സെന്റ് ജെമ്മാസിലെ പീഡനം 'പൊലിസ് മൊഴി രേഖപ്പെടുത്തി; പിന്നെ അന്വേഷിച്ചില്ല!' ജാമ്യത്തിൽ ആശങ്കയെന്ന് പരാതിക്കാർ
സ്വന്തം ലേഖകൻ
മലപ്പുറം
മലപ്പുറം സെന്റ് ജെമ്മാസ് സ്കൂളിലെ മുൻ അധ്യാപകനും സി.പി.എം നേതാവും മലപ്പുറം നഗരസഭാംഗവുമായിരുന്ന കെ.വി ശശികുമാറിന് ലൈംഗിക ചൂഷണക്കേസിൽ ജാമ്യം ലഭിച്ചതിൽ ആശങ്ക പ്രകടിപ്പിച്ച് പരാതിക്കാർ. ചൂഷണത്തിന് ഇരകളായവരടക്കം നിരവധി പേരുടെ മൊഴികൾ ഇയാൾക്കെതിരേ നിലനിൽക്കേയാണ് കഴിഞ്ഞ ദിവസം പ്രതി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നത്.
രണ്ടു പോക്സോ കേസുകളടക്കം ആറു കേസുകളിലാണ് മഞ്ചേരി കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യമെങ്കിലും, രാഷ്ട്രീയ സ്വാധീനമുള്ള പ്രതി പുറത്തിറങ്ങുന്നത് കേസിനെ ബാധിക്കുമെന്നാണ് ആശങ്ക. ഇയാൾക്കെതിരേ പൂർവ വിദ്യാർഥികൾ കൂട്ടത്തോടെ പരാതി നൽകിയിരുന്നു. ചൂഷണത്തിനു വിധേയരായവരും അതുമായി ബന്ധപ്പെട്ട് അറിവുള്ളവരുമായ 30ലേറെ പേർ മൊഴി നൽകിയെങ്കിലും ഇതിൽ പൊലിസ് അന്വേഷണം നടത്തിയിട്ടില്ല. മൊഴി നൽകിയവരെ പൊലിസ് ബന്ധപ്പെടുകയോ വിശദാംശങ്ങൾ ചോദിക്കുകയോ ഉണ്ടായിട്ടില്ല. 60 വിദ്യാർഥികളായിരുന്നു മാസ് പെറ്റീഷൻ നൽകിയത്. ഇതിൽ മുപ്പതിലേറെ പേർ മൊഴി നൽകുകയും ചെയ്തിരുന്നു.
മാസ് പെറ്റീഷനിൽ പലരും പേരെഴുതുക മാത്രമാണ് ചെയ്തതെന്നും ഒപ്പിടുകയോ ബന്ധപ്പെടാനുള്ള നമ്പറെഴുതുകയോ ചെയ്തില്ലെന്നുമാണ് പൊലിസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.
അതിനിടെ മൊഴി നൽകിയ 30ലേറെ പേർ വനിതാ കമ്മിഷന്റെ സിറ്റിങ്ങിൽ പങ്കെടുത്തതാണെന്നും പൊലിസും ഇവരുടെ മൊഴിയെടുത്തതാണെന്നും പൂർവവിദ്യാർഥിയും അഭിഭാഷകയുമായ അഡ്വ. ബീന പിള്ള പറഞ്ഞു.
എന്നിട്ടും പരാതിക്കാരെ ബന്ധപ്പെടാനാകുന്നില്ലെന്ന പൊലിസിന്റെ വിശദീകരണത്തിൽ ആശങ്കയുണ്ടെന്നും അവർ പറയുന്നു. ഏറെ ഗൗരവമുള്ള ഈ പരാതികൾ നിലനിൽക്കേ രണ്ടു പോക്സോ കേസുകളിൽ അന്വേഷണം പൂർത്തിയായിട്ടുണ്ടെന്ന നിലപാടാണ് കോടതിയിൽ പൊലിസ് സ്വീകരിച്ചത്. ഇതോടെയാണ് പ്രതിക്ക് ജാമ്യം ലഭിച്ചതെന്നതും വ്യക്തമാണ്.
അതേസമയം, കെ.വി ശശികുമാറിനെതിരേ കൂടുതൽ വിദ്യാർഥിനികൾ ഇന്നോ അടുത്ത ദിവസങ്ങളിലോ പരാതി നൽകുമെന്നാണ് വിവരം.
ഇന്നലെ പരാതി നൽകുമെന്നാണ് പൂർവവിദ്യാർഥിനികൾ അറിയിച്ചിരുന്നതെങ്കിലും പിന്നീട് തിയതി മാറ്റുകയായിരുന്നു. ശശി കുമാറിന് ജാമ്യം ലഭിച്ചതിൽ അനാസ്ഥയുണ്ടെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."