സീറ്റ് തട്ടിപ്പ്; കാരക്കോണം മെഡി. കോളജ് അധികൃതർക്കെതിരേ ഒരു കേസ് കൂടി
തിരുവനന്തപുരം
കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളജ് സീറ്റ് തട്ടിപ്പ് കേസിൽ വെള്ളറട പൊലിസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു.
ഹൈക്കോടതി നിർദേശ പ്രകാരം കാരക്കോണം മെഡിക്കൽ കോളജ് ഡയരക്ടർ ബെന്നറ്റ് എബ്രഹാം തങ്കരാജ്, ഷിജി എന്നിവർക്കെതിരേയാണ് കേസ്. 2018ൽ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം രൂപ വാങ്ങിയ ശേഷം സീറ്റ് നിഷേധിച്ചുവെന്നും പണം നൽകിയില്ലെന്നുമുള്ള പുതിയ പരാതിയിലാണ് കേസെടുത്തത്.
കാരക്കോണം മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട് ഹൈക്കോടതി കഴിഞ്ഞ ഫെബ്രുവരിയിൽ റദ്ദാക്കിയിരുന്നു.
ഉന്നതർ ഉൾപ്പെട്ട കേസിൽ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് അപൂർണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തള്ളിയത്. വിശദമായി അന്വേഷണം നടത്തി ആറ് മാസത്തിനകം അന്തിമ റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചിരുന്നു.
കാരക്കോണം മെഡിക്കൽ കോളജ് ഡയരക്ടർ ഡോ.ബെന്നറ്റ് എബ്രഹാം, സി.എസ്.ഐ സഭ മോഡറേറ്റർ ബിഷപ്പ് ധർമരാജ് റസാലം തുടങ്ങി കേസിൽ ഉൾപ്പെട്ട വമ്പൻമാർക്ക് ക്ലീൻ ചീറ്റ് നൽകിയ റിപ്പോർട്ടാണ് ഹൈക്കോടതി തള്ളിയത്. പണം കൈപ്പറ്റി വഞ്ചിക്കൽ തുടങ്ങി അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പടെ ചുമത്തിയായിരുന്നു കേസ്.
എന്നാൽ കേസ് അന്വേഷണം തിരക്കിട്ട് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയപ്പോൾ പലതും അവ്യക്തമായി തുടരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
കോടികൾ വകമാറ്റി ചെലവഴിച്ച കേസിൽ യഥാർഥ പ്രതികളെ വ്യക്തമാക്കാതെ ക്രൈം ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ട് അപൂർണമാണെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."