ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പതിനായിരത്തിലധികം രോഗികൾ പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരണമെന്ന് ആരോഗ്യമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം
സംസ്ഥാനത്ത് കൊവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്നതായി വ്യക്തമാക്കി ആരോഗ്യവകുപ്പിന്റെ കണക്കുകൾ. ഈ മാസത്തെ ആദ്യ ആഴ്ചയിൽ പതിനായിരത്തിലധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഒന്നു മുതൽ ഏഴാം തിയതി വരെയുള്ള കണക്ക് അനുസരിച്ച് 10,805 കൊവിഡ് കേസുകളാണ് കണ്ടെത്തിയത്. ഈ മാസം ഒന്നിന് 1370, രണ്ടിന് 1278, മൂന്നിന് 1465, നാലിന് 1544 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. അഞ്ചാം തിയിതി ഇത് 1383ആണ്. ആറിന് 1494 പേരിൽ രോഗബാധ കണ്ടെത്തിയപ്പോൾ ഏഴാം തിയതി എണ്ണം 2271ആയാണ് ഉയർന്നത്. ആകെ 5738 പേരാണ് ഒരാഴ്ചയ്ക്കിടയിൽ രോഗമുക്തി നേടിയത്.
സാഹചര്യം വിലയിരുത്താൻ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ സംസ്ഥാനത്ത് കൊവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. കൊവിഡ് കേസുകൾ ക്രമേണ കൂടി വരുന്നെങ്കിലും ആശങ്ക വേണ്ട. ഇപ്പോൾ പകരുന്നത് ഒമിക്രോൺ വകഭേദമാണ്. ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവരും കുറവാണ്. എല്ലാവരും മാസ്‌ക് നിർബന്ധമായും ധരിക്കണം. ധാരാളം പനി കേസുകൾ വരുന്നതിനാൽ കൊവിഡ് ലക്ഷണങ്ങളുള്ളവർ പരിശോധന നടത്തണം. എല്ലാ ജില്ലകളും നിരീക്ഷണം ശക്തമാക്കണം. ഇനിയും വാക്സിൻ എടുക്കാനുള്ളവർ എത്രയും വേഗം എടുക്കേണ്ടതാണ്. രണ്ടാം ഡോസ് എടുക്കാനുള്ളവരും കരുതൽ ഡോസ് എടുക്കാനുള്ളവരും കഴിയുന്നതും വേഗം വാക്‌സിൻ എടുക്കണം.എലിപ്പനി, ഡെങ്കിപ്പനി എന്നിവയ്‌ക്കെതിരേ അതീവ ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."