മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ക്ക് രഹസ്യ സ്വഭാവം ആവശ്യമില്ല മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ശരിയല്ല: ചെന്നിത്തല
കോട്ടയം : അസുഖകരമായ ചോദ്യങ്ങളുണ്ടാകുമെന്ന കാരണത്താല്‍ രാഷ്ട്രീയ നേതാക്കള്‍ മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത് ശരിയായ രീതിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണകൂടങ്ങളെയും രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വങ്ങളെയും തിരുത്തുകയെന്ന ജോലിയാണ് മാധ്യമപ്രവര്‍ത്തകരുടേത്. ജോലിയുടെ ഭാഗമായി ഉന്നയിക്കുന്ന വിമര്‍ശനങ്ങളെയും ചോദ്യങ്ങളെയും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള സീനിയര്‍ ജേണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവരാവകാശ നിയമം നിലവില്‍വന്നതോടെ മന്ത്രിസഭാ യോഗങ്ങള്‍ക്കു പോലും രഹസ്യ സ്വഭാവമുണ്ടാകാന്‍ പാടില്ലായെന്നുണ്ട്. യോഗ നടപടികളില്‍ 90 ശതമാനവും ജനങ്ങളറിയേണ്ട കാര്യങ്ങളാണ്. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ക്ക് രഹസ്യ സ്വഭാവം വേണമോയെന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. സംസ്ഥാനത്തെ പത്രപ്രവര്‍ത്തക പെന്‍ഷന്‍ 12,000 രൂപയാക്കണമെന്നും വിരമിച്ച പത്രപ്രവര്‍ത്തകര്‍ക്ക് ആരോഗ്യരക്ഷാ പദ്ധതി നടപ്പാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും നിവേദനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. സീനിയര്‍ ജേണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റ് നടുവട്ടം സത്യശീലന്‍ അധ്യക്ഷനായി.
ആന്റോ ആന്റണി എം.പി, കോട്ടയം നഗരസഭാധ്യക്ഷ ഡോ.പി.ആര്‍ സോന, എ.ഐ.ബി.ഇ.എ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി അനിയന്‍ മാത്യു, കോട്ടയം പ്രസ് ക്ലബ് സെക്രട്ടറി ഷാലു മാത്യു , ജനറല്‍ സെക്രട്ടറി എ. മാധവന്‍ സംസാരിച്ചു.
നവജീവന്‍ ട്രസ്റ്റ് സാരഥി പി.യു തോമസ്, നോവലിസ്റ്റ് ജോയ്‌സി, പുതുജീവന്‍ ട്രസ്റ്റ് സാരഥി വി.സി ജോസഫ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."