HOME
DETAILS
MAL
'ഭാവനാവിലാസമാകാം; പക്ഷേ, ഇത്ര ക്രൂരമാകേണ്ടിയിരുന്നില്ല' തന്നെക്കുറിച്ചുള്ള വാര്‍ത്ത തെറ്റെന്ന് മുന്‍ എം.എല്‍.എ
backup
June 07 2021 | 04:06 AM
സേതു ബങ്കളം
നീലേശ്വരം: 'ഞാന്‍ എന്നും എന്റെ പാര്‍ട്ടിയുടെ തണലിലാണ്. എന്റെ ചികിത്സയ്ക്കായി ആര്‍ക്കു മുന്നിലും കൈനീട്ടേണ്ട കാര്യമില്ല. തിരുവനന്തപുരം ശ്രീചിത്രയില്‍ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ചികിത്സയ്ക്കു വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും പാര്‍ട്ടിയും സര്‍ക്കാരും ഒരുക്കിയിട്ടുണ്ട്. എന്നിട്ടും ഞാന്‍ ചികിത്സയ്ക്കായി കൈനീട്ടുന്നുവെന്നും വിലപിക്കുന്നുവെന്നുമുള്ള പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതവും വസ്തുതയ്ക്ക് നിരക്കാത്തതുമാണ്. ഭാവനാവിലാസമാകാമെങ്കിലും ഇത്ര ക്രൂരത വേണ്ടിയിരുന്നില്ല'- മുന്‍ എം.എല്‍.എയും സി.പി.ഐ കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗവുമായ എം. നാരായണന്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു.
ഒരു മലയാള ദിനപത്രത്തിലാണ് (സുപ്രഭാതമല്ല) താന്‍ ചികിത്സ നടത്താന്‍ വകയില്ലാതെ ദുരിതത്തിലാണെന്ന കെട്ടിച്ചമച്ച വാര്‍ത്ത വന്നതെന്നും ഇത് തന്നോട് കാണിച്ച ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടുതവണ എം.എല്‍.എയായ തന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇതിനുള്ള നടപടിക്രമങ്ങളെല്ലാം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എം.പിയുമായ ബിനോയ് വിശ്വം താന്‍ ചികിത്സയ്ക്ക് ചെല്ലുന്ന കാര്യം ശ്രീചിത്രയിലെ ഡോക്ടറെ അറിയിച്ചിട്ടുണ്ട്. അഡ്വാന്‍സ് റീ ഇംപേഴ്മന്റിന് സ്പീക്കര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കുകയും ചെയ്തു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സംസാരിച്ചപ്പോള്‍ ചികിത്സാ തുക അഡ്വാന്‍സായി നല്‍കാന്‍ നടപടിയെടുക്കാമെന്നും അറിയിച്ചതാണ്. എന്നിട്ടും താന്‍ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നുവെന്ന് വാര്‍ത്ത പടച്ചുവിട്ടത് തന്നെയും പാര്‍ട്ടിയെയും അവഹേളിക്കാനാണ്.
വാര്‍ത്ത നല്‍കിയ പത്രത്തിന്റെ ലേഖകന്‍ സുഖവിവരങ്ങളന്വേഷിച്ചപ്പോള്‍ ചികിത്സാ കാര്യവും പറഞ്ഞിരുന്നു. ശ്രീചിത്രയില്‍ അതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പറഞ്ഞിരുന്നു. എന്നാല്‍ താന്‍ പറയുകപോലും ചെയ്യാത്ത കാര്യങ്ങള്‍ ഭാവനയില്‍ സൃഷ്ടിച്ച് വാര്‍ത്തയാക്കുകയായിരുന്നു. തനിക്ക് വിവിധ കോണുകളില്‍നിന്ന് സഹായവാഗ്ദാനം വന്നിട്ടുണ്ട്. അവ സ്‌നേഹപൂര്‍വം നിരസിക്കുകയായിരുന്നെന്നും നാരായണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."