മലപ്പുറം സ്കൂളിലെ പീഡനം നീക്കം പ്രതിയെ സംരക്ഷിക്കാൻ? വിദ്യാർഥിനികൾ സമർപ്പിച്ച പരാതിയിൽ ഒരു മാസമായിട്ടും നടപടിയില്ല
എൻ.എം സ്വാദിഖ്
മലപ്പുറം
മലപ്പുറം സെന്റ് ജെമ്മാസ് സ്കൂളിലെ മുൻ അധ്യാപകനും സി.പി.എം നേതാവും നഗരസഭാംഗവുമായിരുന്ന കെ.വി ശശികുമാർ സ്കൂൾ വിദ്യാർഥിനികളെ വർഷങ്ങളോളം ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കേസിൽ പ്രതിയെ സംരക്ഷിക്കാൻ നീക്കം നടക്കുന്നതായി ആരോപണം.
പൂർവ വിദ്യാർഥികൾ അധ്യാപകനെതിരേ നൽകിയ മാസ് പെറ്റീഷനിൽ ഇതുവരെ കേസുപോലും രജിസ്റ്റർ ചെയ്തിട്ടില്ല.
30 വർഷത്തോളം സ്കൂളിലെ നിരവധി വിദ്യാർഥികളെ ഇയാൾ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നു ചൂണ്ടിക്കാട്ടി പൂർവ വിദ്യാർഥികൾ മലപ്പുറം ജില്ലാ പൊലിസ് മേധാവിക്കാണ് മാസ് പെറ്റീഷൻ സമർപ്പിച്ചിരുന്നത്. എസ്.പി ഇത് അന്വേഷണത്തിനായി താഴേത്തട്ടിലേക്കു കൈമാറിയെങ്കിലും ഒരു മാസത്തോളമായിട്ടും ഈ പരാതിയിൽ പൊലിസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം. മാസ് പെറ്റീഷനുമായി ബന്ധപ്പെട്ട് ഇതുവരെ എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല. ഇതോടെ, പൊലിസ് അന്വേഷണത്തിൽ ആശങ്കയറിയിച്ച് സ്കൂളിലെ പൂർവ വിദ്യാർഥികൾ രംഗത്തെത്തിയിട്ടുണ്ട്.
വിദ്യാർഥികൾ കൂട്ടത്തോടെ സമർപ്പിച്ച പരാതിയാണ് പ്രധാനം. അതിൽ കേസുപോലും എടുക്കാതെ രണ്ടു പോക്സോ കേസുകളിൽ മാത്രമാണ് പൊലിസ് അന്വേഷണം നടത്തുന്നതെന്നും പൂർവ വിദ്യാർഥിയും അഭിഭാഷകയുമായ അഡ്വ. ബീന പിള്ള പറഞ്ഞു.
മുപ്പതു വർഷത്തോളം സ്കൂളിൽ ജോലി ചെയ്ത പ്രതി നിരവധി വിദ്യാർഥിനികളെ ചൂഷണം ചെയ്തതായി നൽകിയ പരാതി പൊലിസ് ഗൗരവത്തിലെടുത്തില്ലെന്നത് ആശങ്കാജനകമാണെന്നും ഇവർ പറഞ്ഞു.
2014ലും 2019ലും ഒരു വിദ്യാർഥിനിയുടെ രക്ഷിതാവ് ഈ അധ്യാപകനെതിരേ സ്കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നു. പൊലിസിനു കൈമാറേണ്ടിയിരുന്ന ഈ പരാതികൾ സ്കൂൾ അധികൃതർ ഒതുക്കിത്തീർക്കുകയാണ് ചെയ്തത്.
തങ്ങൾ നൽകിയ മാസ് പെറ്റീഷനിൽ 2014ലെയും 2019ലെയും സംഭവങ്ങളും ഉൾപ്പെടുത്തിയിരുന്നെന്നും സ്കൂൾ അധികൃതർക്കെതിരേയും കേസെടുക്കേണ്ട പരാതികളാണ് ഇവയെന്നും പൂർവ വിദ്യാർഥികൾ പറയുന്നു.
കൂടാതെ, സെക്ഷൻ 354 പ്രകാരം മറ്റു പരാതികളുമുണ്ട്. എന്നാൽ, രണ്ടു പോക്സോ കേസുകൾ മാത്രമാണുള്ളതെന്നാണ് മലപ്പുറം വനിതാ പൊലിസ് സ്റ്റേഷനിൽനിന്നുള്ള പ്രതികരണം. നേരത്തെ, സംഭവം വിവാദമായതിന് പിന്നാലെ വനിതാ കമ്മിഷനടക്കം സ്കൂളിലെത്തി തെളിവെടുത്തിരുന്നെങ്കിലും തുടർനടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."