ഡോക്ടര്‍മാര്‍ സമരത്തിലേക്ക്
തിരുവനന്തപുരം: പത്താം ശമ്പള കമ്മിഷന്‍ ഉത്തരവില്‍ ഡോക്ടര്‍മാര്‍ക്കു ലഭിച്ചുകൊണ്ടിരുന്ന ശമ്പളം വെട്ടിക്കുറച്ചതടക്കമുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒ സെപ്റ്റംബര്‍ ആറു മുതല്‍ നിസഹകരണ സമരം ആരംഭിക്കും. ആറിന് സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്താനും സ്വകാര്യ പ്രാക്ടീസ് ബഹിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സമരത്തിന്റെ ഭാഗമായി വി.ഐ.പി ഡ്യൂട്ടിയും പ്രതിരോധ കുത്തിവെപ്പുകള്‍ ഒഴികെ ആശുപത്രിക്ക് പുറത്തുള്ള മെഡിക്കല്‍ ക്യാംപുകളും ബഹിഷ്‌കരിക്കും. പേ വാര്‍ഡ് അഡ്മിഷന്‍ നിര്‍ത്തിവെക്കുമെന്നും കെ.ജി.എം.ഒ സംസ്ഥാന പ്രസിഡന്റ് ഡോ.വി.മധു, സെക്രട്ടറി ഡോ.റഊഫ് എ.കെ എന്നിവര്‍ വ്യക്തമാക്കി.
തദ്ദേശ സ്ഥാപനങ്ങള്‍, ബ്ലോക്ക്, ഡി.എം.ഒ തലങ്ങളില്‍ നടക്കുന്ന അവലോകന യോഗങ്ങള്‍, പരിശീലന പരിപാടികള്‍ എന്നിവയും ബഹിഷ്‌കരിക്കും. പുതിയ അഡിഷനല്‍ ചാര്‍ജ് ഏറ്റെടുക്കില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ തിരുവോണ നാളില്‍ സെക്രട്ടേറിയറ്റ് നടയില്‍ ഉപവസിക്കും. സെപ്റ്റംബര്‍ 27നു സൂചനാ പണിമുടക്ക് നടത്താനും ഇന്നലെ കൊല്ലത്തു ചേര്‍ന്ന കെ.ജി.എം.ഒ സംസ്ഥാന സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."