച്ച് മൃതദേഹം സംസ്‌കരിക്കുകയും ചെയ്ത സംഭവം നമുക്കറിയാം. ഈ കേസിലെ പ്രതികളെല്ലാം ഇപ്പോൾ ജയിൽ മോചിതരാണ്. മേൽജാതിക്കാരായ പ്രതികളെ സംരക്ഷിക്കാനാണ് പൊലിസും സർക്കാരും ശ്രമിച്ചതെന്ന ആക്ഷേപം ശക്തമാണ്. ഇതെല്ലാം അറിയപ്പെടുന്ന കേസുകളാണ്. അറിയപ്പെടാത്ത സംഭവങ്ങൾ അതിലേറെയുണ്ട്.
2021ൽ രാജ്യത്ത് പട്ടികജാതിക്കാർക്കെതിരായ അതിക്രമം 1.2 ശതമാനവും പട്ടിക വർഗക്കാർക്കെതിരായ അതിക്രമങ്ങൾ 6.4 ശതമാനവും വർധിച്ചതായാണ് നാഷണൽ ക്രൈം റെകോർഡ്സ് ബ്യൂറോ കഴിഞ്ഞ വർഷം പുറത്തുവിട്ട റിപ്പോർട്ട് പറയുന്നത്. കൊവിഡ് കാലത്തുപോലും ഇതിന് കുറവുണ്ടായില്ല. രാജ്യം പുരോഗമിക്കുമ്പോഴും ദലിതർക്ക് സുരക്ഷയും നീതിയുമൊരുക്കാൻ നമുക്ക് കഴിയുന്നില്ല. മാത്രമല്ല, അവർക്കെതിരായ അതിക്രമങ്ങൾ കൂടുകയും ചെയ്യുന്നു. പട്ടിക ജാതിക്കാർക്കെതിരേ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഉത്തർപ്രദേശിലാണ്- 25.82 ശതമാനം. രാജസ്ഥാനിൽ 14.7 ശതമാനം. മധ്യപ്രദേശിൽ 14.1 ശതമാനം. പട്ടിക വർഗക്കാർക്കെതിരായ അതിക്രമങ്ങൾ മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, 29.8 ശതമാനം. രണ്ടാമതുള്ള രാജസ്ഥാനിൽ ഇത് 24 ശതമാനമാണ്. ദലിത്, ആദിവാസി സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ കണക്കുകൾ കൂടിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട ബലാത്സംഗക്കേസുകളിൽ പട്ടികജാതി സ്ത്രീകൾക്കെതിരേ 7.64 ശതമാനവും പട്ടികവർഗ സ്ത്രീകളുടേത് 15 ശതമാനവുമാണ്.
ദലിത് സ്ത്രീകൾക്കെതിരായ ബലാത്സംഗം, ലൈംഗികാതിക്രമം, സ്ത്രീകളെ അക്രമിക്കൽ, സ്ത്രീകളെയും പ്രായപൂർത്തിയാകാത്തവരെയും തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളുടെ വിശദമായ കണക്കുകളും റിപ്പോർട്ട് പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് നീതി എത്രത്തോളം ലഭ്യമാക്കാൻ കഴിഞ്ഞുവെന്നുകൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. പട്ടിക ജാതിക്കാർക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട 96.0 ശതമാനം കേസുകളും പട്ടികവർഗക്കാർക്കെതിരായ കേസുകളിൽ 95.4 ശതമാനവും വിചാരണ പൂർത്തിയായിട്ടില്ല.
ഇന്ത്യയിൽ പ്രതിദിനം 10 ദലിത് പെൺകുട്ടികളെങ്കിലും ബലാത്സംഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. യഥാർഥ കണക്കുകൾ ഇതിലും കൂടുതലാകാം. ഹാത്രാസിലെ കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ദലിത് പെൺകുട്ടികൾക്കെതിരേ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് സന്നദ്ധ സംഘടന സ്വാഭിമാൻ സൊസൈറ്റി ഇക്വാലിറ്റി നൗവുമായി ചേർന്ന് പുറത്തിറക്കിയ ജസ്റ്റിസ് ഡിനൈഡ് എന്ന റിപ്പോർട്ടിൽ, ഹരിയാനയിൽ ബലാത്സംഗത്തിനിരയായ 40 സ്ത്രീകളിൽ നടത്തിയ പഠനത്തെക്കുറിച്ച് പറയുന്നുണ്ട്. ഈ സ്ത്രീകൾ കൂട്ടബലാത്സംഗം, കൊലപാതകം തുടങ്ങിയ ഹീനമായ അതിക്രമങ്ങൾക്ക് ഇരയായെന്ന് മാത്രമല്ല, ജാതിവ്യവസ്ഥ, വ്യവസ്ഥാപരമായ മുൻവിധി, അഴിമതി എന്നിവ കാരണം അവർക്ക് നീതി ലഭിക്കാനുള്ള സാധ്യതയും ഇല്ലാതായെന്നും പഠനം പറയുന്നു.
ജാതി അടിസ്ഥാനത്തിലുള്ള വിവേചനം നൂറ്റാണ്ടുകളായി ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയതാണ്. ഇതാണ് ദലിതർക്കെതിരായ എല്ലാ തരത്തിലുമുള്ള അക്രമങ്ങളുടെ അടിസ്ഥാനം. ദലിതരുടെയും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഭരണഘടനാ വ്യവസ്ഥകളും ശക്തമായ നിയമങ്ങളും ഉണ്ടായിരുന്നിട്ടും, ഈ സമുദായങ്ങൾക്കെതിരായ അക്രമവും വിവേചനവും പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ നിന്ന് നിയമങ്ങൾ ശരിയായി നടപ്പാക്കപ്പെടുന്നില്ലെന്ന് വേണം മനസിലാക്കാൻ. ഇന്ത്യയിൽ ഏകദേശം 240 മില്യൺ ദലിതരുണ്ട്. അതായത് ജനസംഖ്യയുടെ 25 ശതമാനത്തോളം ദലിതരാണ്. എല്ലാവർക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ഉണ്ടെന്ന് കരുതപ്പെടുന്ന ഒരു രാജ്യത്ത് അഞ്ചിലൊരാൾ തൊട്ടുകൂടായ്മയുടെ ഇരയാണ്. ഇന്ത്യയിലെ ഏകദേശം അറുപത് ദശലക്ഷം ആളുകൾ, അവരിൽ ഇരുപത് ദശലക്ഷം കുട്ടികൾ, കടം വീട്ടാൻ അടിമപ്പണി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
അവരിൽ ഭൂരിഭാഗവും ദലിതരാണ്.കുറഞ്ഞത് ഒരു ദശലക്ഷം ദലിതുകളെങ്കിലും കൈകൊണ്ട് തോട്ടിപ്പണി ചെയ്യുന്നവരും കക്കൂസിൽ നിന്ന് മലം നീക്കം ചെയ്യുന്നവരും ചത്ത മൃഗങ്ങളെ കൈകൊണ്ട് നീക്കം ചെയ്യുന്നവരുമാണ്. ദിവസേന ഏതാനും കിലോഗ്രാം അരിക്ക്, അല്ലെങ്കിൽ 50-60 രൂപയ്ക്ക് പണിയെടുക്കുന്ന ഭൂരിഭാഗം കർഷകത്തൊഴിലാളികളും ദലിതരിൽ ഉൾപ്പെടുന്നു.
ദലിത് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള 2021 ഒക്ടോബറിലെ ജേണൽ ഓഫ് ഇന്റർനാഷണൽ വിമൻസ് സ്റ്റഡീസിൽ നടത്തിയ ഒരു വിശകലന പഠനം, ദലിത് സ്ത്രീകൾ നിരക്ഷരരും സാമൂഹിക സമ്മർദമായി തൊട്ടുകൂടായ്മ അനുഭവിക്കുന്നവരും പൗര, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക അവകാശങ്ങളെക്കുറിച്ച് ബോധമില്ലാത്തവരുമാണെന്ന് കണ്ടെത്തി. ഗ്രാമീണ മേഖലകളിൽ ഈ സാഹചര്യമാണ് അവർക്കെതിരായ ലൈംഗികാതിക്രമങ്ങൾ കൂടാനുള്ള കാരണം. കേസുകളിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടില്ലെന്നതും അതിക്രമം കൂടാൻ കാരണമാവുന്നു. ദലിതർക്ക് നീതി ലഭ്യമാക്കാൻ രാജ്യത്തെ നിയമം ശക്തമായി നടപ്പാക്കുകയും ഇത്തരം കേസുകളിൽ കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും വേണം.
Scheduled Castes and Scheduled Tribes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."