സഹകരണ ബാങ്കുകളിലെ അനധികൃത നിയമനം സഹകരണവകുപ്പ് നടപടി തുടങ്ങി
അനധികൃത നിയമനം നേടിയവരെ പിരിച്ചുവിടാന്‍ ഉത്തരവ്
തൊടുപുഴ: സഹകരണ ബാങ്കുകളിലെ അനധികൃത നിയമനങ്ങള്‍ തടയുന്നത് സംബന്ധിച്ച് നടപടി തുടങ്ങി. ജില്ലാ സഹകരണ ബാങ്കുകളിലാണ് നടപടിക്ക് തുടക്കമിട്ടിരിക്കുന്നത്. വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി നിയമിക്കപ്പെട്ടവരെ അടിയന്തരമായി പിരിച്ചുവിടണമെന്ന് കാണിച്ച് സഹകരണസംഘം രജിസ്ട്രാര്‍ എസ്. ലളിതാംബിക ഉത്തരവ് പുറപ്പെടുവിച്ചു. സഹകരണ ബാങ്കുകളിലെ അനധികൃത നിയമനങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ ജൂലൈ 18ന് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടിക്ക് തുടക്കമിട്ടിരിക്കുന്നത്. ബാങ്കുകളിലെ അനധികൃത നിയമനങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട ശേഷം പ്രാഥമിക സഹകരണ സംഘങ്ങളിലെ നിയമനങ്ങളില്‍ പിടിമുറുക്കാനാണ് തീരുമാനം.
മുന്‍കൂട്ടിയുള്ള അനുവാദമില്ലാതെ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനോ നിയമനങ്ങള്‍ നടത്തുന്നതിനോ സംഘങ്ങള്‍ക്ക് അധികാരമില്ല. ഇപ്രകാരമുള്ള നടപടികള്‍ നിയമവിരുദ്ധമാണ്. നിയമവിരുദ്ധമായി സംഘങ്ങളില്‍ നിയമനം നടത്തിയിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കണമെന്നും ഇത്തരക്കാരെ പിരിച്ചുവിടണമെന്നും ജില്ലാ ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്ക് രജിസ്ട്രാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ സഹകരണ ബാങ്കുകളില്‍ പ്യൂണ്‍ മുതല്‍ ജനറല്‍ മാനേജര്‍ വരെയുള്ള തസ്തികകളിലെ നിയമനങ്ങള്‍ പി.എസ്.സി മുഖേന നേരിട്ടും പാര്‍ട്ട് - ടൈം സ്വീപ്പര്‍ നിയമനം ഭരണസമിതികള്‍ക്കും നടത്താവുന്നതാണ്. പി.എസ്.സി നിയമനം നടത്തേണ്ട തസ്തികകളില്‍ ഒരു കാരണവശാലും മറ്റുരീതികളില്‍ നിയമനം നടത്തരുതെന്ന് ഉത്തരവില്‍ പറയുന്നു. പ്രാഥമിക സഹകരണ സംഘങ്ങളില്‍ അനധികൃത സ്ഥാനക്കയറ്റവും നിയമനവും വ്യാപകമാണ്. സംഘം ഭരണസമിതിക്ക് നേരിട്ട് നിയമനം നടത്താവുന്ന പ്യൂണ്‍, അറ്റന്‍ഡര്‍, നൈറ്റ് വാച്ച്മാന്‍ തസ്തികകളില്‍ നിയമനം നടത്തി സ്ഥാനക്കയറ്റം നല്‍കുകയാണ് ചെയ്യുന്നത്. ഈ ഇടപാടില്‍ ഭരണസമിതി ലക്ഷങ്ങളാണ് തട്ടിയെടുക്കുന്നത്.
അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ നേടിയ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചാണ് പലരും സ്ഥാനക്കയറ്റം നേടുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മപരിശോധന നടത്താനുള്ള സംവിധാനമൊന്നും നിലവിലില്ല. പത്താം ക്ലാസ് യോഗ്യതയുള്ളവരെ ജെ.ഡി.സി കോഴ്‌സിന് വിടുകയും പിന്നീട് ഏറ്റവും ഉയര്‍ന്ന തസ്തിക നല്‍കുകയും ചെയ്യുന്നു.
ഇങ്ങനെ ചീഫ് എക്‌സിക്യൂട്ടീവ് തസ്തികയിലെത്തുന്ന ഇവര്‍ സഹകരണ വകുപ്പ് സെക്രട്ടറിയേക്കാള്‍ ശമ്പളം പറ്റുന്ന അവസ്ഥയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."