ലോക നന്മക്കായി നില കൊള്ളുക: പാണക്കാട് സയ്യിദ് ഹമീദലി തങ്ങൾ
ജിദ്ദ: സമൂഹം മത ധാർമ്മിക മൂല്യങ്ങളില്‍ നിന്നും വഴിമാറി സഞ്ചരിക്കുമ്പോഴാണ് അധാർമികത വളർന്നു വരുന്നതെന്നും നിഷിദ്ധ മാർഗ്ഗങ്ങളില്‍ നിന്നും അകലം പാലിച്ചു സൂക്ഷ്മ ജീവിതം നയിക്കുകയും ലോക നന്മക്കും മാനവ സ്നേഹ സൗഹൃദങ്ങൾ ക്കും വേണ്ടി നില കൊള്ളുകയും ചെയ്യണമെന്ന്
എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു. ഓമശ്ശേരി മേഖലാ എസ്.കെ.എസ്.എസ്.എഫിന്റെ ജീവ കാരുണ്യ സംരംഭമായ 'പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ സഹചാരി സെന്റര്‍' പ്രചാരണാർത്ഥം ജിദ്ദയിലെത്തിയ നേതാക്കൾക്ക് ബാഗ്ദാദിയ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കപ്പെട്ട സ്വീകരണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം സമൂഹത്തിനെതിരെ അനുദിനം ഉയർന്നു വരുന്ന വെല്ലുവിളികള്‍ തിരിച്ചറിയുകയും സമുദായ ധ്രുവീകരണം ലക്ഷ്യമാക്കി ക്ഷുദ്ര ശക്തികള്‍ നടത്തുന്ന ആസൂത്രിത നീക്കങ്ങൾക്കെതിരെ ജാഗരൂകരായിരിക്കുകയും ചെയ്യണമെന്ന് തങ്ങൾ പറഞ്ഞു. എന്നാല്‍ ഭയം വിതച്ചു സമുദായത്തിന്റെ സംരക്ഷകരുടെ വേഷത്തിലെത്തുന്ന തീവ്രവാദ സംഘടനകള്‍, താരതമ്യേന സൗഹൃദാന്തരീക്ഷം നില നില്ക്കുന്ന നമ്മുടെ നാട്ടില്‍ പോലും വർഗ്ഗീയയ ശക്തികളുടെ വളർച്ച ത്വരിത ഗതിയിലാക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന വസ്തുത വിസ്മരിക്കരുത്.
കേരളത്തിലെ ഉദ്ബുദ്ധ ജനത വർഗ്ഗീയ വിധ്വംസക ശക്തികളെ എക്കാലവും നിരാകരിക്കുകയാണ് ചെയ്തിട്ടുളളത്. ആ മഹിത പാരമ്പര്യം നില നിൽക്കാ ന്‍ വേണ്ടിയാകണം സമാധാന കാംക്ഷികളായ വിശ്വാസി സമൂഹത്തിന്റെ ഓരോ പ്രവര്‍ത്തനങ്ങളും. സ്നേഹത്തിന്റെ സന്ദേശമാണ് ഇസ്ലാം പകര്ന്നു നല്കുാന്നതെന്നും ഏതു പ്രതിസന്ധികളിലും പരിഹാരം പ്രാർത്ഥനകളാണെന്നും ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ബോധിപ്പിച്ചു.
പരിപാടിയിൽ എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു. എസ് ഐ സി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങള്‍ മേലാറ്റൂര്‍ ആമുഖ ഭാഷണം നിർവ്വഹിച്ചു. കുഞ്ഞാലന്‍ കുട്ടി ഫൈസി മുഖ്യ പ്രഭാഷണം നടത്തി. എസ് ഐ സി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ ഇബ്‌റാഹീം ഓമശ്ശേരി, നാഷണൽ കമ്മിറ്റി സെക്രട്ടറി ഉസ്മാൻ എടത്തിൽ, അബു യാസീൻ (ദമാം), സയ്യിദ് സൈനുൽ ആബിദ് തങ്ങൾ വേങ്ങൂർ, സയ്യിദ് നാഫിഹ് തങ്ങൾ കൊയിലാണ്ടി, മുസ്തഫാ ബാഖവി ഊരകം, മുസ്തഫ ഫൈസി ചേരൂർ, എം. എ റസാക്ക് മാസ്റ്റർ, മജീദ് പുകയൂർ തുടങ്ങിയവര്‍ സംസാരിച്ചു.
എസ് ഐ സി ജിദ്ദ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ദാരിമി ആലമ്പാടി സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി സൈനുദ്ദീന്‍ ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."