തിരുനബിയും വിവാഹവും
നാസർ ഫൈസി കൂടത്തായി
ഇസ്‌ലാമേതര വിശ്വാസികൾ തിരുനബി(സ)യെ വിമർശിക്കുന്നതിനെ നാം അസഹിഷ്ണുതയോടെ കാണുന്നില്ല. പക്ഷേ അധിക്ഷേപവും പരിഹാസവുമാകുന്നതിലാണ് വിയോജിപ്പ്. നബി(സ)യുടെ വിവാഹങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതുമയുള്ളതല്ല. ചില ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദാപരമായ പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ വിഷയം വീണ്ടും ചർച്ചയായിരിക്കുകയാണ്. നബി(സ)യുടെ വിവാഹങ്ങൾ, വിശിഷ്യാ ആയിശ ബീവിയുമായുള്ള വിവാഹം, അതിന്റെ പശ്ചാത്തലങ്ങൾ നിഷ്പക്ഷമായി പഠിച്ചാൽ വിവാദങ്ങളുടെ പൊള്ളത്തരം ബോധ്യമാവും.
ഒരേസമയം 11 ഭാര്യമാരായിരുന്നു നബി(സ)ക്ക് ഉണ്ടായിരുന്നത്. രണ്ടുപേർ നബി(സ)യുടെ ജീവിത കാലത്തുതന്നെ മരണപ്പെട്ടിരുന്നു. അവരിൽ രണ്ടുപേർ ഒഴികെയുള്ളവരെല്ലാം വിവാഹ സമയത്ത് 36 നും 60 നും മധ്യേ പ്രായമുള്ളവരായിരുന്നു. നബി(സ) 25ാം വയസിൽ ആദ്യം വിവാഹം ചെയ്തിരുന്നത് 40 വയസുള്ള ഖദീജ ബീവിയെയായിരുന്നു. 25 വർഷം മറ്റൊരു വിവാഹത്തെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യാതെ അവരോടൊപ്പം സംതൃപ്ത ജീവിതം നയിച്ചു. ബഹുഭാര്യാത്വം ഒരു തെറ്റായി കാണാത്ത, സർവസാധാരണമായ കാലമായിരുന്നു അതെന്ന് ഓർക്കണം. ഖദീജ ബീവിയുടെ വഫാത്തിനുശേഷം നബി(സ) വിവാഹം ചെയ്തത് വിധവയായ സൗദ(റ)യെയാണ്. കാര്യമായ സൗന്ദര്യമോ തറവാടിത്തമോ ഇല്ലാത്ത സൗദ(റ)യെ വിവാഹം ചെയ്തതിൽ ശത്രുക്കൾ പോലും അത്ഭുതം പ്രകടിപ്പിച്ചിരുന്നു. നബി(സ)യുടെ 53 വയസ് മുതൽ 56 വരെയുള്ള കാലയളവിലാണ് മറ്റു വിവാഹങ്ങളെല്ലാം നടക്കുന്നത്. ഈ വിവാഹങ്ങൾക്ക് പിന്നിൽ പ്രധാനമായും നാല് ലക്ഷ്യങ്ങളാണുണ്ടായിരുന്നത്;
1. മതപരമായ നിയമനിർമാണം: സ്വന്തം ദത്ത് പുത്രനായിരുന്ന സൈദ്(റ) വിന്റെ ഭാര്യയായിരുന്ന സൈനബ് (റ)യെ വിവാഹമോചനത്തിനുശേഷം നബി(സ) വിവാഹം കഴിച്ചത് ഉദാഹരണം. ദത്തു പുത്രൻ സ്വന്തം മകനെപ്പോലെത്തന്നെയാണെന്ന തെറ്റിദ്ധാരണ മാറ്റാനും ആ മതനിയമം പഠിപ്പിക്കാനുമായിരുന്നു ഈ വിവാഹം.
2. സാമൂഹിക നന്മകൾ/ഇസ്‌ലാമിനും അതിന്റെ പ്രചാരണത്തിനും സഹായകമാകുന്ന ഘടകങ്ങൾ: നാല് ഖലീഫമാരുമായും കുടുംബ ബന്ധം സ്ഥാപിച്ചത് ഉദാഹരണം. അബൂബക്കർ(റ), ഉമർ(റ) എന്നിവരുടെ പുത്രിമാരെ നബി(സ) വിവാഹം ചെയ്തു. ഉസ്മാൻ(റ), അലി(റ) എന്നിവർക്ക് തന്റെ മക്കളെ വിവാഹം ചെയ്തു കൊടുത്തു.
3. രാഷ്ട്രീയലാഭങ്ങൾ: ശത്രുവാണെങ്കിലും വിവാഹബന്ധങ്ങൾ പരിപാവനമായി കണ്ട് ആദരിക്കുന്ന രീതി അറബികൾക്കിടയിലുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയാണ് നബി(സ) മറ്റ് ചില വിവാഹങ്ങൾ നടത്തിയത്. ഇസ്‌ലാമിന്റെ പ്രഖ്യാപിത ശത്രുവായിരുന്ന അബൂസുഫിയാൻ(റ)വിന്റെ മകൾ ഉമ്മു ഹബീബ എന്ന റംല (റ)യെ വിവാഹം ചെയ്തത് അദ്ദേഹത്തിൻ്റെ ശത്രുത കുറക്കാനും ഇസ്‌ലാം ആശ്ലേഷണത്തിനും കാരണമായി. യഹൂദി പ്രമുഖനായിരുന്ന ഹാരിസ്(റ)വിന്റെ പുത്രി ബരീറ എന്ന ജുവൈരിയ(റ)യെയും യഹൂദി ഗോത്രത്തിൽ നിന്ന് തന്നെയുള്ള സഫിയ്യ (റ)യെയും വിവാഹം ചെയ്തതിന് പിന്നിലും ഇതേ യുക്തി തന്നെയായിരുന്നു.
4. വൈജ്ഞാനിക നേട്ടങ്ങൾ: ആയിശ ബീവിയുമായുള്ള വിവാഹത്തിന് പിന്നിലെ അടിസ്ഥാനലക്ഷ്യം ഇതായിരുന്നു. സ്ത്രീകളുമായി ബന്ധപ്പെട്ട ഭൂരിഭാഗം മതനിയമങ്ങളും ലോകത്തിന് ലഭിച്ചത് ബീവി വഴിയാണ്. അവർ നിവേദനം ചെയ്ത 2210 ഹദീസുകളാണ് സ്ത്രീകളുമായി ബന്ധപ്പെട്ട ഇസ്‌ലാമിക നിയമങ്ങളുടെ അടിസ്ഥാനം. ഏറ്റവും ആധികാരികമായ ആറു ഹദീസ് ഗ്രന്ഥങ്ങളിലെ 25 ശതമാനത്തോളം ഹദീസുകൾ ആയിശ ബീവിയിൽനിന്ന് നിവേദനം ചെയ്യപ്പെട്ടതാണ്. ഏറ്റവും കൂടുതൽ ഹദീസുകൾ നിവേദനം ചെയ്ത അഞ്ചു പേരിലൊരാളാണ് അവർ. മറ്റു പത്‌നിമാരെല്ലാം കൂടി നിവേദനം ചെയ്ത ആകെ ഹദീസുകൾ 600 ന് താഴെയേ വരൂ. പ്രവാചകരുടെ ജീവിതത്തിൽ ആയിശയെപ്പോലെ ചെറുപ്പക്കാരിയും ബുദ്ധിമതിയുമായിരുന്ന ഭാര്യ ഇല്ലായിരുന്നെങ്കിൽ ഈ വൈജ്ഞാനിക പ്രസരണം നടക്കുമായിരുന്നില്ലെന്നർഥം.
നബി(സ)യുടെ വിവാഹങ്ങളെക്കുറിച്ച് അക്കാലത്തെ ശത്രുക്കൾ പോലും ആരോപണം ഉന്നയിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. അന്നത്തെ സാമൂഹിക സാഹചര്യങ്ങളും നബി(സ)യുടെ ഉദ്ദേശ്യശുദ്ധിയും അവർക്ക് അറിയാവുന്നതുകൊണ്ടായിരുന്നു അത്. ആയിശ ബീവിയുടേത് അപക്വമായ ശൈശവ വിവാഹമായിരുന്നെങ്കിൽ അതിൽ ആദ്യം എതിർപ്പ് പ്രകടിപ്പിക്കേണ്ടത് ബീവി തന്നെയായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, ഭാര്യമാർക്കെല്ലാം തന്നെ വിട്ടുപോകാനുള്ള സ്വാതന്ത്ര്യം നൽകിയപ്പോഴും ഞാൻ നബിയോടൊപ്പം തന്നെ നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ആദ്യം പറഞ്ഞത് ആയിശ ബീവിയാണ്.
നബി തിരുമേനി(സ) യുടെ പ്രിയ പത്‌നി ഖദീജ (റ) വിടപറഞ്ഞ ശേഷം ഖൗല ബിൻത് ഹകീം എന്ന കാര്യബോധമുള്ള വനിതയാണ് മറ്റൊരു വിവാഹാഭ്യർഥനയുമായി പ്രവാചകനെ സമീപിക്കുന്നത്. അങ്ങയ്ക്ക് സമ്മതമാണെങ്കിൽ അബൂബക്കർ(റ)ന്റെ മകൾ ആയിശയെ ഞാൻ അന്വേഷിക്കട്ടെ. നബി സമ്മതിച്ചു. ഖൗല(റ) അബൂബക്കർ(റനെയും അദ്ദേഹത്തിന്റെ ഭാര്യയേയും സമീപിച്ച് കാര്യങ്ങൾ സംസാരിക്കുന്നു. അവർക്ക് സമ്മതമായിരുന്നു. എന്നാൽ ആയിശയെ നേരത്തെ അവിശ്വാസി കൂടിയായ ജുബൈറുബ്‌നു മുത്ഇബ്‌നുൽ അദ്യ്യ് എന്നാളുമായി വിവാഹം പറഞ്ഞുവച്ചിരുന്നു. അതുകൊണ്ടുതന്നെ വാക്ക് പാലിക്കുന്നതിൽ കണിശക്കാരനായ അബൂബക്കർ(റ) മുത്ഇമിനോടും ഭാര്യയോടും അവരുടെ മകനും ആയിശയുമായുള്ള വിവാഹം പറഞ്ഞുവച്ചതിനെക്കുറിച്ച് ഇപ്പോഴത്തെ നിലപാട് തിരക്കി. ആയിശയുടെ കുടുംബം മുഹമ്മദ് നബി (സ) യുടെ മതവിശ്വാസികളായതിനാൽ അവർ ആ ബന്ധം ഒഴിയുന്നതായി പറഞ്ഞു. ഇക്കാര്യം അബൂബക്കർ(റ) ഉറപ്പുവരുത്തിയശേഷമാണ് നബി(സ)ക്ക് വിവാഹം ചെയ്തുകൊടുത്തത്. കാര്യബോധ്യത്തിൽ ഉന്നതനാണെന്ന് സത്യനിഷേധികൾ പോലും സമ്മതിക്കുന്ന അബൂബക്കർ(റ)ന് ആറു വയസുകാരിയെ വിവാഹം ചെയ്തുകൊടുക്കുന്നതിൽ വിമുഖതയില്ല, അദ്ദേഹത്തിന്റെ പത്‌നിക്കില്ല, പക്വമതിയും കുലീനയുമായ ഖൗലക്കില്ല (അവരാണല്ലോ ഇതിന് തുടക്കക്കാരി ), കുടുംബക്കാർക്കില്ല, നാട്ടുകാർക്കില്ല, നൂറ്റാണ്ടുകളോളം ആർക്കുമില്ല. വർഷങ്ങൾക്ക് ശേഷം വലിയ പണ്ഡിതയും വിവേകിയുമായ ആയിശ ബീവി ആ വിവാഹത്തിൽ അഭിമാനിക്കുകയാണുണ്ടായത്.
ആറാം നൂറ്റാണ്ടിൽ നിരാക്ഷേപം നടന്നിരുന്ന ഒരു സംവിധാനത്തെ 21ാം നൂറ്റാണ്ടിൽ വിമർശനവിധേയമാക്കുന്നവർക്ക് ആധുനികതയിൽ പോലും ഇന്ത്യയിൽ ബാലികാവിവാഹം നടക്കുന്നത്ചർച്ചയേ അല്ല.മഹാത്മാഗാന്ധി കസ്തൂർബ ഗാന്ധിയെ വിവാഹം കഴിക്കുമ്പോൾ രണ്ടുപേർക്കും പ്രായം 13 വയസ്. പ്രസിദ്ധ ഹിന്ദുമതാചാര്യൻ ശ്രീരാമകൃഷ്ണ പരമഹംസൻ തൻ്റെ ഇരുപത്തി മൂന്നാം വയസിൽ വെറും അഞ്ച് വയസ്സുകാരിയായ ശാരദ ദേവിയെ 1857ൽ വിവാഹം കഴിച്ചു. സ്വാമി വിവേകാനന്ദൻ ഇദ്ദേഹത്തിന്റെ ശിഷ്യനാണ്. മലയാള മനോരമയുടെ സ്ഥാപകൻ മാമ്മൻ മാപ്പിളയുടെ മകൻ കെ.എം മാത്യൂവിന്റെ 'എട്ടാം മോതിരം' വെളിപ്പെടുത്തുന്ന പ്രകാരം, മാമ്മൻ മാപ്പിള വിവാഹം ചെയ്തത് പത്തുവയസ്സുകാരിയെയായിരുന്നു. അവൾ പതിനൊന്നാം വയസ്സിൽ പ്രസവിക്കുകയും ചെയ്തു. കേരള രാഷ്ട്രീയത്തിലെ പ്രമുഖൻ എ.കെ ഗോപാലൻ എ.കെ.ജി തൻ്റെ രാഷ്ട്രീയ ഒളിവ് ജീവിതത്തിൽ താമസിച്ചിരുന്ന വീട്ടിലെ 12 വയസ്സുകാരിയോട് തോന്നിയ പ്രണയത്തെപ്പറ്റി ജീവിതകഥയിൽ വിവരിക്കുന്നുണ്ട്. ആധുനിക ഇന്ത്യയുടെ തന്നെ ശൈശവ വിവാഹപ്പട്ടിക നീണ്ടതാണ്. ലോകാന്വേഷണത്തിൽ വേറെയും.
ചിലത് കൂടി ചേർത്തുവായിക്കണം:
1. ആയിശ ബീവിയെ വിവാഹം ചെയ്തതിനാൽ നബി കൂടുതൽ മാതൃകയാവുകയാണ് ചെയ്തത്. കാരണം, അവരുടെ പ്രായത്തിൽ വിവാഹം നടന്നാൽ സംഭവിക്കുമായിരുന്നു എന്ന് ആധുനികത കരുതിയ ഒന്നും അവരുടെ ഇടയിൽ സംഭവിച്ചില്ല. മറിച്ച്, അവർ പൂർണസംതൃപ്തയും അഭിമാനിയുമായി തുടർന്നു.
2. വിമർശിക്കാൻ എല്ലാ അടവും പയറ്റിയ നബിയുടെ കാലത്തെ ശത്രുക്കളോ ഒാറിയന്റലിസ്റ്റുകൾ പോലുമോ പ്രായത്തിന്റെ വിഷയത്തിൽ നബിയെ അധിക്ഷേപിച്ചിട്ടില്ല. ലോകം മുഴുവനും പ്രസ്തുത വിവാഹങ്ങൾ അത്രയും നോർമലായിരുന്നു എന്നർഥം. പത്തൊമ്പതാം നൂറ്റാണ്ട് വരെ ആരും വിവാഹത്തിന്റെ പ്രായം പ്രശ്‌നമായി കണ്ടിട്ടില്ല.
3. നബി ആയിശ ബീവിയെ വിവാഹം ചെയ്ത പ്രായം സാർവലൗകിക നിയമമോ മതത്തിലെ അനിവാര്യതയോ അല്ല. വിവാഹം ചെയ്യണം എന്നത് മാത്രമാണ് മാതൃക. പ്രായം അതത് സംസ്‌കാരങ്ങൾക്ക് വിട്ടുതന്നിരിക്കുകയാണ്. നബി വിവാഹം ചെയ്ത ഒരേയൊരു കന്യകയാണ് ആയിശ(റ). ബാക്കിയുള്ള മുഴുവൻ ഭാര്യമാരും വിധവകളും യൗവനം കഴിഞ്ഞവരുമായിരുന്നു എന്നോർക്കുക.
4. ഞങ്ങൾ നിശ്ചയിച്ച വയസാണ് (18 ) ശരി, അന്നത്തെ വയസ് (9...) തെറ്റാണെന്ന് പറയാൻ വകുപ്പില്ല. മറിച്ച്, ഞങ്ങളുടെ സംസ്‌കാരത്തിൽ ഇങ്ങനെയാണുള്ളതാണെന്ന് പറയാനേ വകുപ്പുള്ളൂ. കാരണം, ഒന്ന് തെറ്റാണ് മറ്റേത് ശരിയാണെന്ന് പറയാൻ ഒരു പൊതുമാനദണ്ഡം വേണം. ഉദാ: ഇന്ത്യൻ രൂപ പാകിസ്താന്റെ കറൻസിയേക്കാൾ മേലെയാണ് എന്ന് വെറുതെയങ്ങ് പ്രഖ്യാപിച്ചാൽ അങ്ങനെയാവില്ല. മറിച്ച്, ഡോളറുമായുള്ള വിനിമയമൂല്യം നോക്കണം. അല്ലെങ്കിൽ, ലോകത്തെ മുഴുവൻ ജനവിഭാഗങ്ങളും സംസ്‌കാരങ്ങളും നാടുകളും ഇതാണ് വിവാഹത്തിന്റെ യഥാർഥപ്രായമെന്ന് പൊതുപ്രഖ്യാപനം. അത് സാധ്യമായിട്ടില്ല. ആവുകയുമില്ല. അമേരിക്കയിലെ സ്റ്റേറ്റുകളിൽ പോലും വ്യത്യസ്തമാണ്. ഓരോ സംസ്‌കാരത്തിലും പ്രായം വ്യത്യസ്തമാണെന്ന് അംഗീകരിക്കേണ്ടിവരും. അതിൽ ഏതാണ് കൂടുതൽ ഉചിതമെന്ന് നിർണയിക്കാൻ പൊതുമാനദണ്ഡം ഇല്ലാത്തതിനാൽ അതിന്റെ ശരിതെറ്റുകൾ അതത് സംസ്‌കാരങ്ങൾക്ക് വിടുകയും ചെയ്യേണ്ടിവരും. അതിനാൽ, ഇപ്പോൾ നടക്കുന്ന വിവാദം ആധുനികതയുടെ മണ്ടത്തരമാണ്.
5. വിവാഹപ്രായത്തിൽ കൂടുതൽ ഉത്കണ്ഠ നിലനിൽക്കുന്നത് വിദ്യാഭ്യാസം, ലൈംഗികപക്വത തുടങ്ങിയവയൊക്കെ മുൻനിർത്തിയാണ്. സ്‌കൂൾ, തുടർപഠനം, ഒടുവിൽ ജോലി, അതിനിടയിൽ വിവാഹം എന്നീ കരിയർഘടനയിലേക്ക് വിദ്യാഭ്യാസ പ്രക്രിയ മാറിയത് ആധുനിക ലോകക്രമത്തിലാണ്. എന്നാൽ, പൂർവാധുനിക ലോകത്ത് മുസ്‌ലിം സമൂഹങ്ങൾ ഓർമകളായിട്ടാണ് അറിവ് ശേഖരിച്ചതും കൈമാറിയതും. അതിന് പ്രായത്തെ ആശ്രയിക്കുന്ന ഘടനയുണ്ടായിരുന്നില്ല. അതിന്റെ ലക്ഷ്യം കരിയറുമായിരുന്നില്ല. അതിനാൽ, ആയിശ(റ) ജ്ഞാനിയായി മാറുന്നത് തന്റെ 'ശൈശവ' വിവാഹത്തോടെ നബിയുടെ ഭാര്യയായി മാറിയതിനു ശേഷമാണ്. അതാണ് ട്വിസ്റ്റ്, കല്യാണം കഴിഞ്ഞാൽ പിന്നെ എല്ലാം കുളമാകുമെന്ന് ആശങ്കപ്പെടുന്ന ആധുനിക ജീവിതഘടനയ്ക്ക് മനസ്സിലാവാത്ത ട്വിസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."