ആരാധനാലയങ്ങൾക്ക് എസ്.ഐ.എസ്.എഫ് സുരക്ഷ
തിരുവനന്തപുരം
സുരക്ഷയ്ക്കായുള്ള പൊലിസിന്റെ നിർബന്ധിത ചുമതലകൾ ഒഴികെ ദീർഘകാലാടിസ്ഥാനത്തിൽ സുരക്ഷാ സേവനം ആവശ്യപ്പെടുന്ന ആരാധനാലയങ്ങൾക്ക് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് മുഖേന സുരക്ഷ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വ്യാവസായിക സ്ഥാപനങ്ങൾ, യൂനിറ്റുകൾ എന്നിവയ്ക്ക് സുരക്ഷ നൽകുമ്പോൾ ഈടാക്കുന്ന അതേ നിരക്കിലായിരിക്കും ആരാധനാലയങ്ങളിലും സേവനം ലഭ്യമാക്കുക.
മറ്റു മ്രന്തിസഭാ യോഗ തീരുമാനങ്ങൾ
പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ വിചാരണയ്ക്കായി അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (പ്രത്യേക കോടതി) സ്ഥാപിക്കുന്നതിന് അനുമതി നൽകി.
ഹൈക്കോടതിക്ക് 28 റിസർച്ച് അസിസ്റ്റന്റ്മാരെകൂടി നിയമിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സാധൂകരിച്ചു.
പാലക്കാട് ചിറ്റൂർ മലബാർ ഡിസ്റ്റിലറി ലിമിറ്റഡിൽ ഇന്ത്യൻ നിർമിത വിദേശ മദ്യം ഉൽപാദിപ്പിക്കുന്നതിന് യൂനിറ്റ് സ്ഥാപിക്കുന്നതിന് അനുമതി നൽകി.
വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രെമോഷൻ കേരളയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി വി. ശിവരാമകൃഷ്ണന് പുനർനിയമനം നൽകി.
കേരള സ്റ്റേറ്റ് റിമോർട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്ററിൽ സിസ്റ്റം മാനേജറുടെ ഒരു തസ്തിക സൃഷ്ടിക്കും.
സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിലെ അനലിറ്റിക്കൽ വിങ്ങിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഡാറ്റാ അനലിസ്റ്റ്, റിസർച്ച് ഓഫിസറുടെ താൽക്കാലിക തസ്തിക സൃഷ്ടിക്കും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള 26 ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലെ പാർട്ട് ടൈം (മലയാളം) അധ്യാപക തസ്തികകൾ സ്ഥിരം തസ്തികകളാക്കി മാറ്റുന്നതിന് അനുമതി.
ദേശിയ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ, ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപറേഷൻ എന്നിവയിൽ നിന്ന് കേരള കരകൗശല വികസന കോർപറേഷന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് 15 കോടി രൂപ വീതം 30 കോടി രൂപക്ക് സർക്കാർ ഗ്യാരണ്ടി അനുവദിക്കും.
സംസ്ഥാന പട്ടിക ജാതി, പട്ടിക വർഗ വികസന കോർപറേഷന്റെ അംഗീകൃത മൂലധനം 200 കോടി രൂപയിൽ നിന്ന് 300 കോടി രൂപയാക്കി വർധിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."