അതിവേഗ തിരിച്ചടി
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
നയതന്ത്ര പാഴ്‌സൽ വഴിയുള്ള സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും സംശയനിഴലിലാക്കി, കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പ്രതിരോധത്തിലായ സർക്കാർ അതിവേഗം തിരിച്ചടിക്കാൻ നീക്കം തുടങ്ങി. പൊലിസിനെയും വിജിലൻസിനെയും ജുഡീഷ്യൽ കമ്മിഷനെയും ഉപയോഗിച്ചാണ് വിവാദങ്ങളെ സർക്കാർ നേരിടാനിറങ്ങുന്നത്.
സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിലെ, ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി കെ.ടി ജലീൽ പൊലിസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കന്റോൺമെന്റ് പൊലിസ് കേസെടുത്തു. സ്വപ്‌ന സുരേഷ്, പി.സി ജോർജ് എന്നിവരാണ് പ്രതികൾ. സ്വപ്‌നയുടെ വെളിപ്പെടുത്തലിൽ ഗൂഢാലോചനയുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇതുൾപ്പെടെ അന്വേഷിക്കാനാണ് തീരുമാനം. എ.ഡി.ജി.പി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഗൂഢാലോചനാ കേസ് അന്വേഷിക്കുക.
ഇന്നലെ രാവിലെ പുതിയ നീക്കങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി ഡി.ജി.പി അനിൽകാന്തും ക്രമസമാധന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെയുമായി ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു ചർച്ച. സ്വപ്നയുടെ വെളിപ്പെടുത്തൽ ഗൂഢാലോചനയുടെ ഭാഗമാണോ എന്നതടക്കം ചർച്ച ചെയ്തു. ഗൂഢാലോചനക്കുറ്റം ചുമത്തി സ്വപ്നയ്ക്കെതിരേ കേസെടുക്കാമെന്ന് ഡി.ജി.പി ചൂണ്ടിക്കാട്ടി. തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ കെ.ടി.ജലീൽ എം.എൽ.എ പൊലിസിൽ പരാതി നൽകുകയായിരുന്നു.
ജലീലിന്റെ പരാതി ലഭിച്ചതിനു പിന്നാലെ ശരവേഗത്തിൽ പൊലിസ് നിയമോപദേശം തേടി. 153, 120 (ബി) എന്നീ വകുപ്പുകൾ പ്രകാരം കേസ് എടുക്കാമെന്ന് പൊലിസിന് വൈകിട്ടോടെ നിയമോപദേശം ലഭിച്ചു. പിന്നാലെ ഇരുവർക്കുമെതിരേ കമന്റാൺമെന്റ് പൊലിസ് കേസെടുക്കുകയായിരുന്നു. ഗൂഢാലോചന, കലാപത്തിനു ശ്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
സ്വപ്‌നയെയും പി.സി ജോർജിനെയും അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പൊലിസ് ഇന്ന് നീങ്ങിയേക്കും. മുഖ്യമന്ത്രിയുടെ ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും എതിരേ ആരോപണം ഉന്നയിച്ചതിനാൽ മാനനഷ്ടക്കേസ് ഉൾപ്പെടെ സർക്കാർ ആലോചിക്കുന്നുണ്ട്. പുതിയ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനാ വാദം ആരോപിച്ച് രാഷ്ട്രീയമായി നേരിടുന്നതിനൊപ്പം നിയമവഴിയിൽ പ്രതിരോധവും തിരിച്ചടിയും തീർക്കാൻ തന്നെയാണ് സർക്കാർ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."