ഈ സഹനസമരം ജനാധിപത്യത്തിനായി
തലമുറകളായി ജീവിച്ചു വന്ന മണ്ണില്‍ സൈ്വരമായി ജീവിക്കാനുള്ള അവകാശത്തിനായി സമാധാനപൂര്‍വം പോരാടുകയാണ് ലക്ഷദ്വീപ് നിവാസികള്‍. അതിന്റെ ഭാഗമാണ് അവര്‍ ഇന്നു നടത്തുന്ന നിരാഹാരസമരം. ഈ സമരത്തില്‍ രാജ്യത്തെ ജനാധിപത്യവിശ്വാസികളെല്ലാം മനസുകൊണ്ടെങ്കിലും പങ്കാളികളാകേണ്ടതുണ്ട്.
ദ്വീപ്ജനതയുടെ ഭൂമിയും മനുഷ്യാവകാശങ്ങളുമെല്ലാം കവര്‍ന്നെടുത്തു കൊണ്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതിപുരുഷനായി ഇവിടെയെത്തിയ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍. ഈ ക്രൂരനടപടിക്കെതിരേ നടക്കുന്ന പ്രതിഷേധങ്ങളെ അഡ്മിനിസ്‌ട്രേറ്റര്‍ ഒരു ഭാഗത്തു തച്ചുതകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ മറുഭാഗത്ത് അനുനയ തന്ത്രത്തിലൂടെ വശപ്പെടുത്താനുള്ള കുതന്ത്രം മെനയുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി നടന്ന ചര്‍ച്ചാപ്രഹസനങ്ങള്‍ക്കൊന്നും ദ്വീപ്ജനതയുടെ പോരാട്ടവീര്യം തകര്‍ക്കാനോ തളര്‍ത്താനോ കഴിഞ്ഞിട്ടില്ല. തങ്ങളുടെ സൈ്വരജീവിതം തകര്‍ക്കാനെത്തിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ തിരികെ വിളിക്കണമെന്നതാണ് ദ്വീപ് ജനതയുടെ ഏക ആവശ്യം. അതില്‍ കുറഞ്ഞൊരു ഒത്തുതീര്‍പ്പിനും അവര്‍ തയാറല്ല.
ദ്വീപില്‍ പ്രതിഷേധം കനത്തപ്പോള്‍ പരിഹരിക്കാനെന്ന വ്യാജേന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ദ്വീപിലെ തന്റെ പാര്‍ട്ടിയുടെ ചില നേതാക്കളെ മാത്രം വിളിച്ചുവരുത്തി, 'എല്ലാം ശരിയാക്കാം' എന്ന അഴകൊഴമ്പന്‍ മറുപടി നല്‍കി തിരിച്ചയച്ചു. ഇതില്‍ നിന്നൊരുകാര്യം വ്യക്തം. ദ്വീപില്‍ നടപ്പാക്കുന്നത് പട്ടേലിന്റെ മാത്രം അജന്‍ഡയല്ല, സംഘ്പരിവാര്‍ ആലോചിച്ചെടുത്ത തീരുമാനം നടപ്പാക്കാന്‍ തന്നെയാണ് പ്രഫുല്‍ കെ.പട്ടേലെന്ന ആര്‍.എസ്.എസുകാരനെ അഡ്മിനിസ്‌ട്രേറ്റര്‍ ലേബലോടെ ലക്ഷദ്വീപിലേയ്ക്കയച്ചത്.
രണ്ടു കാര്യങ്ങളാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യം വയ്ക്കുന്നത്. ദ്വീപ്ജനതയില്‍ ഭൂരിപക്ഷം വരുന്ന മുസ്‌ലിംകളുടെ നിലനില്‍പ്പ് ഇല്ലാതാക്കലാണ് ഒരു ലക്ഷ്യം. അതിനായി അവരുടെ സാംസ്‌കാരിക പൈതൃകങ്ങളെ നശിപ്പിക്കലാണ് ആദ്യ നടപടി. അവരുടെ ജീവനോപാധിയുമായി ബന്ധപെട്ട എല്ലാറ്റിനെയും തകര്‍ത്ത് സാമ്പത്തികമായി കുത്തുപാളയെടുപ്പിക്കാനാണ് നീക്കം. ദ്വീപ് ജനത ഇങ്ങനെ തീര്‍ത്തും അശരണരായി തീരുമ്പോള്‍ അവരുടെ ഭൂമി കവര്‍ന്നെടുത്ത് ടൂറിസം വികസനത്തിനായി കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കും. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മികവു തെളിയിച്ച ആര്‍.എസ്.എസുകാരനാണ് പ്രഫുല്‍ കെ.പട്ടേല്‍. ദാമന്‍ദിയു, ദാദ്രാ നഗര്‍ ഹവേലി അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല വഹിച്ച് അവിടത്തെ ജനങ്ങളുടെ ജീവിതം തകര്‍ത്തയാളാണ് പട്ടേല്‍. അവിടത്തെ ആദിമ നിവാസികളെയും മത്സ്യത്തൊഴിലാളികളെയും അശരണരാക്കി ആട്ടിപ്പായിച്ച 'മിടുക്ക് ' തന്നെയാണ് പട്ടേലിനെ ലക്ഷദ്വീപിലേയ്ക്ക് അയയ്ക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചിരിക്കുക.
കര്‍ഷകസമരത്തിന്റെ തുടക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ചാ പ്രഹസനത്തിന്റെ ആവര്‍ത്തനമാണ് ദ്വീപ് പ്രശ്‌നത്തിലും അനുവര്‍ത്തിക്കുന്നത്. ആ ചതിപ്രയോഗത്തില്‍ വീഴാതെ ദ്വീപ് ജനത ഒറ്റക്കെട്ടായി പോരാടുകയാണ്.
ആ സഹനസമരങ്ങളുടെ ഭാഗമാണ് ഇന്നു ലക്ഷദ്വീപ് ജനത നടത്തുന്ന പന്ത്രണ്ട് മണിക്കൂര്‍ നിരാഹാരസമരം. സമരത്തിനു മാര്‍ഗനിര്‍ദേശം നല്‍കാന്‍ സംഘടിപ്പിക്കപ്പെട്ട വിദ്ഗ്ധ സമിതിയുടെ തീരുമാനമാണ് ഗാന്ധിജി മാതൃക കാണിച്ച ഇന്നത്തെ ഈ നിരാഹാര സമരം.
ജനങ്ങള്‍ക്കൊപ്പം ഓഫിസുകളും കടകളും ഈ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഓഫിസുകളില്‍ ജീവനക്കാര്‍ നിരാഹാരമനുഷ്ഠിച്ചു ജോലി ചെയ്യുമ്പോള്‍ വീടുകളില്‍ പ്രതിഷേധ പ്ലക്കാര്‍ഡുകളും കരിങ്കൊടികളും ഉയര്‍ത്തിയും അവ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചും സമരം നടത്തുകയാണ്.
ഇന്നത്തെ നിരാഹാരസമരം ദ്വീപ് നിവാസികളുടെ നിശ്ചയദാര്‍ഢ്യത്തിന്റെ നേര്‍പതിപ്പായി മാറും. സ്വകാര്യസ്ഥാപനങ്ങള്‍ അടച്ചിട്ടും ബാങ്ക് ഇടപാടുകള്‍ ബഹിഷ്‌ക്കരിച്ചും പന്ത്രണ്ട് മണിക്കൂര്‍ വീടുകളിലും ഓഫിസുകളിലും നിരാഹാരസമരം ചെയ്യുന്ന ദ്വീപ് ജനതയുടെ മനോവീര്യം തകര്‍ത്ത് ബി.ജെ.പി സര്‍ക്കാരിന്റെ താല്‍പര്യം ദ്വീപില്‍ പുലരില്ലെന്ന് ഉറപ്പ്.
ജനാധിപത്യമാര്‍ഗത്തിലൂടെ തങ്ങളുടെ വരുതിയിലാക്കാന്‍ കഴിയില്ലെന്ന് ഉറപ്പുണ്ടായിരുന്ന കശ്മിരിനെ സംഘ്പരിവാര്‍ മുഷ്ടിക്കുള്ളിലാക്കിയത് തികച്ചും കുത്സിത മാര്‍ഗത്തിലൂടെയായിരുന്നു. ഇന്ത്യാമഹാരാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ നാള്‍ മുതല്‍ കേന്ദ്രനിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശങ്ങളില്‍ പലതിനും ഘട്ടംഘട്ടമായി സംസ്ഥാന പദവി നല്‍കി അധികാരവികേന്ദ്രീകരണം തെളിയിച്ച ചരിത്രമാണ് ഉണ്ടായിരുന്നത്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഫെഡറലിസത്തെ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു അത്. ഇതേ ലക്ഷ്യത്തോടെ തന്നെയാണ് പല സംസ്ഥാനങ്ങളും വിഭജിച്ചു പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിച്ചിരുന്നത്.
എന്നാല്‍, കശ്മിര്‍ സംസ്ഥാനത്തെ വിഭജിച്ചു രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കിയതിലൂടെ ഇന്ത്യയുടെ മഹത്തായ ഫെഡറലിസത്തിന്റെ നെറുകയില്‍ ആണിയിക്കല്‍ ആരംഭിച്ചു. ഭാവിയില്‍ ഏതു സംസ്ഥാനത്തെയും കേന്ദ്രഭരണപ്രദേശമാക്കി മാറ്റാനാകും.
അങ്ങനെ മാറ്റിത്തീര്‍ക്കുന്ന പ്രദേശങ്ങളെ വെറുമൊരു വ്യക്തിയുടെ ഭ്രാന്തന്‍ യുക്തിയിലൂടെ എങ്ങനെ കേന്ദ്രത്തിന്റെ കൈയിലെ കളിപ്പാട്ടമാക്കി മാറ്റാമെന്ന പരീക്ഷണമാണിപ്പോള്‍ ലക്ഷദ്വീപില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പരീക്ഷണം വിജയിച്ചാല്‍ രാജ്യം കോര്‍പ്പറേറ്റുകള്‍ക്കു തീറെഴുതപ്പെടും. അവരുടെ താളത്തിനു തുള്ളുന്ന ഭരണാധികാരികള്‍ മാത്രം തുടര്‍ച്ചയായി ഭരിക്കുന്ന രാജ്യമായി ഇന്ത്യ മാറും. അതു സംഭവിക്കണമോ വേണ്ടയോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.
ദ്വീപ് ജനത നടത്തുന്ന പോരാട്ടത്തില്‍ കേരളവും കര്‍ണാടകയും തമിഴ്‌നാടും ഭാഗമായിരിക്കുന്നത് ശുഭോദര്‍ക്കമായ കാര്യമാണ്. ദീപിലെ സഹോദരങ്ങളുടെ പോരാട്ടത്തിന്റെ വിജയം രാജ്യത്തെ ജനാധിപത്യത്തിന്റെ വിജയമായിരിക്കും, തീര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."