സഹിഷ്ണുതയുടെ സന്ദേശം കൈമാറുക: സമസ്ത
മലപ്പുറം • സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും സന്ദേശമാണ് ചെറിയ പെരുന്നാൾ നൽകുന്നതെന്നും വിശുദ്ധ റമദാനിൽ നേടിയെടുത്ത വിശുദ്ധി കൈവിടാതെ പെരുന്നാൾ ആഘോഷിക്കണമെന്നും സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു.
എല്ലാവർക്കും പെരുന്നാൾ ആശംസകൾ നേർന്ന നേതാക്കൾ, അക്രമവും നീതിയും വർധിച്ച ലോകത്ത് ചെറിയ പെരുന്നാളിന്റെ സന്ദേശത്തിനു വലിയ പ്രസക്തിയുണ്ടെന്നും ഒാർമപ്പെടുത്തി. പരസ്പര സ്‌നേഹവും കരുണയും നിലനിർത്തണം.
സൗഹാർദത്തോടെ ജീവിച്ചു പുതിയ മാതൃക പണിയണം. അതുവഴി ഇസ് ലാമിന്റെ കാരുണ്യസന്ദേശം കൈമാറണം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ബഹുസ്വരതയും നിലനിൽക്കാനും പൈതൃകത്തിന്റെ വീണ്ടെടുപ്പിനും പ്രാർഥനയോടെയും സൗഹൃദങ്ങൾ പങ്കുവച്ചും പെരുന്നാൾ ആഘോഷിക്കണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു.
രാജ്യത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നിസ്സഹായരായ ജനങ്ങളുടെയും അനീതികളിൽ ഞെരിഞ്ഞമരുന്നവരുടെയും വേദനകളിൽ പങ്കുചേരണം.
അവരെ ചേർത്തുപിടിക്കാനും അവർക്കായി പ്രാർഥന നടത്താനും ഈ ദിനം ഉപയോഗപ്പെടുത്തണം. വിദ്വേഷരഹിതവും സഹവർത്തിത്വവും സമഭാവനയും മാനവരാശിയുടെ സമത്വവും ഉദ്‌ഘോഷിക്കുന്ന ചെറിയ പെരുന്നാൾ അതേ അർഥത്തിൽ ആഘോഷിക്കാൻ നമുക്ക് സാധിക്കണമെന്നും നേതാക്കൾ സന്ദേശത്തിൽ പറഞ്ഞു.
Muhammad Jifri Muthukoya and Prof. K. Alikutty Musliyar
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."