ഗോളിലാറാടി ബെൽജിയം വെയിൽസിന് തോൽവി
ബ്രസൽസ്
യുഫേഫ നേഷൻസ് ലീഗിൽ പോളണ്ടിനു എതിരേ വൻ ജയവുമായി ബെൽജിയം. ഒന്നിനെതിരേ ആറു ഗോളുകൾക്കാണ് ബെൽജിയം പോളണ്ടിനെ തകർത്തത്. തുടക്കം മുതൽ ആധിപത്യം പുലർത്തിയ ബെൽജിയം അർഹിച്ച ജയമായിരുന്നു നേടിയത്. 28ാം മിനുട്ടിൽ റോബർട്ട് ലെവൻഡോസ്‌കിയുടെ ഗോളിൽ പോളണ്ടാണ് മത്സരത്തിൽ മുന്നിലെത്തിയത്. എന്നാൽ 42ാം മിനുട്ടിൽ അലക്‌സ് വിറ്റ്‌സലിലൂടെ ബെൽജിയം ഒപ്പമെത്തി. രണ്ടാം പകുതിയിൽ ബെൽജിയം സമഗ്ര ആധിപത്യമാണ് നേടിയത്. 59ാം മിനുട്ടിൽ ഏദൻ ഹസാർഡിന്റെ പാസിൽ നിന്നു കെവിൻ ഡിബ്രുയിന ബെൽജിയത്തെ മുന്നിലെത്തിച്ചു. 66ാം മിനുട്ടിൽ ഹസാർഡിനു പകരക്കാരനായി എത്തിയ ലിയാൻഡ്രോ ട്രോസാർഡിന്റെ ഊഴമായിരുന്നു. 73ാം മിനുട്ടിൽ മിച്ചി ബാത്ഷ്യായുടെ പാസിൽ നിന്നാണ് ട്രോസാർഡ് ആദ്യ ഗോൾ നേടിയത്. 80ാം മിനുട്ടിൽ യാനിക് കരാസ്‌കോയുടെ കോർണറിൽ നിന്ന് ട്രോസാർഡ് രണ്ടാം ഗോളും നേടി. മൂന്നു മിനുട്ടിനുള്ളിൽ ബെൽജിയം അഞ്ചാം ഗോളും നേടി. ലിയാണ്ടർ ഡെൻന്റോക്കർ ആണ് അവരുടെ അഞ്ചാം ഗോൾ നേടിയത്.
93 ാം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ലോയിസ് ഒപെന്റാണ് ബെൽജിയത്തിന്റെ ഗോൾ വേട്ട പൂർത്തിയാക്കിയത്. മറ്റൊരു മത്സരത്തിൽ ലോകകപ്പിന് യോഗ്യത സ്വന്തമാക്കിയ വെയിൽസിനെ ഹോളണ്ട് പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഡച്ച് പട വെയിൽസിനെ തകർത്തത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 50ാം മിനുട്ടിൽ ഹോളണ്ടാണ് മത്സരത്തിൽ മുന്നിലെത്തിയത്. ടുയെൻ കൂപ്‌മൈനേഴ്‌സാണ് ഹോളണ്ടിന്റെ ആദ്യ ഗോൾ നേടിയത്. എന്നാൽ 92ാം മിനുട്ടിൽ റയ്‌സ് ഡേവിസ് വെയിൽസിനെ ഒപ്പമെത്തിച്ചെങ്കിലും 94ാം മിനുട്ടിൽ വോട്ട് വെയോർട്ടിന്റെ ഗോളിൽ ഹോളണ്ട് മുന്നിലെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."