പുണ്യഭൂമിയിലേക്കുള്ള യാത്രയ്ക്ക് തയാറായി തീര്‍ഥാടകര്‍ ഹജ്ജ് ക്യാംപിലെത്തി
നെടുമ്പാശ്ശേരി: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുന്നതിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മക്കയിലേക്ക് തിരിക്കുന്ന തീര്‍ഥാടകരുടെ ആദ്യ സംഘം നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ എത്തി.
ഇന്ന് 3.20ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജിദ്ദയിലേക്കു പുറപ്പെടുന്ന സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്ര തിരിക്കാനുള്ള 450 തീര്‍ഥാടകരാണ് നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാംപില്‍ എത്തിയത്. ഇന്നലെ രാവിലെ പത്ത് മുതല്‍ തീര്‍ഥാടകര്‍ ക്യാംപില്‍ എത്തിത്തുടങ്ങിയിരുന്നു. മലപ്പുറം സ്വദേശിയായ അസൈനാര്‍, ഭാര്യ സൈഫുന്നിസ എന്നിവരാണ് ആദ്യം എത്തിയത്. മക്കളോടൊപ്പം ക്യാംപില്‍ എത്തിയ ഇവരെ ക്യാംപ് വളണ്ടിയര്‍മാര്‍ സ്വീകരിച്ചു.
ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെയായിരുന്നു തീര്‍ഥാടകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സമയം. തീര്‍ഥാടകര്‍ നേരത്തേ എത്തിത്തുടങ്ങിയതിനാല്‍ ക്യാംപിലെ രജിസ്‌ട്രേഷന്‍ ഉച്ചയ്ക്ക് 12ന് തന്നെ ആരംഭിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി സെക്രട്ടറി ഇ.സി മുഹമ്മദ് രജിസ്‌ട്രേഷന്‍ നടപടികള്‍ ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രത്യേകം ചുമതലപ്പെടുത്തിയ വളണ്ടിയര്‍മാരാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നത്. നേരത്തേ എത്തിയ ഹാജിമാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും ക്യാംപില്‍ ഒരുക്കിയിരുന്നു. തീര്‍ഥാടകരുടെ ലഗേജുകള്‍ സഊദി എയര്‍ലൈന്‍സിന് കൈമാറുന്ന നടപടികള്‍ ഉച്ചയ്ക്ക് രണ്ടിനാണ് ആരംഭിച്ചത്.
സഊദി എയര്‍ ലൈന്‍സിന്റെ 24 വിമാന സര്‍വിസുകളിലായി 10,214 പേരാണ് സംസ്ഥാനത്ത് നിന്ന് ഹജ്ജ് കമ്മിറ്റി വഴി യാത്രയാകുന്നത്.
ഇവരോടൊപ്പം രണ്ട് വയസില്‍ താഴെയുള്ള ഒന്‍പത് കുട്ടികളും യാത്രയാകും. 70 വയസിനു മുകളിലുള്ള അപേക്ഷകരുടെ ഒന്നാം കാറ്റഗറിയില്‍ നിന്നും 1626 പേരും, അഞ്ച് വര്‍ഷം തുടര്‍ച്ചയായ അപേക്ഷകരില്‍ നിന്നുള്ള രണ്ടാം കാറ്റഗറിയില്‍ നിന്നും 8317 പേരും, ബാക്കിയുള്ളവര്‍ നാലാംവര്‍ഷ അപേക്ഷകരില്‍ നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഒന്ന്, രണ്ട് കാറ്റഗറിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ അപേക്ഷകര്‍ക്കും യാത്രയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. കാത്തിരിപ്പ് പട്ടികയില്‍ നിന്നും എതാനുംപേര്‍ക്ക് കൂടി അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാളെ രാത്രി എട്ടിന് പുറപ്പെടുന്ന എസ്.വി 5110 നമ്പര്‍ സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഒഴികെ ബാക്കിയുള്ള 23 സര്‍വിസുകളിലും 450 തീര്‍ഥാടകര്‍ വീതമാണ് യാത്ര തിരിക്കുന്നത്. ഈ വിമാനത്തില്‍ 300 തീര്‍ഥാടകര്‍ മാത്രമാണ് ഉണ്ടാകുക.
നെടുമ്പാശ്ശേരിയില്‍ നിന്നും ജിദ്ദ വിമാനത്താവളം വഴി മക്കയിലെത്തുന്ന തീര്‍ഥാടകര്‍ ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കിയ ശേഷമാണ് മദീന സന്ദര്‍ശനത്തിനായി പുറപ്പെടുന്നത്. മദീന വിമാനത്താവളത്തില്‍ നിന്നാണ് സംസ്ഥാനത്തു നിന്നുള്ള തീര്‍ഥാടകര്‍ നാട്ടിലേക്കു മടങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."