'ഇത് ഞങ്ങളുടെ നിലനില്‍പ്പിനായുള്ള പോരാട്ടം'
ജലീല്‍ അരൂക്കുറ്റി
കവരത്തി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോഡ പട്ടേലിന്റെ ജന വിരുദ്ധ പരിഷ്‌കാരങ്ങള്‍ക്കെതിരെ ലക്ഷദ്വീപ് ഇന്ന് ജനകീയ സമരത്തിലാണ്. ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ വീടുകളിലും ഓഫിസുകളിലും പകല്‍ 12 മണിക്കൂര്‍ ഉപവസിച്ചും വ്യാപാര സ്ഥാപനങ്ങള്‍ അടച്ചും ഓണ്‍ലൈന്‍ പ്രതിഷേധങ്ങള്‍ ശക്തമാക്കിയുമാണ് ദ്വീപ് ജനത തങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നത്. സേവ് ലക്ഷദ്വീപ് ഫോറം എന്ന സര്‍വകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന സമര പരിപാടികള്‍ക്ക് ഓരോ ദ്വീപിലും നേതൃത്വം നല്‍കുന്നത് ജനപ്രതിനിധികളാണ്. പ്രഫുല്‍ കെ പട്ടേലിനെ തിരിച്ചുവിളിക്കുക, ജന വിരുദ്ധ നയങ്ങളും നിയമങ്ങളും പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. ദ്വീപിലെ പ്രധാന രാഷ്ട്രീയ കക്ഷികളായ കോണ്‍ഗ്രസിനും എന്‍.സി.പിക്കും ഒപ്പം കേന്ദ്ര ഭരണ കക്ഷിയായ ബി.ജെ.പിയുടെ ലക്ഷദ്വീപ് ഘടകവും സി.പി.എം, സി.പി.ഐ, ജനതാദള്‍ യു എന്നി കക്ഷികളും ചേര്‍ന്നാണ് ലക്ഷദ്വീപ് സേവ് ഫോറം രൂപീകരിച്ചിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റേയും കലക്ടര്‍ അസ്ഗര്‍ അലിയുടേയും വാദങ്ങളുടെ പൊള്ളത്തരം ചൂണ്ടി കാട്ടിയാണ് ദ്വീപ് ജനത രംഗത്ത് വന്നിരിക്കുന്നത്. എല്ലാ ദ്വീപ് പഞ്ചായത്തുകളും ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭ്യന്തര മന്ത്രി അമിത് ഷാക്കും നിവേദനം നല്‍കുകയും ചെയ്തിരിക്കുകയാണ്. ഒപ്പം കേരളം നല്‍കുന്ന പിന്തുണയ്ക്കും ദ്വീപ് ജനതയ്ക്ക് വേണ്ടി ഒരേ സ്വരത്തില്‍ നന്ദി പറയുന്നു.
മംഗളൂരുവിനേക്കാള്‍ ഹൃദയ ബന്ധം
കേരളത്തോട്: എം.കെ അബ്ദുല്‍ ഷുക്കൂര്‍
കില്‍ത്താന്‍
കര്‍ണാടകയേക്കാള്‍ ഞങ്ങള്‍ക്ക് ഹൃദയ ബന്ധമുള്ളത് കേരളത്തോടാണ്. പട്ടേല്‍ വരുന്നതിന് മുന്‍പും മംഗളൂരു പോര്‍ട്ടുമായി ഉണ്ടായിരുന്ന ദൂരമായിരുന്നില്ല പരിഗണിച്ചത്. ഭാഷാ പരവും പാരമ്പര്യവുമായ ബന്ധമാണ് കേരളവുമായുള്ളത്.
ഞങ്ങള്‍ക്ക് കേരളത്തിന്റെ പിന്തുണ ലഭിക്കുന്നത് ഇല്ലാതാക്കാനുള്ള തന്ത്രങ്ങളാണ് പുതിയ കപ്പല്‍ സര്‍വിസുകള്‍. കേരളത്തെ ഒഴിവാക്കി രാഷ്ടീയമായും സാമ്പത്തികമായും നേട്ടമുണ്ടാക്കാന്‍ കഴിയുന്ന കര്‍ണാടകയെ പട്ടേല്‍ തെരഞ്ഞെടുക്കുന്നത് അജന്‍ഡയുടെ ഭാഗമാണ്. മാലിയുടെ വിസ്തൃതിയും ലക്ഷദ്വീപിന്റെ വിസ്തൃതിയും താരതമ്യം ചെയ്യാതെ എങ്ങനെ വികസിപ്പിക്കും. പട്ടേല്‍ വന്ന ശേഷം എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിലച്ചു. ഹെല്‍ത്ത് സെന്റര്‍ നവീകരണം ടെന്‍ഡര്‍ കഴിഞ്ഞെങ്കിലും ഒന്നുമായില്ല. ആകെ പത്ത് ബെഡ് സൗകര്യം മാത്രമാണുള്ളത്. ഗസ്റ്റ് ഹൗസ്, ക്വാര്‍ട്ടേഴ്‌സ് നിര്‍മാണം എല്ലാം നിര്‍ത്തിവച്ചു. സ്‌കൂളും അങ്കണവാടികളും അടച്ചു പൂട്ടി. എന്നിട്ടും വികസനമെന്ന് പറയുന്നു. എല്ലാവരും ഒറ്റക്കെട്ടായി പോരാടാന്‍ രംഗത്തുണ്ട്. ജനാധിപത്യവും സമാധാനവും വേണം. അതാണ് ആവശ്യം.
കിടപ്പാടം നഷ്ടപ്പെടുമെന്ന് ഭയം: സാജിദ ബീഗം
അഗത്തി
കൊവിഡിനേക്കാള്‍ ദ്വീപുകാര്‍ ഭയപ്പെടുന്നത് പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങളാണ്. വീടും സ്ഥലവും നഷ്ടപ്പെടുന്ന രീതിയിലുള്ള നിയമനിര്‍മാണങ്ങളാണിവിടെ. അഗത്തി എയര്‍പോര്‍ട്ട് വികസനത്തിന് ഭൂരിഭാഗം ആളുകളും ഭൂമി വിട്ടുകൊടുക്കാന്‍ സമ്മതം അറിയിച്ചു. പക്ഷെ അര്‍ഹമായ നഷ്ട പരിഹാരം പോലും നല്‍കാതെ ഭൂമി ഏറ്റെടുക്കാനാണ് നീക്കം. ഇതിനുള്ള നിയമനിര്‍മാണമാണ് നടക്കുന്നത്. ഇവിടെ ഞങ്ങള്‍ക്ക് ബസും ലോറിയുമൊന്നും ഇല്ല. പിന്നെ എന്തിനാണ് വീടുകളും കടകളും പൊളിച്ചുമാറ്റി ആറ് മീറ്റര്‍ വീതിയില്‍ റോഡ്. പ്രായോഗികമായ പരിഷ്‌കാരങ്ങളാണ് വേണ്ടത്. ഞങ്ങള്‍ ഒറ്റക്കെട്ടായി ഈ നടപടിക്കെതിരേ നിലകൊള്ളും.
ദ്വീപിനും വേണം സ്വയംഭരണാധികാരം: ടി. അബ്ദുല്‍ ഖാദര്‍
കവരത്തി
വികസനത്തിന്റെ പേരില്‍ ഹിഡന്‍ അജന്‍ഡകള്‍ നടപ്പിലാക്കുന്നതിനുള്ള നീക്കങ്ങളാണ് അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്ത് നിന്നുള്ളതെന്നാണ് അദ്ദേഹത്തിന്റെ ഉത്തരവുകളും നിയമപരിഷ്‌കാരങ്ങളും വ്യക്തമാക്കുന്നത്. ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത പ്രതിഷേധങ്ങള്‍ക്കാണ് ഭരണപരിഷ്‌കാരങ്ങള്‍ കാരണമായിരിക്കുന്നത്. എല്ലാ ജനാധിപത്യ അവകാശങ്ങളും കടലാസില്‍ ഒതുക്കുകയും ഉദ്യോഗസ്ഥര്‍ അധികാര കേന്ദ്രങ്ങളായി മാറുകയും ചെയ്യുന്ന രീതിക്ക് മാറ്റം ഉണ്ടാകണം. നിലവിലുള്ള പഞ്ചായത്ത് സംവിധാനങ്ങളില്‍ ഉണ്ടായിരുന്ന അധികാരങ്ങള്‍ കൂടി പട്ടേല്‍ വന്നതോടെ ഇല്ലാതായിരിക്കുകയാണ്. അഞ്ച് മാസത്തിനുള്ളില്‍ അഞ്ച് വര്‍ഷം കൊണ്ട് ഇറക്കേണ്ട ഉത്തരവുകളാണ് ഇറക്കിയത്.
വികസനത്തെക്കുറിച്ചുള്ള പ്രസ്താവന മേനിപറച്ചില്‍ മാത്രം:
മുഹമ്മദ് അജ്മീര്‍ ഖാന്‍
കട്മത്ത്
മൂന്ന് വര്‍ഷത്തിനുള്ളില്‍ ലക്ഷദ്വീപിനെ മാലി ദ്വീപ് പോലെ വികസിപ്പിക്കുമെന്ന പട്ടേലിന്റെ പ്രസ്താവനയില്‍ നിന്ന് അദ്ദേഹം ദ്വീപിനെക്കുറിച്ച് പഠിച്ചില്ലെന്ന് വ്യക്തമാണ്. ആറ് മാസത്തിനിടയില്‍ വെറും രണ്ടാഴ്ച്ച മാത്രം ദ്വീപില്‍ വന്നു പോയ അദ്ദേഹം ലക്ഷദ്വീപ് നല്ല രീതിയില്‍ കാണുക പോലും ചെയ്തിട്ടില്ല. മാലി ദ്വീപ് പോലെ വലിയൊരു ദ്വീപ് സമുച്ചയമല്ല ഇത്. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് ഇവിടെ വേണ്ടത്. ഇവിടെ ഒരു സംസ്‌കാരമുണ്ട്. ഇവിടത്തെ ജനങ്ങള മനസിലാക്കാന്‍ കഴിയണം. ഇതിനൊന്നും ശ്രമിക്കാതെ രാത്രി വൈകി ഓരോ ഉത്തരവ് ഇറങ്ങുകയാണ്. അടിസ്ഥാന വികസനത്തിനായി ഒന്നും ചെയ്യാതെ വലിയ വികസന ചര്‍ച്ചകളാണ് നടത്തുന്നത്. ഒന്‍പത് റോഡുകള്‍ക്ക് അനുമതി ലഭിച്ചിട്ടും നിര്‍മാണം തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. പഞ്ചായത്ത് ഭവന നിര്‍മാണം, ആശുപത്രി നവീകരണം എല്ലാം സ്തംഭിച്ചിരിക്കുകയാണ്.
ജനവികാരം മാനിക്കാത്ത പരിഷ്‌കാരങ്ങള്‍ : ഹുസൈന്‍ മണിക്ഫാന്‍
മിനിക്കോയ്
ജനങ്ങളെ കാണാതെയുള്ള പരിഷ്‌കാരങ്ങളാണ് ദ്വീപില്‍ നടക്കുന്നത്. ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാതെയുള്ള ഉത്തരവുകളാണ് ദിനം പ്രതി വരുന്നത്. തെങ്ങിലെ ഓലയും മടലും ചിരട്ടയും എവിടെ ഇടും. രണ്ടും മൂന്നും സെന്റ് സ്ഥലത്ത് താമസിക്കുന്നവരാണ് ഭൂരിപക്ഷവും. മാലിന്യ സംസ്‌കരണത്തിന് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ ഉത്തരവുകള്‍ കൊണ്ട് എങ്ങനെ പരിഹരിക്കാന്‍ കഴിയും. കൊവിഡ് വ്യാപനത്തിന് കാരണമായതും പരിഷ്‌കാരമാണ്. ടൂറിസവും വികസനവും വേണം. അതുപോലെ തന്നെ ഇവിടെയുള്ള ജനങ്ങളെയും കാണേണ്ടതുങ്ങ്. ഓരോ കാര്യങ്ങള്‍ ചെയ്യുന്നതിനും സമയമുണ്ട്. കൊവിഡും ലോക്ക്ഡൗണും കൊണ്ട് ബുദ്ധിമുട്ടുന്ന ജനങ്ങളുടെ തലയിലേക്ക് ഓരോന്ന് അടിച്ചേല്‍പ്പിക്കുകയാണ്. വികസനത്തിന് ഞങ്ങള്‍ ആരും എതിരല്ല.
മൂന്ന് പതിറ്റാണ്ട് പിന്നോട്ട് കൊണ്ടുപോകുന്ന പരിഷ്‌കാരങ്ങള്‍: അബ്ദുല്‍ ലത്തിഫ്
കല്‍പേനി
ദ്വീപിന്റെ വികസനം പിന്നോട്ടടിക്കുന്ന നടപടികളും പരിഷ്‌കാരങ്ങളുമാണ് പട്ടേല്‍ നടപ്പാക്കുന്നത്. ഇവിടത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകത പരിഗണിച്ചാണ് എല്ലാ ദ്വിപിലും സ്‌കൂളുകളും ചികിത്സാ സൗകര്യങ്ങളും കൊണ്ടുവന്നത്. ഇപ്പോള്‍ പട്ടേല്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുകയാണ്. ഇവിടത്തെ സാഹചര്യം പരിഗണിച്ചാണ് കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ പഞ്ചായത്തുകള്‍ വഴി മുന്‍ ഭരണാധികാരികള്‍ നല്‍കിയത്. കൂടുതല്‍ തസ്തികകള്‍ സൃഷ്ടിച്ചത് സ്വകാര്യ സംരംഭങ്ങളിലെ തൊഴില്‍ സാധ്യത ഇല്ലാത്തതും ആറ് മാസം കടലില്‍ പോകാന്‍ കഴിയാത്തതും പരിഗണിച്ചാണ്. ഇതെല്ലാം അവഗണിച്ചാണ് പട്ടേല്‍ പിരിച്ചുവിടല്‍ പരിഷ്‌കാരം നടപ്പിലാക്കുനത്. ഇപ്പോള്‍ ഒരു സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ മറ്റൊരു ദ്വീപിലേക്ക് വിദ്യാര്‍ഥികള്‍ പോകേണ്ട സാഹചര്യമാണ്. ജനങ്ങള്‍ക്ക് ലഭ്യമായ സൗകര്യങ്ങള്‍ ഇല്ലാതാക്കിയുള്ള പരിഷ്‌കാരം എന്ത് വികസനക്കുതിപ്പാണ്. ഇത് മറ്റൊരു അജന്‍ഡ നടപ്പിലാക്കലാണ്. അത് ഞങ്ങള്‍ തിരിച്ചറിയുന്നു.
ജനങ്ങളുടെ സമാധാന ജീവിതം തകര്‍ത്ത് എന്ത് വികസനം: തസ്‌ലീന
ആന്ത്രോത്ത്
സമാധാനപരമായ ദ്വീപിലെ ജീവിതമാണ് പുതിയ പരിഷ്‌കാരങ്ങളോടെ ഇല്ലാതായത്. ഓരോ ദിവസവും കൊണ്ടുവരുന്ന ഉത്തരവുകള്‍ കൊവിഡ് ഭീതിയില്‍ നിലകൊള്ളുന്ന ജനത്തിന്റെ സമാധാനം ഇല്ലാതാക്കുകയാണ്. മദ്യം ഒഴുക്കിയും ഞങ്ങളുടെ ഭക്ഷണം തടഞ്ഞുമാണോ വികസനം. കൊവിഡിലും പ്രകൃതി ക്ഷോഭത്തിലും ദുരിതത്തിലായ നാട്ടുകാര്‍ക്ക് ഒരു ആശ്വാസം നല്‍കാന്‍ ഇവര്‍ തയാറാകുന്നില്ല. ഓരോ കാരണങ്ങള്‍ പറഞ്ഞു ജനത്തെ ഭീഷണിപ്പെടുത്തുകയാണ്. രണ്ട് വര്‍ഷം മുമ്പ് തറക്കില്ലിട്ട് നിര്‍മാണം ആരംഭിച്ച ആശുപത്രി കെട്ടിടം പൂര്‍ത്തിയായിട്ടില്ല. സ്‌കൂളുകള്‍ അടച്ചു പൂട്ടി. പ്രതിഷേധങ്ങളെ പരിഹസിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ നിരന്തരം കളവ് പറയുകയാണ്. അവര്‍ക്ക് പലപ്പോഴും ദ്വീപ് ഒരു സുഖവാസ കേന്ദ്രമാണ്. പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കണം. ഉദ്യോഗസ്ഥ ഭരണം നിര്‍ത്തി ജനാധിപത്യ ഭരണത്തിന് അവസരമൊരുക്കണം. എങ്കില്‍ മാത്രമേ ദ്വീപ് ജനതയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുകയുള്ളു.
മെല്ല പോക്ക് നയത്തില്‍ മാറ്റമില്ല:
ഹൈദര്‍ ബലേലി
ബിത്ര
രണ്ട് ജനറേറ്റര്‍ എത്തിയെങ്കിലും തെങ്ങ് വെട്ടിമാറ്റന്‍ അനുമതി കിട്ടാത്തതിനാല്‍ പവര്‍ സ്‌റ്റേഷന്‍ നിര്‍മാണം ആരംഭിച്ചിട്ടില്ല. റവന്യു വകുപ്പിന്റെ തെങ്ങ് വെട്ടിമാറ്റാന്‍ അനുവാദം ലഭിച്ചില്ലെന്ന് പറഞ്ഞ് നീട്ടികൊണ്ടു പോകുകയാണ്. ഏറ്റവും ചെറിയ ദ്വീപായതിനാലും ജനസഖ്യ കുറവായതിനാലും ബിത്രയുടെ വികസനം മെല്ലെയാണ്.ഇപ്പോഴും ഇന്റനെറ്റ് സൗകര്യം പേരിനാണ്. ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും, എന്തിന് ഒരു സര്‍ട്ടിഫിക്കറ്റിന് പോലും മറ്റൊരു ദ്വീപിലേക്ക് പോകണം. ഈ മഴക്കാലത്ത് കടല്‍യാത്ര ദുഷ്‌കരമാണ്. കൊവിഡില്ലാതിരുന്ന ബിത്രയില്‍ രണ്ട് ദിവസം കൊണ്ട് 45 പേരായി. സ്‌കൂളും അങ്കണവാടിയും ഒരോന്ന് മാത്രമായതിനാല്‍ പൂട്ടേണ്ടി വന്നില്ല. ഉള്ളത് കൊണ്ട് തൃപ്തിപ്പെടാന്‍ ശീലിച്ച ഞങ്ങളുടെ സമാധാനവും പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ തകര്‍ത്തു. പരിമിധികള്‍ക്കുള്ളിലാണെങ്കിലും ഞങ്ങള്‍ ഒറ്റക്കെട്ടായി തന്നെ സമര രംഗത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.
അടിസ്ഥാന സൗകര്യ വികസനം
അവഗണിക്കപ്പെടുന്നു: റസീന ബീഗം
ചെത്ത്‌ലത്ത്
കുടിവെള്ളം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാതെ എന്ത് സ്മാര്‍ട്ട് സിറ്റി വികസനമാണ് നടപ്പിലാക്കാന്‍ പോകുന്നത്. ഞങ്ങള്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെടുന്നത് ഇതെല്ലാമാണ്. അതിനെക്കുറിച്ച് പറയാതെ മാലി ദീപാക്കും എന്ന് പറയുന്നതില്‍ കാര്യമില്ല. എല്ലാ മേഖലയില്‍ നിന്നും ആളുകളെ പിരിച്ചുവിടുകയാണ്. ജനവാസമില്ലാത്ത ദ്വീപുകളെ ടൂറിസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഉപയോഗിക്കണം. അല്ലാതെ സാധാരണക്കാരായ ജനങ്ങളെ ദുരിതത്തിലാക്കരുത്.
ഒറ്റക്കെട്ടായി നിലകൊള്ളും: ഹൈറുന്നിസ
അമിനി
ചരിത്രത്തില്‍ ഇല്ലാത്തവിധമുള്ള പ്രതിഷേധ പരിപാടികള്‍ക്കാണ് ഒരുങ്ങിയിരിക്കുന്നത്. ഇത് ഞങ്ങളുടെ നിലനില്‍പ്പ് ഇല്ലാതാക്കുന്ന നിയമങ്ങളാണെന്ന് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരും ഒന്നിച്ച് അണിനിരക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."