സുപ്രിംകോടതിയില്‍ നിന്ന് വിരട്ടല്‍, കേരളമടക്കം 11 ബി.ജെ.പിയിതര സംസ്ഥാനങ്ങള്‍ ഒന്നിച്ചെതിര്‍ത്തു; കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം മാറുന്നതിങ്ങനെ
ന്യൂഡല്‍ഹി: വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തി രാജ്യത്തെ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം സമ്മര്‍ദത്തിനൊടുവില്‍. രാജ്യം ഇതുവരെ പിന്തുടര്‍ന്നിരുന്ന യൂനിവേഴ്‌സല്‍ വാക്‌സിനേഷന്‍ നടപ്പിലാക്കുന്നതിനു പകരം, 25 ശതമാനം സംസ്ഥാനം സ്വന്തം നിലയ്ക്ക് വാങ്ങണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നയം. ഇതിനെതിരെ കേരളമടക്കമുള്ള ബി.ജെ.പിയിതര 11 സംസ്ഥാനങ്ങള്‍ ഒന്നിച്ച് എതിര്‍പ്പുന്നയിച്ചു.
കൂടാതെ, ഈ വിഷയത്തില്‍ സുപ്രിം കോടതിയില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന് വലിയ തിരിച്ചടി നേരിട്ടിരുന്നു. വാക്‌സിന് എന്തിനാണ് രണ്ട് വില നിശ്ചയിക്കുന്നതെന്ന് സുപ്രിം കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. വാക്‌സിനുകള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വരൂപിച്ച് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാത്തതെന്തുകൊണ്ടെന്നും കോടതി ചോദ്യമുയര്‍ത്തി. ദേശീയ പ്രതിരോധ കുത്തിവയ്പ്പ് നയം പിന്തുടരാത്തതെന്തുകൊണ്ടെന്നും കോടതി വിമര്‍ശിച്ചു.
സര്‍ക്കാര്‍ സഹകരണത്തോടെ നിര്‍മിക്കുന്ന വാക്‌സിന്‍ പൊതുമുതലെന്ന് കോടതി ചൂണ്ടിക്കാട്ടി. കമ്പനികളെ എന്തിനാണ് സ്വതന്ത്രരായി വിട്ടിരിക്കുന്നത്. ഇത് സംസ്ഥാനങ്ങള്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കുമെന്നും കോടതി വ്യക്തമാക്കി. വാക്‌സിന് കൈപറ്റുന്നത് കേന്ദ്രമായാലും സംസ്ഥാനമായായലും എന്താണ് വ്യത്യാസമെന്നും കോടതി ചോദ്യമുന്നയിച്ചു. കൂടുതല്‍ പ്രത്യാഘാതം ഉണ്ടാകുന്നതിനു മുന്‍പേ മോദി നയം മാറ്റം പ്രഖ്യാപിക്കുകയായിരുന്നു.
സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷന്‍ തുടരും
സ്വകാര്യ ആശുപത്രികളില്‍ നല്‍കിവരുന്ന വാക്‌സിനേഷന്‍ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. 75 ശതമാനം വാക്‌സിനുകളാണ് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് വാങ്ങി സൗജന്യമായി വിതരണം ചെയ്യുക. 25 ശതമാനം വാക്‌സിനുകള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങി ഉപയോഗിക്കാം.
എന്നാല്‍ ഡോസിന്റെ വിലയ്ക്ക് പുറമെ 150 രൂപ മാത്രമേ സര്‍വീസ് ചാര്‍ജ്ജായി ഈടാക്കാനാവൂയെന്നും മോദി പറഞ്ഞു.
വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേന്ദ്രം നേരിട്ട് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വൈകിട്ട് അഞ്ചു മണിക്ക് നടത്തിയ അഭിസംബോധനയിലാണ് മോദിയുടെ പ്രഖ്യാപനം.
18 വയസിനു മുകളിലുള്ളവര്‍ക്ക് ജൂണ്‍ 21 മുതല്‍ സൗജന്യ വാക്‌സിന്‍ നല്‍കിത്തുടങ്ങും. നേരത്തെ വാക്‌സിനേഷന്റെ 50 ശതമാനം കേന്ദ്ര സര്‍ക്കാരാണ് നല്‍കിയിരുന്നത്. സംസ്ഥാനം ഏറ്റെടുത്തിരുന്ന 25 ശതമാനം കൂടി കേന്ദ്രം തന്നെ സൗജന്യമായി നല്‍കും. ബാക്കി വരുന്ന 25 ശതമാനം സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്ന് എടുക്കേണ്ടവര്‍ക്കായി വിട്ടുനല്‍കും. എന്നാല്‍ ഇവിടങ്ങളില്‍സേവന നിരക്കായി 150 രൂപ മാത്രമേ ഈടാക്കാനാവൂയെന്നും പ്രധാനമന്ത്രി പറഞ്ഞു.
'ഇത് നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തം'
ഇക്കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് കൊവിഡെന്നും ആധുനിക ലോകം ഇത്തരമൊന്ന് കണ്ടിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ രാജ്യം ഈ മഹമാരിക്കിതിരെ വിവിധ തലങ്ങളില്‍ പോരാടിയെന്നും മോദി പറഞ്ഞു.
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യം മുന്‍പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചുവെന്നും മോദി പറഞ്ഞു. ഒന്നര വര്‍ഷത്തിനുള്ളിലാണ് കൊവിഡ് ആശുപത്രികളും വെന്റിലേറ്റര്‍ ബെഡുകളും ടെസ്റ്റിങ് ലാബുകളും സജ്ജമാക്കിയത്.
നമ്മള്‍ക്ക് സ്വന്തമായി വാക്‌സിന്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ സ്ഥിതി എന്താവുമായിരുന്നുവെന്ന് ആലോചിച്ചിട്ടുണ്ടോയെന്ന് മോദി ചോദിച്ചു. കഴിഞ്ഞ 5060 വര്‍ഷക്കാലത്തെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ വിദേശത്തുനിന്ന് വാക്‌സിന്‍ സ്വീകരിക്കാന്‍ ഇന്ത്യ പതിറ്റാണ്ടുകളെടുത്തിരുന്നുവെന്ന് കാണാം. ആവശ്യം കൂടുതലാണെങ്കിലും കുറഞ്ഞ വാക്‌സിന്‍ നിര്‍മാതാക്കള്‍ മാത്രമാണ് ലോകത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് രണ്ട് വാക്‌സിനുകള്‍ നിര്‍മിച്ചു. ഇതുവരെ 23 കോടി പേര്‍ക്ക് വാക്‌സിനേഷന്‍ കഴിഞ്ഞുവെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."